
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി അറേബ്യൻ പൗരൻമാർക്ക് നിയന്ത്രണം കൊണ്ടുവന്ന് അമേരിക്ക. 2018 ലാണ് ജമാൽ ഖഷോഗി കൊല്ലപ്പെടുന്നത്.
ഉപരോധവും വിസ നിയന്ത്രണവുമാണ് ഏർപ്പെടുത്തുക. ഡൊണാൾഡ് ട്രംപിന്റെ കാലത്തുള്ള നയങ്ങളിൽ നിന്നുള്ള മാറി നടക്കൽ കൂടിയാണിത്. മധ്യപൗരസ്ത്യ ദേശത്തെ രാജ്യങ്ങളുമായുള്ള സൗഹൃദം വിടാതെ തന്നെ സൗദി അറേബ്യയുടെ മനുഷ്യാവകാശ ലംഘന നിലപാടുകൾക്കെതിരെ കൃത്യമായി മറുപടി കൊടുക്കുക എന്നതാണ് അമേരിക്കയുടെ ഉദ്ദേശം എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നു.
സൗദി രാജകുമാരനെതിരെ നിരന്തരം വിമർശനമുന്നയിച്ച് വാഷിംഗ്ടൺ പോസ്റ്റിൽ ലേഖനമെഴുതിയിരുന്നു ജമാൽ ഖഷോഗി. 2018 ഒക്ടോബർ രണ്ടിന് ഇസ്താംബൂളിലെ സൗദി എംബസിയിൽ വച്ചാണ് 59 കാരനായ മാധ്യമപ്രവർത്തകനെ കാണാതാവുന്നത്.
” ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ അതിന് ഉത്തരവാദികൾ ആണ് ” അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് യെലൻ പറഞ്ഞു. ഭാവിയിലെ അമേരിക്ക- സൗദി അറേബ്യ ബന്ധം എങ്ങനെ ആകുമെന്നതിന്റെ സൂചന കൂടിയാണ് ഇപ്പോഴത്തെ നിലപാട് എന്നാണ് പ്രസിഡന്റ് ബൈഡനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.