Social MediaTRENDING

നദീർ വിവാദത്തിന്റെ പിന്നാലെയുള്ള മുഹമ്മദ്‌ ഫർഹാദ് ഇസ്മായിലിന്റെ ഏറ്റുപറച്ചിൽ ചർച്ചയാകുമ്പോൾ

"പീഡോഫീലിയയുമായി ബന്ധപ്പെട്ട എന്റെ മുൻ നിലപാടുകൾ, അതിന്റെ എല്ലാ സാമൂഹിക ഉത്തരവാദിത്വങ്ങളും ഏറ്റുകൊണ്ട് ഞാൻ നിരുപാധികം തള്ളുകയാണ്"

നദി എന്ന നദീറിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതി ഇപ്പോൾ വടകര പോലീസിന്റെ പരിഗണനയിൽ ആണ്.ആക്റ്റീവിസ്റ്റ് ബിന്ദു അമ്മിണിയാണ് സോഷ്യൽ മീഡിയയിലെ നിരവധി പോസ്റ്റുകളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പരാതി നൽകിയത്. ഇതിനിടെയാണ് മുഹമ്മദ്‌ ഫർഹാദ് ഇസ്മായിലിന്റെ ഫേസ്ബുക് പോസ്റ്റ് ചർച്ചയാവുന്നത്.

“പീഡോഫീലിയയുമായി ബന്ധപ്പെട്ട എന്റെ മുൻ നിലപാടുകൾ, അതിന്റെ എല്ലാ സാമൂഹിക ഉത്തരവാദിത്വങ്ങളും ഏറ്റുകൊണ്ട് ഞാൻ നിരുപാധികം തള്ളുകയാണ്. പീഡോഫൈലിനെ സാമൂഹിക നീതിയുടെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള അന്നത്തെ എന്റെ ആലോചന അന്നത്തെ അൽപ്പഞ്ജാനത്തിൽ നിന്നും എടുത്ത് ചാട്ടത്തിൽ നിന്നും ഉള്ളതാണ്. ഞാൻ തിരുത്തിയവയാണെങ്കിലും അവയുടെ പേരിൽ എക്കാലവും ഞാൻ വിമർശിക്കപ്പെടാൻ ബാധ്യസ്ഥനാണെന്ന് തന്നെ കരുതുന്നു.” ഫർഹാദിന്റെ ഫേസ്ബുക് പോസ്റ്റിന്റെ ഒരു ഭാഗമാണിത്.

മുഹമ്മദ്‌ ഫർഹാദ് ഇസ്മായിലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഞാനിത് പലപ്രവശ്യം പറഞ്ഞിട്ടുള്ളതാണ്, വീണ്ടും പറയുന്നു.

ഞാൻ പീഡോഫീലിയയെ കുറിച്ച് സംസാരിച്ചിരുന്ന സമയത്ത് അതെന്റെ രാഷ്ട്രീയ ബോധ്യം ആയിരുന്നു. ഞാൻ ആ സമയത്ത് അതൊരു സെക്ഷ്വാലിറ്റി ആയിട്ടും ലോകത്തിലെ മൈക്രമൈനോരിറ്റി ആയിട്ടും, പ്രായപൂർത്തിയായ ഇണകളുടെ അഭാവത്തിൽ ഒരിക്കലും പരസ്പരസമ്മത രതി സാധ്യമാകാത്ത ലൈംഗിക സ്വത്വം ആയിട്ടുമാണ് മനസ്സിലാക്കിയിരുന്നത്. അവർക്ക് രതിക്കുള്ള അവസരം അനുവദിക്കണമെന്നല്ല മറിച്ച് തങ്ങളുടെ ലൈംഗിക താൽപര്യം വെളിപ്പെടുത്തി,സാമൂഹീകരണത്തിലൂടേയും കിട്ടാവുന്ന ചികിത്സയിലൂടേയും കുറ്റകരമല്ലാത്ത ഒരു ജീവിതത്തിനുള്ള സാമൂഹിക സാഹചര്യങ്ങൾ ആരായണമെന്നാണ് ഞാൻ കരുതിയത്. ശരിക്കും ഞാനൊരു രാഷ്ട്രീയ പ്രവർത്തനം ചെയ്യുന്നു, പൊതുബോധത്തോടും, സാമൂഹിക സദാചാരത്തിനെതിരേയും സമരം ചെയ്യുന്നു എന്ന ബോധ്യത്തോടെയാണ് ഞാൻ ആ വിഷയത്തിൽ ഇടപെട്ടു കൊണ്ടിരുന്നത്.

