LIFEOpinion

‘നിനക്കു താഴെയുണ്ടു ദാരമെൻമനം’

കെ.സജീവ് കുമാർ

വിഷ്ണുനാരായണൻ നമ്പൂതിരി സാറിൻ്റെ വീട്ടിൽ ഞാൻ ആദ്യമായി പോകുന്നത് കൈരളി ടി.വി പ്രോഗ്രാം മേധാവിയായിരുന്ന P. O. മോഹൻ ചേട്ടനോടൊപ്പമാണ്. കൈരളിയിൽ കവിതയുടെ റിയാലിറ്റി ഷോ ‘മാമ്പഴം’ നടക്കുന്ന സമയം. അതിൻ്റെ ഭാഗമായി മുതിർന്ന കവികളെ ആദരിക്കുന്ന ചടങ്ങിലേയ്ക്ക് സാറിനെ ക്ഷണിക്കാനാണ് പോയത്.സാറിനെ കാണാൻ മോഹൻ ചേട്ടൻ എന്നെയും കൂടെ കൂട്ടുകയായിരുന്നു. അതിനു മുൻപ് തിരുവനന്തപുരത്തെ പല സാംസ്കാരിക വേദികളിലും വച്ച് സാറിനെ കാണുകയും അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കുകയും ചെയ്തിട്ടുണ്ട്.അയ്യപ്പപ്പണിക്കർ സാറിൻ്റെ നേതൃത്വത്തിൽ വഴുതയ്ക്കാട് ഹിന്ദി പ്രചാര സഭാഹാളിൽ വച്ച് നടന്നിരുന്ന സംക്രമണം കവിതാ ചർച്ചയിൽ അദ്ദേഹം പലപ്പോഴും പങ്കെടുക്കുകയും ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

അങ്ങനെ പലപ്പോഴും അദ്ദേഹവുമായി ഇടപഴകാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അന്ന് വീട്ടിൽ വച്ചുള്ള കൂടിക്കാഴ്ചയാണ് ഹൃദ്യമായ ഓർമ്മയായി മനസ്സിൽ തങ്ങിനിൽക്കുന്നത്. കവിതയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സംസാരിച്ചു തുടങ്ങിയ അദ്ദേഹം ആശാനിലൂടെയും വൈലോപ്പിള്ളിയിലൂടെയും കാളിദാസ നിലൂടെയും ശ്രീനാരായണ ഗുരുവിലൂടെയും ഷേക്സ്പിയറിലൂടെയുമെല്ലാം കടന്നു പോയി. ഞാൻ അദ്ദേഹത്തിൻ്റെ ആദമും ദൈവവും ഭൂമിഗീതങ്ങൾ തുടങ്ങി പല കവിതകളെക്കുറിച്ചും അദ്ദേഹത്തോട് സംസാരിച്ചു. റിപ്പബ്ലിക് എന്ന കവിത ചൊല്ലിക്കേൾപ്പിച്ചു.കവിത കേട്ടു കഴിഞ്ഞ അദ്ദേഹം “ഇതൊക്കെ എങ്ങനെ ഓർത്തിരിക്കുന്നു” എന്ന് വിതുമ്പിക്കൊണ്ട് എന്നെ അദ്ദേഹത്തോട് ചേർത്ത് നിർത്തി തലയിൽ കൈവച്ച് അനുഗ്രഹിച്ചു.

ആധുനികതയും പാരമ്പര്യവും സമന്വയിപ്പിച്ച കവിതകളായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയുടെത്‌. പാശ്ചാത്യവും പൗരസ്ത്യവുമായ സാംസ്കാരിക സത്ത അദ്ദേഹത്തിൻ്റെ കവിതകൾ ഉൾക്കൊള്ളുന്നു. കേരളീയ ജീവിതത്തിൻ്റെതു മാത്രമായ സ്വത്വാ വിഷ്കാരങ്ങളായിരുന്നില്ല കവിതയിലൂടെ അദ്ദേഹം സാധ്യമാക്കിയത്. വൈലോപ്പിള്ളി, ഇടശ്ശേരി, കുഞ്ഞിരാമൻ നായർ ,ജി.ശങ്കരക്കുറുപ്പ് ,അക്കിത്തം തുടങ്ങിയ കവികൾക്കു ശേഷം മലയാള കവിതയിലുണ്ടായ ഏറ്റവും ഊർജ്വസ്വലമായ പ്രചോദനമായിരുന്നു അദ്ദേഹത്തിൻ്റെ കവിതകൾ.’സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം’ എന്ന ആദ്യ കവിതാ സമാഹാരത്തിലൂടെ തന്നെ അദ്ദേഹത്തിൻ്റെ കവിതകൾ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘റിപ്പബ്ലിക് ‘ എന്ന കവിത ഈ സമാഹാരത്തിലേതാണ്.

