
ദേശീയപാത 66 (പഴയ എൻ.എച്ഛ്. 17) -ൽ തലപ്പാടി മുതൽ ചെങ്കളവരെയുള്ള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതാണു പദ്ധതി. ഭാരത് മാല പദ്ധതിയിൽ പെടുന്ന ഈ റോഡ് പതിനഞ്ചുവർഷത്തെ പരിപാലനം കൂടി ഉൾപ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണു വികസിപ്പിക്കുന്നത്. രണ്ടുവർഷമാണു നിർമ്മാണകാലാവധി.
രാജ്യാന്തര ടെൻഡറിൽ പങ്കെടുത്ത് അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മേഘ, കെ.എൻ.ആർ. ഗ്രൂപ്പുകൾ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ കരസ്ഥമാക്കിയത്.
ദേശീയപാതാ അതോറിറ്റിയുടെ കരാറിൽ ആദ്യമായാണ് ഊരാളുങ്കൽ സൊസൈറ്റി തനിച്ചു പങ്കെടുക്കുന്നതും കരാർ നേടുന്നതും. കേന്ദ്രസർക്കാരിന്റെ കരാറുകൾ ലഭിക്കുന്ന നിലയിലേക്കുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ വളർച്ച ഗുണമേന്മയ്ക്കും മികച്ച സേവനത്തിനുമുള്ള അംഗീകാരമാണ്.
കേരളത്തിൽനിന്നുള്ള ഒരു കരാർസ്ഥാപനത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ഭാരത് മാല, സുവർണ്ണചതുഷ്ക്കോണ സൂപ്പർ ഹൈവേ തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുന്ന നാഷണൽ ഹൈവേ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഇത്തരം പ്രവൃത്തികളുടെ ടെൻഡറിൽ ഒറ്റയ്ക്കു പങ്കെടുക്കാൻ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരു കരാർസ്ഥാപനം ഊരാളുങ്കൽ സൊസൈറ്റിയാണ്. ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്തു നടത്താൻ കഴിയുന്ന രാജ്യത്തെ ഏക സഹകരണസംഘവും ഊരാളുങ്കലാണ്.
സംസ്ഥാനാതിർത്തിയിൽനിന്നുള്ള ഈ ആദ്യറീച്ചിന്റെ കരാർ 1704.125 കോടി രൂപയ്ക്കാണു സൊസൈറ്റിക്കു ലഭിച്ചത്. ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെൻഡറിനെക്കാൾ 132 കോടി രൂപ കുറവാണിത്. അദാനി ഗ്രൂപ്പ് 1836.49 കോടി രൂപയും മേഘ ഗ്രൂപ്പ് 1965.99 കോടി രൂപയും കെ.എൻ.ആർ. ഗ്രൂപ്പ് 2199.00 കോടി രൂപയുമാണു ക്വോട്ട് ചെയ്തത്.