KeralaLead NewsNEWS

ഇരു ഭാഗത്ത് നിന്നും പ്രകോപനമുണ്ടായി തെറ്റായ കാര്യങ്ങള്‍ സംഭവിച്ചു; ജോജു ജോര്‍ജ് -കോണ്‍ഗ്രസ് വിഷയം ഒത്തുതീര്‍പ്പിലേക്ക്

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജുമായുണ്ടായ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.

ഇരു ഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചു. മനുഷ്യസഹജമായ പ്രശ്‌നങ്ങളാണ് ഉണ്ടായതെന്നും ഇതില്‍ പരിഹരിക്കപ്പെടാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഡി.സി.സി. അധ്യക്ഷന്‍ പറയുന്നു. ജോജുവുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം എം.പി ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുത്തത്.

തിങ്കളാഴ്ച ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് താരത്തിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണെന്നാണ് വിവരം.

Back to top button
error: