
മൂന്ന് ദേശക്കാരനുമല്ലാത്ത
അന്യദേശക്കാരനായ എന്നെ
നിങ്ങളിലൊരാളായി ഇക്കാലമൊക്കെയുംകൊണ്ടുനടന്ന
വടക്കാഞ്ചേരിക്കാരോട് എങ്ങിനെ നന്ദി പറയണമെന്നറിയില്ല
വടക്കാഞ്ചേരിക്കടുത്ത് ഉത്രാളിക്കാവെന്ന് ഒരു ക്ഷേത്രമുണ്ടെന്നും
അവിടെ മൂന്ന് ദേശങ്ങൾ ചേർന്ന് നടത്തുന്ന പൂരമുണ്ടെന്നും
ആദ്യമറിയുന്നത് മേനോനിൽ നിന്നാണ്
അരവിന്ദാക്ഷ മേനോൻ
ഏറെക്കാലം വടക്കാഞ്ചേരി പൂരക്കമ്മറ്റി പ്രസിഡന്റും മറ്റുമായിരുന്ന മേനോൻ
എന്റെ ഏഴരക്കൂട്ടം സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു
ഏഴരക്കൂട്ടത്തിനിടയിൽ പരിചയപ്പെട്ട മാധവേട്ടനോടൊപ്പമാണ്
ഞാൻ ആദ്യമായി പൂരത്തിനെത്തുന്നത്
കർണ്ണ ശപഥം കഥകളിയിൽ ഹൈദ്രാലിക്ക് പാടാൻ
ക്ഷേത്രമതിൽ പൊളിച്ച് വേദി ഒരുക്കിയ കാലം
വടക്കാഞ്ചേരിപുഴയെന്ന് വിളിക്കുന്ന നീർച്ചാലിനടുത്ത് സാബൂസ് ലോഡ്ജ്
രാവിലെ ഉറക്കമുണർന്നപ്പോൾ ആദ്യം കണ്ടത് കുളിച്ചു കയറുന്ന ആനകളെയാണ്
എഴുന്നള്ളിപ്പിനെത്തിയ ഗജവീരന്മാർ,മനസ്സ് ഒന്ന് കുളിർത്തു
പഞ്ചവാദ്യം തുടങ്ങും മുൻപ് ഊട്ടുപുരയിൽ നിന്ന് കഴിച്ച ഊണ്
ആവി പറക്കുന്ന ഇരുപ്പുഴുക്കലരിയുടെ ചോറിനു മുകളിൽ ഒഴിച്ച
കാച്ചിയമോരിന്റെ ഗന്ധം കൂടെ വാഴക്കാമെഴുക്കു പുരട്ടിയതും
പച്ചയ്ക്കിട്ട മാങ്ങ അച്ചാറും, അത്രതന്നെയുള്ളു വിഭവങ്ങൾ
ഒരു പപ്പടം കൂടെ ഉണ്ടായിരുന്നോ എന്നൊരു സംശയം
പക്ഷെ ജീവിതത്തിൽ കഴിച്ച ഏറ്റവും നല്ല രുചികളിൽ മനസ്സിൽ
ആദ്യമെത്തുന്നത് ഇന്നും ഊട്ടുപുരയിലെ ആ ഊണാണ്
ഉണ്ടെഴുന്നേറ്റുവന്ന എനിക്ക് മേനോൻ തന്നെ പഞ്ചവാദ്യങ്ങൾക്കിടയിൽ
കൊമ്പിനു താഴെ ഒരിടം ഉണ്ടാക്കിത്തന്നു
ശംഖിലുണർന്ന പഞ്ചവാദ്യത്തിൽ സ്വയം മറന്നു ഞാൻ നിന്നു
എന്തൊരനുഭൂതിയായിരുന്നത്
കലാശത്തിലെത്തുമ്പോൾ കൊമ്പിനു കീഴെ നിന്ന് ഞാൻ കരയുകയായിരുന്നു
എന്തിനായിരുന്നു ആ കണ്ണീരെന്ന് ഇന്നും എനിക്കറിയില്ല
പക്ഷെ ഞാൻ കരഞ്ഞു
അതുവരെ അറിയാത്ത ഏതെല്ലാമോ അനുഭൂതികളിലേയ്ക്ക്
അന്നത്തെ പഞ്ചവാദ്യം എന്നെ കൊണ്ടു ചെന്നെത്തിച്ചു
ഉച്ചവെയിൽ ഊതിപ്പഴുപ്പിച്ച ഉത്രാളിക്കാവിലേയ്ക്കുള്ള വഴി
പകൽപ്പൂരത്തോടൊപ്പം പട്ടം പോലെ പാറിപ്പറന്ന് കാവിലെത്തുമ്പോൾ
വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു
മൂന്ന് ദേശവും മത്സരിച്ച് കരിമരുന്ന് പ്രയോഗിച്ചിരുന്ന കാലം
ഇന്നതൊന്നും നമുക്ക് ചിന്തിക്കാനേ ആവില്ല
നിയന്ത്രിച്ചു നിയന്ത്രിച്ച് നിറം കെട്ട് പോവാതിരിക്കട്ടെ നമ്മുടെ ആഘോഷങ്ങൾ
പുറം മതിൽ പൊളിച്ച് പുറത്തിട്ട വേദിയിൽ കേളി കൊട്ടുണർന്നു