തലമുറകൾ തമ്മിലുള്ള സംഘർഷം – വിടവ് – ശക്തമായി ആവിഷ്കരിക്കുന്ന കവിതയാണിത്.പുതു തലമുറയുടെ പാരമ്പര്യ നിഷേധത്തെ പാരമ്പര്യത്തിൻ്റെ കരുത്തുറ്റ പേശികൾ കൊണ്ട് നേരിടുന്ന കവിതയാണിത്. വൃദ്ധനായ സോഫോ ക്ലീസിന്‌ കാര്യങ്ങൾ നോക്കി നടത്താനുള്ള ശേഷി ഇല്ലെന്നും അതിനാൽവീടിൻ്റെ ഭരണം തന്നെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മകൻ കോടതിയിൽ കേസു കൊടുക്കുന്നു. കോടതി സോഫോക്ലീസിനോട് വിശദീകരണം ചോദിക്കുന്നു. മകൻ്റെ വാദഗതികൾക്ക് മറുപടിയായി കോടതിയുടെ അനുമതിയോടെ സോഫോ ക്ലീസ് താൻ എഴുതിയ കാവ്യം കോടതിയെ വായിച്ചു കേൾപ്പിക്കുന്നു. ജീവിതത്തിൻ്റെ സമസ്ത തലങ്ങളേയും സ്പർശിക്കുന്നതും വരും കാലത്തിനു വേണ്ടിയുള്ള തുമായ ഈ കാവ്യം കേട്ട് ‘ജനം വരാന്തയിൽ, പ്പാതവക്കിൽ സ്വപ്നത്തിലാണ്ടു പോകുന്നു.
അദ്ഭുതപ്പെട്ടു പോയ കോടതി സോഫോ ക്ലീസിനോട് മാപ്പു ചോദിച്ചു കൊണ്ട്, “ഈ രശ്മികളുതിർക്കുന്ന മനസ്സിന്നെങ്ങു വാർദ്ധകം?
ഈ മനസ്സു തിളങ്ങുമ്പോൾ
ഏതൻസിന്നെവിടെ ക്ഷയം? എന്ന് ചോദിക്കുന്നു. മാത്രമല്ല, പാരമ്പര്യ നിഷേധികളായ പുതിയ തലമുറ മൂഢ ധാരണയ്ക്ക് അടിപ്പെട്ടവരാണെന്നും അവരെ അനുഗ്രഹിച്ച് മോക്ഷപ്രാപ്തിയിലെത്തിക്കണമെന്നും കോടതി പറയുന്നു. ഇതാണ് ഈ കവിതയുടെ ഇതിവൃത്തം.

പുതു തലമുറയുടെ ചിന്തകൾ മൂഢ ധാരണകളാണെന്നും അവരെ പാരമ്പര്യത്താൽ വിശുദ്ധീകരിക്കണമെന്നും പറയുന്നത് അറു പിന്തിരിപ്പൻ ചിന്തയാണെന്ന കാര്യത്തിൽ സംശയമില്ല.എന്നാൽ ഒരു ഇതിവൃത്തത്തെ കവിത്വ സിദ്ധി കൊണ്ട് എങ്ങനെ ഉജ്ജ്വലമാക്കാം എന്ന് ഈ കവിത കാണിച്ചു തരുന്നു. ഒരു കവി എന്ന നിലയിൽ
തനിക്കു സ്വന്തമായി ഒന്നുമില്ലെന്നും എന്നാൽ താൻ എല്ലാറ്റിൻ്റെയുമാണെന്നും കവി ഈ കവിതയിൽ പറയുന്നു.കവി ലോകത്തിൻ്റെ പൊതു സ്വത്താണെന്നു പറയുന്നതിലൂടെ അയാളുടെ കവിതയും ലോകത്തിൻ്റെ പൊതു സ്വത്താണെന്ന് സ്ഥാപിക്കുകയാണ്.അതായത് കവി സത്ത എന്നത് ലോകത്തെവിടെയുമുള്ള മനുഷ്യസത്തയാണെന്ന് ആദ്യസമാഹാരത്തിലൂടെ തന്നെ അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.

എൻ്റെതായൊന്നുമില്ല
എന്നാലെല്ലാറ്റിൻ്റെയുമാണു ഞാൻ
എന്ന ഭാവനയേ ശീലി-
ച്ചിന്നോളമുയിർ പോറ്റിനേൻ.
എന്നാണ് അദ്ദേഹം പറയുന്നത്.
പിന്നീടെഴുതിയ പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യ എന്ന വികാരം, മുഖമെവിടെ എന്നീ സമാഹാരങ്ങളിലൊക്കെത്തന്നെ ഈ ഒരു ദർശനം കൂടുതൽ സാർത്ഥകമാക്കി മുന്നോട്ടു പോകാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. അദ്ദേഹത്തിൻ്റെ പ്രസിദ്ധങ്ങളായ ആദമും ദൈവവും, ഉർവ്വശീ നൃത്തം, ഭൂമിഗീതങ്ങൾ എന്നീ കവിതകൾ ഭൂമിഗീതങ്ങൾ എന്ന സമാഹാരത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്. കവിതയുടെ സാധ്വിക ഭാവത്തെ അതിൻ്റെ സർവ വിശുദ്ധിയോടും കൂടി ആവിഷ്കരിക്കുന്ന കവിതയാണ് ഭൂമിഗീതങ്ങൾ. ദൈവത്തിനു മേൽ മനുഷ്യൻ അവൻ്റെ ഇച്ഛാശക്തി കൊണ്ടും സമർപ്പണ ബുദ്ധി കൊണ്ടും വിജയം നേടുന്ന കവിതയാണ് ആദമും ദൈവവും.

