
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞതവണ നല്‍കിയതിന്റെ പകുതി സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നല്‍കാനാവുവെന്ന് അറിയിച്ച് ഡിഎംകെ. കഴിഞ്ഞ തവണ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 45 സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇരുപത് സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന് ഡിഎംകെ അറിയിക്കുകയായിരുന്നു. കഴിഞ്ഞതവണ 178 സീറ്റില്‍ മത്സരിച്ച ഡിഎംകെ 89 സീറ്റ് നേടിയപ്പോള്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് എട്ടു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ചെന്നൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഡിഎംകെ നിലപാട് വ്യക്തമാക്കിയത്. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു ബിജെപിയിലേക്ക് ചേക്കേറിയ തും കൂടുതല്‍ സീറ്റ് ചോദിച്ചു വാങ്ങി മുന്നണിയെ തന്നെ പരാജയത്തിലേക്ക് നയിച്ച ബീഹാറിലെ അനുഭവങ്ങളും ഡിഎംകെ ചൂണ്ടിക്കാട്ടി.
ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന് തെരഞ്ഞെടുപ്പിനു മുന്നോടിയായി നിയോജക മണ്ഡലങ്ങള്‍ തോറും സന്ദര്‍ശനം തുടരുകയാണ്. ഈ യാത്രയില്‍ ലഭിച്ച വിവരങ്ങളാകും കോണ്‍ഗ്രസിനെതിരെ തിരിയാന്‍ ഡിഎംകെ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചര്‍ച്ച നടന്നത്. ഉമ്മന്‍ചാണ്ടിക്ക് പുറമേ രണ്‍ദീപ് സിങ് സുര്‍ജേവാല, ദിനേഷ് ഗുണ്ടുറാവു, ടിഎന്‍സിസി പ്രസിഡന്റ് കെ എസ് അഴഗിരി എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്തു ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡിഎംകെയില്‍ നിന്ന് ജനറല്‍ സെക്രട്ടറി ദുരൈമുരുകന്, ട്രെഷറര്‍ ടി ആര് ബാലു, വനിതാ വിഭാഗം സെക്രട്ടറി കനിമൊഴി എം. പി എന്നിവരും പങ്കെടുത്തു.
അതേസമയം, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 6ന്. കേരളമടക്കം അഞ്ചിടത്തും വോട്ടെണ്ണല്‍ മെയ് രണ്ടിന്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചു. കേരളത്തില്‍ 40,771പോളിംഗ് സ്റ്റേഷനുകള്‍. പോളിംഗ് സമയം ഒരു മണിക്കൂര്‍ നീട്ടി. മുതിര്‍ന്ന പൗരന്മാര്ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം; പത്രിക സമര്‍പ്പണത്തിന് രണ്ടുപേര്‍, ഓണ്‍ലൈനായും പത്രിക നല്‍കാം; വാഹന റാലിക്ക് അഞ്ച് വാഹനങ്ങള്‍ മാത്രം. ആയിരം വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത്; എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയില്‍. തിരഞ്ഞെടുപ്പ് പോലീസ് നിരീക്ഷകനായി ദീപക് മിശ്രയെ കേരളത്തില്‍ നിയോഗിച്ചു.