ഗോപി ആശാന്റെ കർണ്ണൻ കോട്ടയ്ക്കൽ ശിവരാമന്റെ കുന്തി
ഹൈദ്രാലി നേരിട്ടു പാടുന്നത് ആദ്യമായിട്ട് കേൾക്കുകയായിരുന്നു
എന്തിഹ മാൻ മാനസ്സേ, കേട്ട് ഉള്ള് തേങ്ങിപ്പോയി
മതില് പൊളിച്ചത് വെറുതെയായില്ല
ജന്മപുണ്യം പോലെ
ഹൈദ്രാലിയെ പൊന്നാട അണിയിക്കാൻ മേനോൻ എന്നെ വിളിച്ചു
അന്നിട്ട പൊന്നാട സൗഹൃദത്തിന്റെ സ്വയംവര മാല്യം പോലെ
ഞാനും ഹൈദ്രാലിയും കൊണ്ടു നടന്നു
എറണാകുളത്തെ പാതിരാവും കടന്നു പോയിരുന്ന പാട്ടുരാത്രികളുടെ തുടക്കം
യഥാർത്ഥത്തിൽ വടക്കാഞ്ചേരിയിൽ നിന്നായിരുന്നു
ഭാഷ അറിയില്ലെന്ന് പറഞ്ഞ് മടിച്ചു നിന്ന ഹൈദ്രാലിയെ
ഒരിക്കൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീവാസ്തവയുടെ മുന്നിൽ ഞാൻ കൊണ്ടിരുത്തി
പരിചയപ്പെടുത്തി
ഒരു കൂപ്പുകൈയ്യിലൊതുങ്ങി ഹൈദ്രാലിയുടെ ഉപചാരം
രാവിരുണ്ടപ്പോൾ
ആകാശത്ത് ചന്ദ്രന്റെ ചേങ്ങില കേട്ടിട്ടോ എന്തോ
ഹൈദ്രാലി തകർത്തു , ചൗദ് വിൻ കാ ചാന്ദ് വരെ പാടി
എന്തിനേറെ ഡെൽ ഹിയിലെത്തുന്ന ഹൈദ്രാലിക്ക് സ്വന്തം വീടായി മാറി
പിന്നീട് ശ്രീവാസ്തവയുടെ ഔദ്യോഗിക വസതി
ഇന്ന് ഹൈദ്രാലിയുമില്ല മേനോനുമില്ല
പക്ഷെ കാലത്തിന്റെ തിടമ്പേറ്റി പൂരങ്ങൾ വീണ്ടും വന്നു
കമ്മറ്റി ഓഫീസിനുമുന്നിലെ നടപ്പന്തലിൽ പൂരമെഴുന്നള്ളി എത്തുമ്പോൾ
മനസ്സിൽ ഇപ്പൊഴും ഒരു നോവുണ്ട്
ഗജവീരന്മാരുടെ തലയെടുപ്പോടെ അവിടെ നിൽക്കാറുള്ള മേനോൻ
ഇപ്പോൾ അവിടെ ഇല്ലെന്നുള്ള നോവ്
പൂരം ആഘോഷമാണ് ആഹ്ലാദമാണ്
പക്ഷെ ഇവരുടെയെല്ലാം വിയോഗങ്ങൾ മായാതെ നിൽക്കുന്ന നോവായി
മനസ്സിന്റെ അടിത്തട്ടിൽ എന്നുമുണ്ടാകും
ജീവിതം മുന്നോട്ട് പോയേ മതിയാകൂ,പൂരവും
കോവിഡ് പൂരം മുടക്കിയിട്ടും എവിടെയെല്ലാമോ ഇരുന്ന്
തമ്മിൽ വിളിച്ച് നമ്മൾ പൂരത്തിന്റെ ഓർമ്മകൾ പങ്കുവച്ചു
അങ്ങിനെ കഴിഞ്ഞ പൂരം ഓർമ്മകളിലെ പൂരങ്ങളുടെ ഫ്ലാഷ് ബാക്ക് ആയി
ഇനി ഒരു കാലത്തും ഇങ്ങിനെ ഒന്നും ആവാതിരിക്കട്ടെ
മഴയെല്ലാം നനഞ്ഞ് മരച്ചുവട്ടിലിരിക്കുന്ന ഉത്രാളിക്കാവിലമ്മ
ദൈവവിശ്വാസങ്ങളോട് ഒത്തുപോകാത്ത എന്റെ വിശ്വാസത്തിലെ
നിത്യസൗഹൃദത്തിന്റെ പ്രതീകമാണ്
ഔദ്യോഗിക ജീവിതത്തിന്റെ എറണാകുളം – കോഴിക്കോട്
വാരാന്ത്യയാത്രകളിൽ ഉത്രാളിക്കാവെങ്ങാൻ കാണാതെ പോയാൽ
എന്തൊരു അസ്വസ്ഥതയായിരുന്നു
ഉത്രാളിക്കാവിലമ്മയോടുള്ള ആത്മബന്ധത്തിന്റെ തീഷ്ണത
ഞാനറിഞ്ഞതങ്ങിനെയായിരുന്നു
ആർ. കെ .നാരായണന്റെ മാൽഗുഡി ഡേയ്സിലെ മാൽഗുഡി പോലെയാണ്
എനിക്ക് വടക്കാഞ്ചേരി ഒരു വ്യത്യാസം മാത്രം മാൽഗുഡി സാങ്കൽപികമാണെങ്കിൽ
വടക്കാഞ്ചേരി എനിക്ക് സത്യമാണ്
◦