
സംസ്ഥാനത്തെ ‘സ്വകാര്യ ക്ഷേത്ര ജീവനം’ മേഖലയില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് നല്കേണ്ടതായ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി സര്‍ക്കാര്‍ ഉത്തരവായി.ഗ്രൂപ്പ് എ വിഭാഗത്തില്‍ മേല്‍ ശാന്തിക്ക് അടിസ്ഥാന മാസവേതനം 16,870 രൂപയായും ഗ്രൂപ്പ് ബി വിഭാഗത്തില്‍ കാര്യക്കാരന്‍, ശാന്തി, കീഴ് ശാന്തി എന്നിവര്‍ക്ക് അടിസ്ഥാന മാസ വേതനം 14,590 രൂപയായും ഗ്രൂപ്പ് സിയില്‍ കോമരം/ വെളിച്ചപ്പാട്, കോലധാരികള്‍ എന്നിവര്‍ക്ക് 12,850 രൂപയായും ഗ്രൂപ്പ് ഡിയില്‍ കഴകക്കാരന്, വാദ്യക്കാരന്, പരിചാരകന്, മാലകെട്ടുന്നയാള്‍ എന്നിവര്‍ക്ക് 12,190 രൂപയായും പ്രതിമാസ അടിസ്ഥാന വേതനം നിജപ്പെടുത്തിയിട്ടുണ്ട്.
ഗ്രൂപ്പ് ഇയില്‍ അടിച്ചുതളിക്കാര്‍, അന്തിത്തിരിയന് എന്നീ വിഭാഗങ്ങള്‍ക്ക് അടിസ്ഥാന മാസവേതനമായി 11,380 രൂപയും ഓഫീസ് വിഭാഗത്തില്‍ ഗ്രൂപ്പ് എയില്‍ മാനേജര്‍ തസ്തികയില്‍ അടിസ്ഥാന മാസവേതനം 16,870 രൂപയും ഗ്രൂപ്പ് ബിയില്‍ സൂപ്രണ്ട്, സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ് എന്നിവര്‍ക്ക് 14,590 രൂപയായും നിജപ്പെടുത്തി.ഗ്രൂപ്പ് സി വിഭാഗത്തില്‍ ക്ലര്‍ക്ക്, കാഷ്യര്‍, ഡ്രൈവര്‍ എന്നിവരുടെ അടിസ്ഥാന മാസവേതനം 12,850 രൂപയും ഗ്രൂപ്പ് ഡി വിഭാഗത്തില്‍ അറ്റന്‍ഡര്‍, പ്യൂണ്‍, മൈക്ക് ഓപ്പറേറ്റര്‍ എന്നിവരുടെ അടിസ്ഥാന മാസവേതനം 12,190 രൂപയും ഗ്രൂപ്പ് ഇ വിഭാഗത്തിലെ സ്വീപ്പറിന് 11,380 രൂപയയും നിശ്ചയിച്ചു.
ദൈനംദിന പൂജയില്ലാത്ത ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ക്ക് പ്രതിമാസ വേതനത്തിന്റെ 26-ല്‍ ഒരു ഭാഗം കണക്കാക്കി പ്രവൃത്തി ചെയ്ത ദിവസത്തേയ്ക്ക് ആനുപാതിക വേതനത്തിന് അര്‍ഹതയുണ്ട്.ദിവസം ഒരു നേരം മാത്രം പൂജ നടത്തുന്നതും വച്ചുനിവേദ്യം ഇല്ലാത്തതുമായ ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന വേതനത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുകയ്ക്ക് അര്‍ഹതയുണ്ട്.
അടിസ്ഥാന വേതനത്തിനുപുറമേ, എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഓരോ ജില്ലാ കേന്ദ്രത്തിനും വേണ്ടി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന 1998-99=100 എന്ന ഉപഭോക്തൃവില സൂചികയിലെ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച സൂചികയുടെ 300 പോയിന്റിനുമേല്‍ വര്‍ദ്ധിക്കുന്ന ഓരോ പോയിന്റിനും ദിവസ വേതനക്കാര്‍ക്ക് 1 രൂപ നിരക്കിലും മാസശമ്പളക്കാര്‍ക്ക് 26 രൂപ നിരക്കിലും ക്ഷാമബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്ന തീയതിയില്‍ ഒരു ക്ഷേത്രത്തിന്റെയോ ഒരു തൊഴിലുടമയുടെയോ കീഴില്‍ തുടര്‍ച്ചയായി 5 വര്‍ഷത്തില്‍ കുറയാത്ത സേവനകാലം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തേയ്ക്കും പുതുക്കിയ നിരക്കിലുളള അടിസ്ഥാന വേതനത്തിന്റെ 1 ശതമാനം നിരക്കില്‍ പരമാവധി 15 ശതമാനം എന്ന പരിധിയില്‍, സര്‍വ്വീസ് വെയിറ്റേജായി അടിസ്ഥാന വേതനത്തില്‍ ഉള്‍പ്പെടുത്തി അനുവദിക്കേണ്ടതാണ്.
ഏതെങ്കിലും ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് ഈ വിജ്ഞാപന പ്രകാരം നിശ്ചയിച്ചിട്ടുളള കുറഞ്ഞ വേതനത്തേക്കാള്‍ ഉയര്‍ന്ന വേതനം നിലവില്‍ നല്കുന്നുണ്ടെങ്കില് അവര്‍ക്ക് അങ്ങനെയുളള അത്തരം ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്നും ലഭിക്കാനുളള അര്‍ഹതയുണ്ട്.ഏതെങ്കിലും തസ്തികയോ വിഭാഗമോ മുകളില്‍ കാണിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ അവര്‍ക്ക് സമാന പദവിയിലുളള തസ്തിക/വിഭാഗത്തിന് നിഷ്ക്കര്‍ഷിച്ചിട്ടുളള അടിസ്ഥാന വേതനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.ഈ വിജ്ഞാപന പ്രകാരം മാസനിരക്ക് നിശ്ചയിച്ചിട്ടുളള ജീവനക്കാരുടെ വിഭാഗത്തെ സംബന്ധിച്ച ദിവസവേതനം അര്‍ഹതപ്പെട്ട ക്ഷാമബത്ത ഉള്‍പ്പെടെയുളള മാസനിരക്കിനെ 26 കൊണ്ട് ഭാഗിച്ചു കണക്കാക്കേണ്ടതാണ്.