
വാളയാർ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്ന ഭീഷണിയുമായി സർക്കാറിനും സിപിഎമ്മിനുമെതിരെ രംഗത്ത്.തൻ്റെ കണ്ണീർ കാണാത്ത സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാളെ ( ശനി) രാവിലെ 11 മണിക്ക് തല മുണ്ഡനം ചെയ്യുമെന്ന് പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.
അമ്മ തലമുണ്ഡനം ചെയ്തുള്ള സമരത്തിൻ്റെ മൂന്നാംഘട്ടമാണ്.തുടർന്ന് 14 ജില്ലകളിലും സർക്കാറിനെതിരെ പ്രചരണം നടത്തും.കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി സമരം ചെയ്തിട്ടും താൻ നേരിട്ടത് കടുത്ത അവഗണനയാണെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
സർക്കാർ കാണാത്ത തന്റെ കണ്ണീർ കേരളത്തിലെ ജനങ്ങൾ കാണും.സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ പൂർണ പരാജയമാണ്.തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി ഉണ്ടാകും.തനിക്ക് നേരെ ഉണ്ടായ അവഗണന ഇനി ജനം വിലയിരുത്തട്ടെ.
ഇനി ഒരു അമ്മയ്ക്കും ഈ ഗതി ഉണ്ടാവാതിരിക്കാനാണ് മൂന്നാംഘട്ട സമരത്തിലേക്ക് കടക്കുന്നതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.