തികച്ചും വ്യക്തിപരമായി പ്രകോപിപ്പിച്ച ഒരു വ്യക്തിയെ തിരിച്ച് പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഇട്ട കമന്റാണ് വിവാദമായത്. അതിനെ തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ അതുവരെ അനുഭവിച്ചിട്ടില്ലാത്ത സാഹചര്യങ്ങളിലൂടെ കടന്നുപോകുകയും, എവിടെയും നിൽക്കാനാകാതെ വേണ്ടത്ര ഭക്ഷണമൊ വെള്ളമൊ വിശ്രമമൊ മാറിയുടുക്കാൻ വസ്ത്രങ്ങളൊ ഇല്ലാതെ നിരന്തരം യാത്ര ചെയ്യേണ്ടി വന്നു. എനിക്കൊപ്പം നിന്നവരും എന്റെ കുടുംബവും മംഗലാപുരത്ത് പഠിച്ചിരുന്ന എന്റെ അനിയത്തി പോലും പലരീതിയിൽ അപമാനിക്കപ്പെടാൻ തുടങ്ങി. ഫേസ്ബുക്ക് ഓപ്പൺ ചെയ്യുമ്പോഴൊക്കെ എന്റെ മാനസിക നില തെറ്റിക്കുന്ന ചർച്ചകൾ ആയിരുന്നു. അതിന് ഞാൻ സമൂഹത്തെ കുറ്റപ്പെടുത്തുകയല്ല, എന്റെ ഭാഗം പറഞ്ഞതാണ്‌..ആ സാഹചര്യത്തിൽ സമൂഹത്തോട് മുഴുവൻ പക തോന്നുന്ന മാനസികാവസ്ഥയിലേക്ക് ഞാനെത്തി. ആ സാഹചര്യത്തിൽ ഞാൻ എന്നെ പരിഹസിച്ചവരെ എന്നെക്കൊണ്ടാവുന്ന പോലെ പ്രകോപിപ്പിക്കാൻ ശ്രമിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് സ്ക്രീൻ ഷോട്ടുകൾ ആയി നിങ്ങൾ ഇന്ന് കാണുന്നതിൽ പലതും. ചിലർ സാഹചര്യം മുതലെടുത്ത് എന്റെ പേരിൽ ഇല്ലാത്ത കഥകളും അവയെ സപ്പോർട്ട് ചെയ്യുന്ന പുതിയ സ്ക്രീൻ ഷോട്ടുകളും ഉണ്ടാക്കി.

പറഞ്ഞു വന്നത് ഞാൻ പല രാഷ്ട്രീയ ധാരകളും പിന്നിട്ടാണ് ഇന്നത്തെ നിലയിൽ ആലോചിക്കുന്നത്. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ യുറിക്ക ഒക്കെ വായിച്ച് യുക്തിവാദി ആകുകയും, കോളേജിൽ പഠിക്കുമ്പോൾ മുഖ്യധാരാ ഇടതുപക്ഷ അനുഭാവി, തുടർന്ന് മാവോയിസ്റ്റ് അനുഭാവി, തുടർന്ന് അരാജകവാദി, തുടർന്ന് അമാവസംഘമം, സ്വത്വവാദി ഇങ്ങനെ പോകുന്ന രാഷ്ട്രീയ ആലോചനകളിലൂടെ കടന്നുപോയിട്ടുണ്ട്. കൂടാതെ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഉപേക്ഷിച്ചു എന്ന് കരുതിയ ദൈവവിശ്വാസത്തിലേക്ക് ഞാൻ മടങ്ങിവരികയും ചെയ്തു. അതുകൊണ്ട് കൂടിയാണ് എനിക്കിതിങ്ങനെ എഴുതാൻ കഴിയുന്നതും, ഇനി നാളെയും ചിലപ്പോൾ മാറിപ്പോകാം. ഓരോ രാഷ്ട്രീയ ധാരകളിൽ നിൽക്കുമ്പോഴും ഞാൻ വളരെ ആത്മാർത്ഥമായി തന്നെയാണ് ഇടപെട്ടിട്ടുള്ളത്. എന്ന് കരുതി ഒരു തത്വശാസ്ത്രത്തിന്റേയും പേരിൽ അപരനോട് ഏതെങ്കിലും തരത്തിലുള്ള ദ്രോഹത്തിന് ഇന്ന് വരെ മുതിർന്നിട്ടില്ല. ഞാൻ ഇനിയും എങ്ങനെ മാറിയാലും മനുഷ്യൻ എന്ന നിലയിൽ ഉള്ള അടിസ്ഥാന ധാർമികത മാത്രം മാറില്ലെന്ന് മാത്രമേ ഉറപ്പിച്ചു പറയാൻ കഴിയു.

പീഡോഫീലിയയുമായി ബന്ധപ്പെട്ട എന്റെ മുൻ നിലപാടുകൾ, അതിന്റെ എല്ലാ സാമൂഹിക ഉത്തരവാദിത്വങ്ങളും ഏറ്റുകൊണ്ട് ഞാൻ നിരുപാധികം തള്ളുകയാണ്. പീഡോഫൈലിനെ സാമൂഹിക നീതിയുടെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള അന്നത്തെ എന്റെ ആലോചന അന്നത്തെ അൽപ്പഞ്ജാനത്തിൽ നിന്നും എടുത്ത് ചാട്ടത്തിൽ നിന്നും ഉള്ളതാണ്. ഞാൻ തിരുത്തിയവയാണെങ്കിലും അവയുടെ പേരിൽ എക്കാലവും ഞാൻ വിമർശിക്കപ്പെടാൻ ബാധ്യസ്ഥനാണെന്ന് തന്നെ കരുതുന്നു. പക്ഷെ ദയവായി കുട്ടികൾ ഉപദ്രവിക്കപ്പെടുന്ന സാഹചര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പിനായി അവ ഉപയോഗപ്പെടുത്തരുത്. അത്തരം താൽപര്യങ്ങൾ ഉള്ളവർ മനുഷ്യത്വത്തിന്റെ പേരിൽ അത് ഉപേക്ഷിക്കണം. ഇരയാക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ യഥാർത്ഥ അനുകമ്പയുള്ളവർ ഇത്തരം താൽപര്യങ്ങൾ കൂടെ തിരിച്ചറിയണം. ഈ വിഷയത്തിൽ ഇതെന്റെ അവസാന പോസ്റ്റ് ആയിരിക്കില്ല. പീഡോഫീലിയ രാഷ്ട്രീയ ആയുധമാക്കുന്ന സമയത്തൊക്കെ ഞാനത് തള്ളിപ്പറയാൻ ബാധ്യസ്ഥനാണ്.

ഫേസ്ബുക് പോസ്റ്റ് ഇവിടെ അവസാനിക്കുന്നു. എന്തായാലും ഗുരുതരമായ ആരോപണങ്ങൾ ആണ് നദീറിനെതിരെ ഉയർന്നു വന്നിട്ടുള്ളത് ഫർഹാദിന്റെ പോസ്റ്റിൽ തന്റെ മുൻ നിലപാട് സംബന്ധിച്ച കുറ്റസമ്മത സൂചനയുമുണ്ട്. എന്തായാലും നിസ്സഹായരായ കുഞ്ഞുങ്ങളുടെ വിഷയമായതിനാൽ ശക്തമായ നടപടി വേണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ സജീവമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker