KeralaLead NewsNEWS

കേരളത്തില്‍ എലിപ്പനി പടരുന്നു; മരണം 204 ആയി, അതീവ ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ എലിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ 14 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതുള്‍പ്പെടെ ഈ വര്‍ഷം ഇതുവരെ 1195പേര്‍ക്കാണ് പരിശോധനയിലൂടെ എലിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എലിപ്പനിയ്ക്ക് ചികില്‍സയിലായിരുന്ന പത്തനംതിട്ട തിരുമൂലപുരം ഞവനാകുഴി പെരുമ്പള്ളിക്കാട്ട് മലയില്‍ വീട്ടില്‍ അമ്പിളിയുടെ മരണം ഉള്‍പ്പെടെ 45 പേര്‍ രോഗം ബാധിച്ച് മരിച്ചു.

അതേസമയം എലിപ്പനി രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടിയവരുടെ എണ്ണവും കൂടുകയാണ്. ഇന്നലെ വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 1795പേരാണ് രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടിയത്. രോഗ ലക്ഷണങ്ങളോടെ മരണം സംഭവിച്ചവരുടെ എണ്ണം 160 ആണ്. മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമല്ലാത്തതാണ് രോഗ വ്യാപനത്തിന് കാരണമെന്നാണ് വിവരം. മഴ കൂട ആയതോടെ പലയിടത്തും മാലിന്യം ചീഞ്ഞളിഞ്ഞു. ഇത് രോഗം പകരുന്നതിന് കാരണമാകുന്നു.

എലികള്‍ , കന്നുകാലികള്‍, പട്ടി,പൂച്ച എന്നിവയുടെ മൂത്രം വഴി കെട്ടിക്കിടക്കുകയോ ഒലിച്ചിറങ്ങുകയോ ചെയ്യുന്ന വെള്ളത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് എലിപ്പനി. ശരീരത്തിലെ മുറിവുകളിലൂടേയോ അധിക സമയം വെള്ളത്തില്‍ നില്‍ക്കുന്നത് വഴിയോ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം. ശക്തമായ പനി, തലവേദന, പേശികള്‍ക്ക് വേദന, കണ്ണുകള്‍ക്ക് ചുവപ്പുനിറം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് തുടക്കത്തില്‍ തന്നെ ചികില്‍സ എടുത്താല്‍ മരണം ഒഴിവാക്കാം. അല്ലാത്തപക്ഷം ശ്വാസകോശം, കരള്‍,വൃക്കകള്‍,ഹൃദയം എന്നിവയെ രോഗം ബാധിക്കും. പത്തു മുതല്‍ 15 ശതമാനം വരെയാണ് മരണ സാധ്യത.
മലിന ജലവുമായി സമ്പര്‍ക്കം ഉണ്ടായാല്‍ മൂന്ന് മുതല്‍ ആറ് ആഴ്ച വരെ കൃത്യമായ അളവില്‍ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണം.

Back to top button
error: