
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥികളെ മാർച്ച് 10 നുള്ളിൽ പ്രഖ്യാപിച്ചേക്കും. ഘടകകക്ഷികളെ പിണക്കാതെ സീറ്റുവിഭജനം പൂർത്തിയാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. സീറ്റ് വിഭജന കാര്യത്തിൽ സിപിഐഎം കൂടുതൽ വിട്ടുവീഴ്ച ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
സ്ഥാനാർഥികളെ നിർദ്ദേശിക്കാനുള്ള ജില്ലാ കമ്മിറ്റി യോഗങ്ങൾ മാർച്ച് ഒന്നു മുതൽ കൂടും. മാർച്ച് നാല്, അഞ്ച് തീയതികളിൽ സംസ്ഥാനസമിതി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
ഇടതു മുന്നണിയിലെ സീറ്റ് വിഭജനത്തിനുള്ള ആദ്യഘട്ട ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായി. രണ്ടാംഘട്ട ചർച്ചകൾ ഉടൻ തന്നെ തുടങ്ങും. മുന്നണിയിലെ പ്രമുഖ കക്ഷികളായ സിപിഐഎമ്മും സിപിഐയും തമ്മിൽ ധാരണയായാൽ തന്നെ സീറ്റുകളിൽ സിംഹ ഭാഗത്തിന്റെയും ധാരണ ആകും.
മാണി സി കാപ്പൻ മുന്നണി വിട്ടതോടെ പാലാ സംബന്ധിച്ച് തർക്കങ്ങൾക്ക് വിരാമമായി. പുതിയ കക്ഷികൾ മുന്നണിയിൽ എത്തിയ പശ്ചാത്തലത്തിൽ ഘടകകക്ഷികൾ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. മാതൃകയായി സിപിഐഎം തന്നെ ഇതിന്റെ സാഹചര്യമൊരുക്കി.
മുന്നണി വിപുലപ്പെടുത്തിയതും തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയവുമാണ് എൽഡിഎഫിന് ആത്മവിശ്വാസം പകരുന്നത്. ശബരിമല ഉയർത്തിക്കൊണ്ടുവരാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നുണ്ടെങ്കിലും അത് തെരഞ്ഞെടുപ്പ് വിഷയമാകില്ലെന്നാണ് സിപിഐഎം കരുതുന്നത്.
പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ തന്നെയാണ് എൽഡിഎഫ് പ്രചാരണത്തിന് മുൻപിൽ നിൽക്കുക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുശേഷം എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത് ഇതുതന്നെ. വികസന നേട്ടങ്ങളിൽ ഊന്നിയുള്ള പോസിറ്റീവ് ക്യാമ്പയിൻ ആണ് ഇത്തവണ എൽഡിഎഫ് നടത്തുക.
സോഷ്യൽ മീഡിയ രംഗത്തും കാര്യമായ ഇടപെടൽ പാർട്ടി നടത്തുന്നുണ്ട്. സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പോസ്റ്ററുകളും പോസ്റ്റുകളും ഒക്കെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുകഴിഞ്ഞു.
ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണൽ. കോവിഡ് പശ്ചാത്തലത്തിൽ കർശനമായ സന്നാഹങ്ങളോടെ ആണ് വോട്ടെടുപ്പ് നടക്കുക.