LIFEOpinion

SPB നിലാവിന്റെ പാട്ടുകാരൻ

ഷിബു ചക്രവർത്തി

നിശ്ചലമായ ചിത്രങ്ങൾ ചലിച്ച്‌ ചലച്ചിത്രമാകുമ്പോൾ
ചിത്രത്തിന്റെ അതിരുവിട്ട്‌ പറന്നുപോകാറുള്ള ചിത്രപതംഗങ്ങളാണ്‌ നല്ലഗാനങ്ങൾ
ചിത്രങ്ങൾ മറന്നാലും ആഗാനങ്ങൾ നമ്മൾ എടുത്തുവയ്ക്കും
സുഖദു:ഖങ്ങളോട്‌ ചേർത്ത്‌ വയ്ക്കും
ഗതകാലങ്ങളിലേയ്ക്ക്‌ നടക്കാനിറങ്ങുമ്പോൾ
ആ ഗാനങ്ങൾ നമുക്ക്‌ വഴികാട്ടികളാകും
സിനിമയ്ക്ക്‌ അപ്പുറത്തേയ്ക്ക്‌ SPB നമുക്ക്‌ പ്രിയങ്കരനാവുന്നത്‌ ഇവിടെയാണ്‌
നമ്മുടെ പോയ പ്രണയത്തോടൊപ്പം ആ ശബ്ദമുണ്ട്‌
ആയിരം നിലവേ വാ എന്ന് അന്ന് പാടിത്തുടങ്ങിയ ശബ്ദം

1980കളുടെ തുടക്കം
അഞ്ഞൂറ് രൂപയ്ക്ക്‌ ഡെൽഹിയിൽ നിന്ന്
ചെറിയ ടേയ്‌പ്പ്‌ റെക്കാർഡറുകൾ
കേരളത്തിൽ പെയ്തിറങ്ങിയ കാലം
ആകാശവാണിയുടെ തടവറയിൽ നിന്ന്
പാട്ടുകളങ്ങിനെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
ആർക്കും എപ്പോൾ വേണമെങ്കിലും പാട്ടുകേൾക്കാം
എന്ന അവസ്ഥ വന്നു
തമിഴ്‌ സിനിമയിൽ പുതിയൊരു വസന്തം പൂവിട്ടകാലം കൂടിയായിരുന്നത്‌
J മഹേന്ദ്രനെപ്പോലെ ബാലു മഹേന്ദ്രയെപ്പോലെ
ഭാരതിരാജയെപ്പോലുള്ള സംവിധായകർ
ഇളയരാജയെപ്പോലുള്ള സംഗീതകാരന്മാർ
വൈരമുത്തുവിനെപ്പോലുള്ള പുതിയ എഴുത്തുകാർ പുതിയ ശബ്ദങ്ങളും പുതിയമുഖങ്ങളുമായി കുറെയേറെ ഗായകരും അഭിനേതാക്കളും
ഒന്നിനൊന്ന് വ്യത്യസ്തമായ
മണ്ണിന്റെ നനവുള്ള മനുഷ്യന്റെ മണമുള്ള സിനിമകളായിരുന്നു പിന്നീട്‌ നമുക്കു കിട്ടിയത്‌
മുള്ളുംമലരും ഉതിരിപ്പൂക്കൾ കല്ലുക്കുൾഈറം
അഴിയാതകോലങ്ങൾ പതിനാറുവയതിനിലെ കിഴക്കേപോകും റെയിൽ
അങ്ങിനെ എത്ര എത്ര സിനിമകൾ
വയലാറിന്റെ ഭാഷയിൽ പറഞ്ഞാൽ
അപ്സരകന്യകകൾ പെറ്റിട്ട ചിത്രശലഭങ്ങളെപ്പോലെ
ആ ചിത്രങ്ങളിൽ നിന്നെല്ലാം എത്ര എത്ര ഗാനങ്ങൾ
അക്കാലത്തെ മനോഹരമായ
ത്രിമൂർത്തി സംഗമമായിരുന്നു
ഇളയരാജ SPB S ജാനകിമാരുടേത്‌
പൊത്തിവച്ച മല്ലികമൊട്ട്‌ വെക്കത്തെവിട്ട്‌
നമ്മുടെ മനസ്സിൽ ചേക്കേറിയ കാലം
അത്‌ ഞങ്ങളുടെയെല്ലാം യൗവനകാലമായിരുന്നു
പ്രണയത്തിന്റെ പുരുഷസ്വരം ഞങ്ങളെല്ലാം അന്ന് SPB യ്ക്ക്‌ കൊടുത്തു
ചെറുപ്പത്തിൽ പാട്ട പെറുക്കാൻ വന്ന പാണ്ടിയിൽ നിക്ഷേപിച്ചിരുന്ന തമിഴ്‌ ഇമേജ്‌
മനസ്സിൽ നിന്ന് മാഞ്ഞുപോയത്‌ അങ്ങിനെയാണ്‌
SPB യുടെ സ്വരവും ഇളയരാജയുടെ സംഗീതവും
തമിഴിന്റെ സാംസ്കാരിക ഭൂമികയിലേയ്ക്ക്‌
പാട്ടിന്റെ ഒരു പാലം തീർത്തു തന്നു

നാല്പതിനായിരത്തോളം ഗാനങ്ങൾ
പ്രണയവും വിരഹവും ദു:ഖവും മോദവും ജീവിതത്തിന്റെ സമസ്തഭാവങ്ങളും തൊട്ടുതലോടുന്ന ഗാനങ്ങൾ
എന്നിട്ടും ഈ ദു:ഖവെള്ളിയാഴ്ച
പാട്ടു നിലച്ച മൂകതയിൽ നിന്ന് സകലരും
തൊണ്ടയിടറിക്കൊണ്ട്‌ പറഞ്ഞത്‌
SPB എന്ന വലിയ ഗായകന്റെ നന്മയെ കുറിച്ചായിരുന്നു
നല്ലൊരു കലാകാരന്‌
നല്ലൊരു മനുഷ്യനുമാകാമെന്ന്-
ആകണമെന്ന്
SPB സ്വന്തം ജീവിതം കൊണ്ട്‌ നമ്മളെ പഠിപ്പിച്ചു

പ്രസന്നതയുടെ ആൾരൂപമായിരുന്നു SPB
പുഞ്ചിരിക്കുന്നത്‌ മുഖം മാത്രമല്ല
ശരീരം മുഴുവൻ പുഞ്ചിരിക്കും
ആ പുഞ്ചിരിക്ക്‌ എന്തൊരു നിഷ്കളങ്കതയായിരുന്നു
ആദ്യം കണ്ട അന്നുമുതൽ മനസ്സിൽ പതിഞ്ഞതും
അതുതന്നെയായിരുന്നു
വീണ്ടും കാണാൻ കൊതിപ്പിക്കുന്നതായിരുന്നു
SPB യുടെ സാമീപ്യമെന്ന് പല ഗായകരും ഇന്ന് പറയുന്നതും അതുകൊണ്ടാണ്‌

ചേതനയുള്ളതെല്ലാം സൂര്യനിലേയ്ക്ക്‌ ആകർഷിക്കപ്പെടുന്നത്‌
സൂര്യന്റെ കാന്തിക വലയം കൊണ്ടല്ല – മറിച്ച്‌ ആ പ്രകാശകിരണങ്ങളിൽ മുങ്ങിക്കുളിച്ചുണരുമ്പോൾ പ്രപഞ്ചം തന്നെ പ്രസരിപ്പുള്ളതാകുന്നത്‌ കൊണ്ടാണ്‌
ചുറ്റുമുള്ളതിനെയാകെ പ്രകാശമാനമാക്കുന്നതിനാലാണ്‌ സൂര്യനെ നാം പൂജിക്കുന്നത്‌
ഒരിക്കൽ പരിചയപ്പെട്ടവർ പോലും SPB യെ
മനസ്സിൽ എടുത്തു വയ്ക്കുന്നതും അതുകൊണ്ടാകാം
ഗാനമേളകളുടെ വേദിയിൽ SPB യോടൊപ്പം
നിൽക്കുമ്പോഴുള്ള കംഫർട്ടിനെക്കുറിച്ച്‌
ചിത്ര അനുസ്മരിച്ചത്‌ ഓർക്കുക
മറ്റുള്ളവരോടുള്ള സ്നേഹവായ്പ്പ്‌ – കരുതൽ
അതിന്റെ പേരാണ്‌ SPB
കുളിരിൽ സ്നേഹത്തിന്റെ ഇളംചൂടുള്ള കമ്പളം

നിലാവിന്റെ പാട്ടുകാരനെന്ന് തമിഴൻ അരുമയായ്‌ വിളിച്ച SPB പാടിവച്ചതിലേറെയും
തമിഴും തെലുങ്കുമെങ്കിലും
ഹിന്ദി മുതൽ മലയാളം വരെ ഒന്നും ആ നാവിന്‌
വഴങ്ങാതെ വന്നില്ല
ജന്മം കൊണ്ട്‌ മലയാളി അല്ലാത്തവർ
നാവുളുക്കി വീഴാറുള്ള റായും രായും നായും വരെ
SPB പുല്ലുപോലെ പാടിവച്ചു
ഈ കടലും മറുകടലും ഭൂമിയും വാനവും കടന്ന്
അനശ്വരതയുടെ ക്ഷീരപഥത്തിലെ
ജ്വലിക്കുന്ന ധ്രുവനക്ഷത്രമായി മാറും മുൻപ്‌
മനുഷ്യസാദ്ധ്യമായ ആലാപന ഔന്നത്യങ്ങളെല്ലാം
SPB കീഴടക്കിയിരുന്നു
ഉന്നതിയിലും വിനയാന്വിതനായി നിൽക്കുന്ന ഹിമവൽശൈലം പോലെ
സൂവി സൂവി സൂവാലമ്മ…സീതാലമ്മ…
എന്തുകൊണ്ടെന്നറിയില്ല മനസ്സിൽ ഇപ്പോൾ നിറയുന്നത്‌ സ്വാതിമുത്ത്യത്തിലെ ഈ ഗാനമാണ്‌

ശബ്ദങ്ങക്കിടയിലെ നിശബ്ദതയാണ്‌ സംഗീതമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്‌
എങ്കിൽ SPB യുടെ വിയോഗം ആ നിശബ്ദതയാണ്‌
ഇനി വരും തലമുറയ്ക്ക്‌
പഠിക്കാനുള്ള സംഗീത പാഠം
കാതോർക്കുക
ധ്യാനത്തിലമരുന്ന നേരത്തിലുണരുന്ന ശ്വാസത്തിൽ ഒരു സംഗീതമുണ്ട്‌
ആ സംഗീതത്തിനേ അമരത്വമുള്ളു
മറ്റെല്ലാം ശബ്ദതരംഗദൈർഘങ്ങളുടെ
ഇന്ദ്രജാലം മാത്രം
ജാലവിദ്യകൾ ക്ഷണികവും
ശാശ്വതമായത്‌ ദൈവീകവും

ബുദ്ധചരിതത്തിൽ അമ്രപാലിയെന്ന
വിശുദ്ധയാക്കപ്പെട്ട ഒരു സ്ത്രീയെപ്പറ്റി പരാമർശമുണ്ട്‌
അമ്രമെന്നാൽ മാവ്‌
മാവുകളെ പരിപാലിക്കുന്നവൾ അമ്രപാലി
നമ്മൾ മലയാളികൾ ചിതയൊരുക്കാൻ
വെട്ടുന്നതും മാവാണല്ലോ
പച്ചയ്ക്ക്‌ കത്താൻ കരുത്തുള്ള മരമാണ്‌ മാവ്‌
SPB യുടെ അന്ത്യവിശ്രമത്തിന്‌ ശയ്യ ഒരുക്കിയതും
ഒരു മാഞ്ചോട്ടിൽ തന്നെ
ബൗദ്ധമന്ത്രങ്ങൾ ഉരുവിട്ട്‌ അമ്രപാലി അദ്ദേഹത്തിന്റെ ആത്മാവിന്‌ എന്നും തുണയാവട്ടെ
പുനർജ്ജന്മമില്ലാത്ത
നിർവ്വാണമാണ്‌
പരമപദമെന്ന് ബുദ്ധമതം
പക്ഷെ SPB ഈ ഭൂമിയിൽ ഒന്നുകൂടെ ഒന്ന് വന്നുപോയിരുന്നെങ്കിൽ എന്ന്
നമ്മൾ ആശിച്ചു പോകുന്നു

ഇതൊരു അനുശോചനക്കുറിപ്പോ
ആലാപന ചരിത്രമോ അല്ല
മനസ്സ്‌ SPB യിലൂടെ കടന്നുപോയപ്പോൾ
ഉണർന്നു വന്ന ചില ചിന്തകൾ മാത്രം
അകലെ വിണ്ണിന്റെ അതിരിനപ്പുറം നിൽക്കുന്ന
അമര നക്ഷത്ര പ്രതിഭയോടുള്ള
ഒരു ചെറിയ അഭിവാദനം

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker