KeralaNEWS

നാടകം കളി നിര്‍ത്തി രാഷ്ട്രീയ പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ തന്റേടം കാണിക്കണം: തോമസ് ഐസക്ക്‌

നാടകം കളി നിര്‍ത്തി രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ തന്റേടം കാണിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുന്ന ഒരു എംഎൽഎപോലും ബിജെപിയിൽ ചേരില്ല എന്ന ഉറപ്പ് രാഹുൽ ഗാന്ധി കേരളത്തിനു നൽകുമെന്ന് നല്ലൊരു വിഭാഗം കോൺഗ്രസുകാരും പ്രതീക്ഷിച്ചിരുന്നു. അതിനു മുതിരാതെയാണ് അദ്ദേഹം മടങ്ങിയത്. പുതുച്ചേരിയിലെ അനുഭവം ഇവിടെയുണ്ടാവില്ല എന്ന് രാഹുൽജിയിൽ നിന്ന് കേൾക്കാൻ കാത്തിരുന്ന അണികൾ നിശ്ചയമായും നിരാശരാണ്. കെപിസിസിയിലുള്ള തന്റെ അവിശ്വാസമാണ് അദ്ദേഹം തങ്ങൾക്കു മുന്നിൽ തുറന്നുവെച്ചത് എന്ന് ചിന്തിച്ചാൽ കുറ്റം പറയാനാവില്ല. എന്തുകൊണ്ടാണ് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് അവരെ നിരാശപ്പെടുത്തിയത്?

പുതുച്ചേരിയിലും മധ്യപ്രദേശിലും കർണാടകത്തിലുമൊക്കെ കോൺഗ്രസിനെ ജനങ്ങൾ വിജയിപ്പിച്ചിരുന്നു. ആ ജനങ്ങളെ നിഷ്കരുണം വഞ്ചിച്ചാണ് ജയിച്ചവർ ബിജെപിയിൽ ചേക്കേറിയത്. ഓർക്കുക. സീറ്റു കിട്ടാത്തവരോ, പാളയത്തിലെ പട മൂലം തോറ്റുപോയതിന്റെ വൈരാഗ്യം മൂലമോ ബിജെപിയിൽ ചേരുകയല്ല ഉണ്ടായത്. തങ്ങളെ ജയിപ്പിച്ച് ഭരണപക്ഷത്തിരുത്തിയ ജനങ്ങളെ വഞ്ചിച്ചാണ് ഈ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് എംഎൽഎമാർ ബിജെപി ഭരണം സാധ്യമാക്കിയത്. ഈ സ്ഥിതി കേരളത്തിനുണ്ടാവില്ല എന്ന് വോട്ടർമാർക്ക് വാക്കു കൊടുക്കാൻ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയ്ക്ക് കഴിയാതെ പോയത്?
തമിഴ്നാട്ടിലെ അനുഭവം നോക്കൂ. കോൺഗ്രസിന് 50 സീറ്റു ചോദിച്ച ഉമ്മൻചാണ്ടിയുടെ ആവശ്യം പുതുച്ചേരിയിലേയ്ക്ക് വിരൽ ചൂണ്ടിയാണ് സ്റ്റാലിൻ തള്ളിക്കളഞ്ഞത്. വല്ലവിധേയനെയും ജയിച്ചു പോകുന്നവർ ബിജെപിയിൽ ചേക്കേറുമോ എന്ന് ഭയന്ന് മത്സരിക്കാൻ കോൺഗ്രസിന് സീറ്റു തന്നെ നിഷേധിക്കപ്പെടുന്ന സ്ഥിതി. പാതാളം തൊട്ടിരിക്കുകയാണ് ആ പാർടിയുടെ വിശ്വാസ്യത. ബിജെപിയ്ക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിൽ വെള്ളം ചേർക്കാൻ തയ്യാറല്ലാത്ത എല്ലാ പ്രതിപക്ഷ നേതാക്കളും കോൺഗ്രസിനെ അവിശ്വാസത്തോടെ അകറ്റി നിർത്തുന്നു.

കർണാടകത്തിലേയ്ക്ക് നോക്കൂ. അവിടെ ഇനിയും 20 എംഎൽഎമാർ ബിജെപിയിലേയ്ക്ക് ചാടാനൊരുങ്ങി നിൽക്കുകയാണ് എന്നാണ് വാർത്തകൾ. കോൺഗ്രസ് എംഎൽഎമാരുടെ ആദ്യ റൌണ്ട് ചാട്ടത്തിലാണ് മന്ത്രിസഭ കൈക്കലാക്കിയതും യെദ്യൂരപ്പ മുഖ്യമന്ത്രിയായതും. അവശേഷിക്കുന്ന എംഎൽഎമാരും അത്താണിയായി കാണുന്നത് ബിജെപിയെത്തന്നെ.
തുടർച്ചയായ മൂന്നു വർഷങ്ങളിൽ പ്രധാനപ്പെട്ട മൂന്നു സംസ്ഥാനങ്ങളിൽ ഒരേ പാറ്റേണിലാണ് കോൺഗ്രസിന് അധികാരം നഷ്ടമായത്. സ്വന്തം എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേക്കേറിയതു മൂലം. മധ്യപ്രദേശിലും കർണാടകത്തിലും ഏറ്റവുമൊടുവിൽ പുതുച്ചേരിയിലും കണ്ടത് ഒരേ തിരക്കഥയുടെ ആവർത്തനം. ഇവിടെയൊക്കെ നാട്ടുകാരുടെ വോട്ടുവാങ്ങി ജയിച്ച കോൺഗ്രസ് എംഎൽഎമാരാണ് ജനവഞ്ചന കാണിച്ച് ബിജെപിയിൽ ചേക്കേറിയത്. ഭാവിയെ താരങ്ങളെന്ന് കൊട്ടിഘാഷിക്കപ്പെട്ട ജ്യോതിരാജ സിന്ധ്യയും സച്ചിൻ പൈലറ്റുമൊന്നും ഇപ്പോൾ കോൺഗ്രസിലില്ല. കേരളം തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ ഇതല്ലേ രാജ്യത്തെ കോൺഗ്രസിന്റെ അവസ്ഥ?

തങ്ങളുടെ നേതാക്കളും ജനപ്രതിനിധികളും അണികളും കൂട്ടത്തോടെ ബിജെപിയിൽ അഭയം തേടുന്ന രാഷ്ട്രീയ സാഹചര്യത്തെ പ്രതിരോധിക്കാൻ എന്തു പരിപാടിയും തന്ത്രവുമാണ് രാഹുൽജിയുടെ പക്കലുള്ളത്? ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രസക്തമായ രാഷ്ട്രീയ ചോദ്യം അതാണ്. മറുപടി പറയാൻ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവിന് ബാധ്യതയും കേൾക്കാൻ കേരളത്തിന് അവകാശവുമുണ്ട്. അതുകൊണ്ട് നാടകം കളി നിർത്തി ഈ രാഷ്ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി തന്റേടം കാണിക്കണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker