
2020ല്‍ മലയാള സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു സച്ചി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും. ചിത്രം സാമ്പത്തികമായി വലിയ വിജയമാവുകയും നിരൂപക പ്രീതി സമ്പാദിക്കുകയും ചെയ്തു. അയ്യപ്പന് നായരായി ബിജുമേനോനും കോശി കുര്യനായി പൃഥ്വിരാജ് സുകുമാരനും ആണ് ചിത്രത്തില്‍ വേഷമിട്ടത്.
രണ്ടു മനുഷ്യര്‍ക്കിടയില്‍ ഉണ്ടാവുന്ന ഒരു നിയമ പ്രശ്നവും അതിനെ ചുറ്റിപ്പറ്റി പിന്നീട് ഇരുവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഇതിവൃത്തം. അട്ടപ്പാടി കഥാപരിസരമായി വരുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നിരവധി സാമൂഹിക പ്രശ്നങ്ങളും പറയാതെ പറയാന്‍ ശ്രമിച്ചിട്ടുണ്ട് സംവിധായകന്.
ചിത്രത്തിന്റെ റൈറ്റ്സ് പല ഭാഷകളിലേക്കും വിറ്റ് പോയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റിമേക്ക് എത്തുകയാണ്. ചിത്രത്തില്‍ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ബോളിവുഡില്‍ ജോണ്‍ എബ്രാഹിമിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ജെ.എ എന്റര്‍ടെയ്ന്‍മെന്‍സ് ആണ് ചിത്രം പുറത്തെത്തിക്കുന്നത്.
കഥയ്ക്കും ആക്ഷനും തുല്യപ്രാധാന്യമുള്ള ചിത്രമാണ് അയ്യപ്പനും കോശിയുമെന്നും ഇത്തരം നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ജെ.എ. എന്റര്ടെയ്ന്മെന്റിന്റെ ശ്രമമെന്നും ജോണ്‍ അബ്രഹാം ഒരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദി റീമേക്കിലൂടെ ഒരു മികച്ച സിനിമ തന്നെ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ജോണ്‍ എബ്രഹാം നിലവില്‍ പത്താന്, ഏക് വില്ലന്‍ 2 എന്നീ ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . ജൂലൈ മാസത്തോടെ പത്താന് പൂര്‍ത്തിയാക്കി അയ്യപ്പനും കോശിയും റീമേക്കിന്റെ ഭാഗമാകുമെന്നാണ് പുറത്തുവരുന്ന വിവരം.
അഭിഷേക് ബച്ചന് നിലവില്‍ ദസ്വി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ജൂണ്‍ മാസത്തോടെ അദ്ദേഹവും സിനിമയുടെ ഭാഗമാകും. അതേസമയം, ഇവരില്‍ ആരാകും അയ്യപ്പന് നായരെന്നും കോശിയെന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അത് ആരെന്ന് അരിയാനുളള ആകാംഷയിലാണ് ആരാധകര്‍.
അതേസമയം, ചിത്രത്തിന്റെ തെലുഗു റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന് കല്യാണും റാണ ദഗുബട്ടിയുമാണ്. തെലുഗു റിമേക്കില്‍ പവന് കല്യാണ്‍ അയ്യപ്പന് നായരായും റാണ ദഗുബട്ടി കോശി കുര്യനായും വേഷമിടുന്നു. സാഗര്‍ കെ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.