KeralaNEWS

ആശയപരമായ ഒരായുധവും കൈയിലില്ലെന്നു രാഹുൽ ഗാന്ധി വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നു അശോകൻ ചെരുവിൽ

എല്ലാവർക്കും അറിയാം രാഹുൽഗാന്ധി രാഷ്ട്രീയരംഗത്തേക്കു വന്നതും കോൺഗ്രസ്സിൻ്റെ നേതൃത്വം ഏറ്റെടുത്തതും ചില സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടായിരുന്നു എന്ന്. തനിക്ക് താൽപ്പര്യമില്ലാത്ത മേഖലയിലേക്ക് ഒരാൾ വരുമ്പോൾ അപ്രാപ്തിയും പരിമിതിയും പ്രകടമാവുക സ്വഭാവികം. പക്ഷേ അത്തരം പരിമിതികളോടെ അദ്ദേഹം രംഗത്തു തന്നെ നിന്നു.

അദ്ദേഹം കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ എത്തിയിട്ട് ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു. പ്രായത്തിലും മുതിർന്നു. അൻപതു വയസ്സു പിന്നിട്ട യുവാവാണ് എന്നു പറയാം. പക്ഷേ, രാഷ്ട്രീയ പ്രവർത്തനം / നേതൃത്വം എന്നിങ്ങനെ തന്നിൽ അർപ്പിതമായിരിക്കുന്ന ചുമതലകൾ നൽകുന്ന ഉത്തരവാദിത്തത്തിലേക്ക് എത്താൻ അദ്ദേഹത്തിന് ഇനിയും കഴിഞ്ഞിട്ടില്ല എന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. അതിൻ്റെ ഏറ്റവും പ്രകടമായ തെളിവാണ് യു.ഡി.എഫിൻ്റെ പ്രചരണയാത്രയുടെ സമാപനത്തിൽ അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ചില കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മോദി സർക്കാർ സംസ്ഥാന സർക്കാരിനെ പുകമറയിൽ നിർത്താൻ ശ്രമിച്ചിരുന്നു. സ്വർണ്ണക്കള്ളക്കടത്ത്, ഖുറാൻ വിതരണം, ഈത്തപ്പഴം, ഡോളർ കടത്ത് എന്നീ കേസുകളിൽ സർക്കാരിനേയും മന്ത്രിമാരെയും ബന്ധിപ്പിക്കാനായിരുന്നു ശ്രമം. രാജ്യത്തെ പ്രതിപക്ഷപാർടികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനസർക്കാരുകൾക്കും നേരെ മോദി നടത്തുന്ന ആസൂത്രിതനീക്കത്തിൻ്റെ ഭാഗമായിരുന്നു അത്. അതിനെ പിടിവള്ളിയാക്കി കേരളത്തിലെ ഗതികെട്ട യു.ഡി.എഫ് നേതൃത്തം ആർ.എസ്.എസുമായി സഹകരിച്ച് സംസ്ഥാന സർക്കാരിനെതിരെ വലിയ പ്രചരണം നടത്തി.

എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനവിധിയിലൂടെ സംസ്ഥാന സർക്കാരിനെതിരായ എല്ലാ വിമർശനങ്ങളും ജനം വലിച്ചെറിഞ്ഞു. അതോടെ അന്വേഷണ ഏജൻസികൾ ആരോപണങ്ങൾ ഒന്നൊന്നായി പിൻവലിച്ച് മടങ്ങിയിരിക്കുകയാണ്. യു.ഡി.എഫ്. നേതൃത്വവും ഇപ്പോൾ അതൊന്നും മിണ്ടുന്നില്ല. എന്നാൽ ജനങ്ങൾ തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട പഴയ ആരോപണങ്ങൾ ആവർത്തിച്ച് സ്വയം അപഹാസ്യനാവുകയാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ചെയ്തത്. മോദി സർക്കാരിനെതിരെ കൂടുതൽ ശക്തമായി രൂപപ്പെടേണ്ടിയിരിക്കുന്ന വിശാല ജനാധിപത്യ മതേതര ജനകീയമുന്നണിക്ക് കോൺഗ്രസ്സ് പാർടിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് തീരെ തരംതാന്ന രാഷ്ട്രീയ പ്രകടനത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയത്.

ഹിന്ദുരാഷ്ട്രവാദികൾ ഭരിക്കുമ്പോൾ രാജ്യം നേരിടുന്ന സമാനതകളില്ലാത്ത ഭീഷണിയെ നേരിടുന്നതിന് ആശയപരമായ ഒരായുധവും കയ്യിലില്ലാത്ത നേതാവാണ് താനെന്ന് രാഹുൽ ഗാന്ധി ഇതിനു മുമ്പ് പലവട്ടവും തെളിയിച്ചിട്ടുണ്ട്. സംഘാടകൻ എന്ന നിലയിലും അദ്ദേഹം വട്ടപ്പൂജ്യമാണ്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പ്രധാനമായി സംഭവിക്കുന്നത് കോൺഗ്രസ്സ് പാർടിയുടെ ലിക്വുഡേഷനാണ്. ആ പാർടിയുടെ മുൻമുഖ്യമന്ത്രിമാരും പ്രദേശ് പ്രസിഡണ്ടുമാരുമുൾപ്പടെയുള്ള നേതൃത്വം ഏതാണ്ട് ഒന്നാകെ ബി.ജെ.പി.യിൽ എത്തിയിരിക്കുന്നു. യാതൊരു വക ഉത്തരവാദിത്തബോധവുമില്ലാതെ വേഷംകെട്ടിയും കെട്ടാതെയും നാടകം കളിച്ചുനടക്കുന്ന ഒരാളുടെ നേതൃത്തത്തിൽ ഇതല്ലാതെ മറ്റെന്താണ് സംഭവിക്കുക? ഭരണാധികാരികളുടെ വേട്ടക്ക് വിധേയരാവുന്ന ജനങ്ങളെ നടുക്കടലിലെന്ന പോലെ ഉപേക്ഷിച്ച് എവിടേക്കെന്നില്ലാതെ മുങ്ങുന്ന ഒരാൾ നേതൃത്വത്തിലിരുക്കുന്നു എന്നതിൽപ്പരം അപായം വേറെന്താണ്?

വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളേയും പ്രസ്ഥാനങ്ങളേയും ജനങ്ങളേയും ഏകോപിച്ചു നയിക്കാനുള്ള സംയമനവും, ഭാഷയും, പ്രാപ്തിയും, വിവേകവുമാണ് ഈ ഘട്ടത്തിൽ ദേശീയതലത്തിലെ പ്രതിപക്ഷ നേതാക്കൾക്കുണ്ടാവേണ്ടത്. അതൊന്നും തനിക്കില്ലാ എന്ന് രാഹുൽഗാന്ധി അനുദിനം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker