KeralaNEWS

വിദേശത്ത് പരിപാടികള്‍ ഉണ്ട്, നോട്ടീസ് നല്‍കിയാല്‍ ഹാജരാകാം: സണ്ണി ലിയോണ്‍

പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും നാട്ടില്‍ വരാമെന്ന് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി ബോളിവുഡ് നടി സണ്ണി ലിയോണ്‍. വിദേശത്ത് പരിപാടികള്‍ നടത്താമെന്ന് ഏറ്റിട്ടുള്ളതിനാല്‍ യാത്രകള്‍ ആവശ്യമുണ്ടെന്നും നോട്ടീസ് നല്‍കിയാല്‍ ഹാജരാകുമെന്നും കോടതിയില്‍ ഉറപ്പു നല്‍കി.

പ്രതികള്‍ ഇന്ത്യ വിടുന്നതിനു അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങണമെന്ന് നിര്‍ദേശിക്കണമെന്ന പരാതിക്കാരന്റെ അഭിഭാഷകന്‍ ആവശ്യം ഉയര്‍ത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം സണ്ണി ലിയോണി ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പരാതിക്കാര്‍ക്ക് വിശദീകരണം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇത് കോടതി അനുവദിച്ചിരുന്നു.

2019ലെ വാലന്റൈന്‍സ് ദിനത്തില്‍ കൊച്ചിയില്‍ സ്റ്റേജ് പരിപാടി നടത്താമെന്ന് ഏറ്റ് പണം വാങ്ങിയിട്ട് സമയത്ത് എത്താതെ പിന്‍മാറിയെന്നു കാണിച്ച് പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. 2019ലാണ് പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തത്. കേസില്‍ ഇവരെ അറസ്റ്റു ചെയ്യുന്നത് കോടതി നേരത്തെ തടഞ്ഞിട്ടുണ്ട്. പണം മുഴുവന്‍ നല്‍കാതെ പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചതിനാലാണ് ഷോയ്ക്ക് എത്താതിരുന്നത് എന്നാണ് ഇവരുടെ വാദം.

അതേസമയം ക്രൈംബ്രാഞ്ച് പരാതിക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയ സാഹചര്യത്തില്‍ തെളിവുകളില്‍ കൂടുതല്‍ വ്യക്തത വരുത്തി മുന്നോട്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. സണ്ണി ലിയോണിക്കു പുറമേ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, മാനേജര്‍ സണ്ണി രജനി എന്നിവരെയാണ് പ്രതികളാക്കിയിട്ടുള്ളത്.

2018 ലായിരുന്നു ഇന്ത്യന്‍ ഡാന്‍സ് ഫിനാലെ എന്ന പേരില്‍ സണ്ണിലിയോണിനെ വച്ച് ആദ്യ പരിപാടി പ്ലാന്‍ ചെയ്തത്. അന്നേ ദിവസം മഴയുണ്ടാകുമെന്ന പ്രവചനത്തെ തുടര്‍ന്ന് അന്നത്തെ പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. പിന്നാലെ കേരളത്തില്‍ പ്രളയം എത്തിയതോടെ പരിപാടി താല്‍ക്കാലികമായി മാറ്റി വയ്ക്കേണ്ടി വന്നു. അങ്കമാലിയിലെ അഡ്ലക്സില്‍ വെച്ചാണ് സണ്ണിലിയോണിന്റെ അടുത്ത പരിപാടി ഷിയാസും സംഘവും പ്ലാന്‍ ചെയ്തത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി ബോളിവുഡില്‍ നിന്ന് ഉള്‍പ്പെടെയുള്ള സംഘം കൊച്ചിയിലെത്തി താമസിക്കുമ്പോഴാണ് സണ്ണിലിയോണ്‍ പരിപാടിയില്‍ നിന്നും പിന്മാറുന്നത്. 30 ലക്ഷം രൂപയാണ് ഈ പരിപാടിക്ക് പ്രതിഫലം പറഞ്ഞു ഉറപ്പിച്ചിരുന്നതെങ്കിലും വെള്ളപ്പൊക്കം മൂലം 5 ലക്ഷം രൂപ കുറയ്ക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് പരിപാടി അടുത്തപ്പോള്‍ 30 ലക്ഷം രൂപ തീര്‍ത്തും തരണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു.