മലയാള കവിത ആധുനികതയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് മുഖ മെവിടെ? എന്ന കവിത വരുന്നത്‌. ജീവിതത്തിൻ്റെ സ്വത്വ പ്രതിസന്ധികളും രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങളും ഇവിടെ കടന്നു വരുന്നുണ്ട്. ‘ഇന്ത്യ എന്ന വികാര’ത്തിലെ കവിതകളിൽ ഗാന്ധി, നെഹ്റൂവിയൻ ചിന്തകളെ ഉപനിഷത് ദർശനത്തിലൂടെ രാഷ്ട്രീയ ദർശനങ്ങളായി ബലപ്പെടുത്താൻ ശ്രമിക്കുന്നതായി കാണാം.പിന്നീടു വന്ന കവിതകളിൽ വൈദിക സംസ്കാരത്തിലേയ്ക്കും പൗരാണിക സംസ്കൃതിയിലേയ്ക്കും കൂടുതൽ ആവേശത്തോടെ അദ്ദേഹം മടങ്ങിപ്പോകുന്നത് കാണാം. ശോണമിത്രൻ, ഗംഗാ നാരായണൻ , ബ്രഹ്മദത്തൻ, മിത്രാവതി,പിതൃയാനം ,വംശാനുചരിതം എന്നീ കവിതകൾ ഉദാഹരണം.
കാളിദാസൻ്റെ കാവ്യസംസ്കാരം ഇദ്ദേഹത്തിൻ്റെ പല കവിതകൾക്കും അപൂർവ ശോഭനൽകുന്നുണ്ട്.
ഹേ, കാളിദാസ, മഹാസത്ത്വ ! നിന്നുള്ളിൽ
ഊറി നിന്നില്ലേ കൊടിക്കൂറ പാറിച്ചു
പോരടിക്കും പ്രതാപങ്ങൾതൻ ദീനത
എന്ന് ഹേ കാളിദാസ എന്ന കവിതയിൽ അദ്ദേഹം ചോദിക്കുന്നുമുണ്ട്.

പൗരാണിക ക്ലാസിക് സൗന്ദര്യബോധത്തിൽ നിന്ന് കാല്പനികതയിലേയ്ക്കും അതിൽ നിന്ന് ആധുനികതയിലേയ്ക്കും പടിപടിയായി വളർന്നു വരുന്ന കാവ്യദർശനമായിരുന്നില്ല വിഷ്ണുനാരായണൻ നമ്പൂതിരിയുടേത്. ക്ലാസിക് സൗന്ദര്യവും പൈതൃകവും കാല്പനികതയും ആധുനികതയും ഇടകലർന്നു വരുന്ന കാവ്യദർശനമായിരുന്നു അദ്ദേഹത്തിൻ്റേത്. കാല്പനികതയുടെ സ്നിഗ്ധ ഭാവങ്ങൾ മനോഹരമായി കോർത്തെടുത്തതാണ് അദ്ദേഹത്തിൻ്റെ ‘പ്രണയഗീത’ങ്ങൾ.

വൈദിക സംസ്കാരം പ്രതിഫലിപ്പിക്കുന്ന വാക്കുകളും സംസ്കൃത ജഡിലമായ സമസ്ത പദങ്ങളും അദ്ദേഹത്തിൻ്റെ കവിതകളിൽ യഥേഷ്ടം കടന്നു വരുന്നുണ്ട്.അത് പലപ്പോഴും വായനയ്ക്ക് മാർഗതടസം സൃഷ്ടിക്കുന്നതായിപ്പോലും തോന്നാറുണ്ട്. എന്നാൽ കവിത ഒറ്റ വായനയിൽ അവസാനിക്കുന്നതല്ലെന്നും ഒരു വായന അവസാനിക്കുന്നിടത്ത് അടുത്ത വായന തുടങ്ങുകയാണെന്നും അറിയുമ്പോഴാണ് ഈ കവിതകളുടെ മഹത്വം നാം തിരിച്ചറിയുന്നത്. ഭൂമിഗീതങ്ങൾ എന്ന കവിതയിൽ ,”എനിക്കുയരത്തിൽ വളരാനില്ലിടം” എന്ന് അരയാൽച്ചോട്ടിലെ കറുക ഖേദിക്കുമ്പോൾ “,നിനക്കു തഴെയുണ്ടുദാരമെൻ മനം” എന്ന് മണ്ണിൻ്റെ നനുത്ത സാന്ത്വനം ചുരക്കുന്നതായി കവി എഴുതുന്നു.വാസ്തവത്തിൽ ചുരക്കുന്ന മണ്ണിൻ്റെ ഈ സാന്ത്വനം തന്നെയാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker