
തെരഞ്ഞെടുക്കപ്പെട്ട ഒരു എംഎൽഎ പോലും ഇല്ലാതിരുന്നിട്ടും പുതുച്ചേരി മന്ത്രിസഭ താഴെ വീഴ്ത്താൻ ആയി എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. കേരളത്തിലാകട്ടെ തെരഞ്ഞെടുക്കപ്പെട്ട ഒരു എംഎൽഎ ബിജെപിക്ക് ഉണ്ട് താനും.
മാത്രമല്ല ഇടതു ശക്തികേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും ശക്തമായ തേരോട്ടം നടത്താൻ ബിജെപിക്ക് ആവുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ആ പാർട്ടി.
നേമത്തോടൊപ്പം 10 സീറ്റുകൾ അധികം നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വരും. ഈ അവസ്ഥയിൽ അധികാരത്തിലേറാം എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
ആർഎസ്എസിന്റെ ശക്തമായ പിന്തുണയാണ് ബിജെപിയുടെ കൈമുതൽ. സംഘടനാ പ്രവർത്തനത്തിൽ ആർഎസ്എസിന്റെ അനുഭവസമ്പത്തും ആൾ ശേഷിയും ബിജെപിക്ക് തുണയാകും എന്നാണ് സംഘപരിവാർ കേന്ദ്രങ്ങളിലെ വിലയിരുത്തൽ.
തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേൺ കൃത്യമായി ബിജെപി പരിശോധിച്ചിട്ടുണ്ട്. എൻ ഡി എ വളർന്നില്ലെങ്കിലും 35 നിയമസഭാ സീറ്റുകളിൽ 20 ശതമാനമോ അതിലേറെയോ വോട്ട് ബിജെപിക്ക് കിട്ടി. 42 നിയമസഭാ മണ്ഡലങ്ങളെ ബിജെപി എ പ്ലസ് ആയാണ് കണക്കാക്കുന്നത്. ഇവിടങ്ങളിൽ മുപ്പതിനായിരത്തിലധികം വോട്ടുകൾ ബിജെപിക്ക് കിട്ടുന്നുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷ പിന്തുണയില്ലാത്ത പാർട്ടിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ആകില്ല. ഇതും ബിജെപി തിരിച്ചറിയുന്നുണ്ട്. ക്രിസ്ത്യൻ വിഭാഗങ്ങളെ കൂടെ നിർത്താനാണ് ബിജെപിയുടെ ശ്രമം. ഇതിന്റെ ഭാഗമായി ഈ വിഭാഗത്തിൽനിന്ന് കൂടുതൽ സ്ഥാനാർത്ഥികൾ ബിജെപിക്ക് ഉണ്ടാകും.
ഒരു മുന്നണി എന്ന നിലയ്ക്ക് എൻഡിഎ ദുർബലമാണ്. പിളർപ്പോടെ ബിഡിജെഎസ് തളർന്നു. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാനാകും എന്നാണ് ബിജെപി കരുതുന്നത്. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രചാരണത്തിൽ ഉപയോഗിക്കും. ബിജെപിക്ക് രണ്ടക്ക സീറ്റ് ലഭ്യമാകും എന്ന പ്രചാരണം തന്നെ തങ്ങൾക്ക് പിന്തുണ കൂട്ടുമെന്നാണ് പാർട്ടി കരുതുന്നത്.