സണ്ണി ലിയോണിനെ വെച്ച് ബെഹ്റനില്‍ നടത്താന്‍ പ്ലാന്‍ ചെയ്തിരുന്ന പരിപാടിയുടെ അഡ്വാന്‍സ് തുകയായ 19 ലക്ഷം അവരുടെ കയ്യില്‍ ഉണ്ടായിരുന്നപ്പോഴാണ് ഇത്തരത്തില്‍ തുകയെ പറ്റി ഒരു വാഗ്വാദം ഉണ്ടാവുന്നത്. ബഹ്റനിലെ പരിപാടി സണ്ണി ലിയോണ്‍ ഒരു പോണ്‍സ്റ്റാര്‍ ആണെന്ന പേരില്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ നീണ്ടു പോയി. ഈ പരിപാടിയില്‍ നിന്നും പിന്മാറാന്‍ സണ്ണിലിയോണ്‍ പറയുന്ന കാരണം ഏഴു ദിവസം മുന്‍പ് പണം നല്‍കിയില്ല എന്നുള്ളതാണ്. അങ്ങിനെയെങ്കില്‍ ഏഴു ദിവസത്തിനുള്ളിലായിരിക്കണം അവര്‍ പരിപാടി റദ്ദാക്കേണ്ടി ഇരുന്നത്. പകരം പരിപാടിയുടെ തലേ രാത്രി മുഴുവന്‍ തുകയും കൈപ്പറ്റിയ ശേഷം പരിപാടിയില്‍ നിന്നും പിന്‍വലിയുകയാണെന്ന് ട്വീറ്റ് ചെയ്തത് എന്ത് മര്യാദയുടെ പുറത്താണെന്ന് ഷിയാസ് ചോദിക്കുന്നു. പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് ഒന്നരക്കോടി രൂപയോളം ആണ് അന്നേദിവസം ഒറ്റയടിക്ക് നഷ്ടം സംഭവിച്ചത്. പരിപാടി കാണാന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് എല്ലാം തുക തിരിച്ചു നല്‍കേണ്ടി വന്നു. പോലീസില്‍ 1,70,000 രൂപ കെട്ടി വെക്കേണ്ടി വന്നു.

തിരുവനന്തപുരത്തെ പരിപാടിക്ക് 15 ലക്ഷം രൂപയും കൊച്ചിയിലെ പരിപാടിക്ക് 25 ലക്ഷം രൂപയും ആയിരുന്നു വാക്കു ഉറപ്പിച്ചത്. എന്നാല്‍ കൊച്ചിയിലെ പരിപാടിക്ക് വേണ്ടി അഞ്ച് ലക്ഷം രൂപ അധികം വേണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. /പണം നല്‍കിയതിനുശേഷം വീഡിയോ ബൈറ്റും കരാര്‍ ഒപ്പിട്ടതും തരാം എന്ന് പറഞ്ഞിരുന്നു എങ്കിലും അവര്‍ അതും നല്‍കിയില്ല.വാലന്റ്‌റൈന്‍സ് ഡേയുടെ അന്നത്തെ പരിപാടി ഡിസംബര്‍ 31 ന് സണ്ണിലിയോണ്‍ പ്രഖ്യാപിക്കും എന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവരുടെ ഭാഗത്തുനിന്നും അത്തരത്തിലുള്ള യാതൊരുവിധ നടപടിയും ഉണ്ടായില്ല. മറിച്ച് ജനുവരി 13നാണ് ഫെബ്രുവരി14 ന് നടക്കേണ്ട പരിപാടിയെപ്പറ്റിയുള്ള അറിയിപ്പ് പുറത്തെത്തിയത്. ഇത് ടിക്കറ്റ് വില്‍പ്പനയെ സാരമായി ബാധിച്ചു. പണം നഷ്ടപ്പെട്ട സംഭവത്തില്‍ പരാതി നല്‍കിയിട്ട് രണ്ടു വര്‍ഷം ആയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. കഴിഞ്ഞ ദിവസം സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയ ശേഷമാണ് പൊലീസ് മൊഴിയെടുക്കാന്‍ തയ്യാറായത്. സണ്ണിലിയോണിന്റെ നിസ്സഹകരണം കൊണ്ട് മാത്രം വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ് താനും പരിപാടിയുടെ സ്പോണ്‍സറുമെന്ന് റിയാസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker