Social MediaTRENDING

ഈ നാട്ടിൽ ഇത്രയും കാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയ പരിചയസമ്പന്നരായ യുഡിഎഫ് നേതാക്കളുടെ പ്രസക്തിയും പ്രാധാന്യവും സംസ്ഥാന രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ടു എന്ന് തുറന്നടിക്കുകയാണ് മനോരമ

ഡോ. ടി എം തോമസ് ഐസക്ക്

പൊതുജനാഭിപ്രായം യുഡിഎഫിന് അനുകൂലമാക്കാനെന്ന വ്യാജേനെ മനോരമ പ്രയോഗിക്കുന്ന പൊടിക്കൈകൾ പലപ്പോഴും ചിരിയ്ക്ക് വക നൽകുന്നതാണ്. യുഡിഎഫുകാർക്ക് ഒരു വായനാസുഖം പകരുക എന്നതിനപ്പുറം ലക്ഷ്യമൊന്നും ആ കൃത്യത്തിനില്ല. “‘രാഹുൽ ഫാക്ടർ’ ചാടിക്കടക്കേണ്ട രാഷ്ട്രീയ കടമ്പ: ‘സിപിഎം വ്യാമോഹം’ വെറുതെ” എന്ന തലക്കെട്ടിലെ സൃഷ്ടിയുടെ ഉദ്ദേശവും അതുതന്നെ. ഇതുപക്ഷേ, ചിരിപ്പിച്ചുകൊണ്ടുള്ള ചെകിട്ടത്തടിയായിപ്പോയി.

യുഡിഎഫ് യോഗത്തിലെ ചർച്ചയുടെ രൂപത്തിലാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. അതു വായിച്ചാൽ വായനക്കാരന്റെ മനസിൽ തെളിയുന്ന ദൃശ്യമോ, “ഞങ്ങളൊന്നും കൂട്ടിയാൽ കൂടില്ല പൊന്നു രാഹുൽജീ” എന്ന് നിലവിളിച്ച് വയനാട് എംപിയുടെ കാലിൽ കെട്ടിപ്പിടിച്ചു കേഴുന്ന യുഡിഎഫ് നേതാക്കളുടെ ദയനീയ ദൃശ്യവും.

ഈ നാട്ടിൽ ഇത്രയും കാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയ പരിചയസമ്പന്നരായ യുഡിഎഫ് നേതാക്കളുടെ പ്രസക്തിയും പ്രാധാന്യവും സംസ്ഥാന രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ടു എന്ന് തുറന്നടിക്കുകയാണ് മനോരമ. “രാഹുൽ ഫാക്ടർ” എന്ന പ്രയോഗത്തിന്റെ വ്യംഗ്യം അതാണ്. ഈ ഊന്നുവടിയും പിടിച്ച് എത്രകാലം യുഡിഎഫുകാർ നടക്കും എന്ന് ആരും ആത്മഗതപ്പെട്ടുപോകും! കുഞ്ഞാലിക്കുട്ടി ചെയ്തതുപോലെ എംപി സ്ഥാനം രാജിവെച്ച് ഏതെങ്കിലും അസംബ്ലി മണ്ഡലത്തിൽ മത്സരിക്കണം എന്ന അഭ്യർത്ഥന കൂടി യുഡിഎഫ് യോഗത്തിലുണ്ടായി എന്ന റിപ്പോർട്ടു കൂടി പ്രത്യക്ഷപ്പെട്ടാൽ ചിത്രം പൂർണമാകും.

ഈ കോമഡി സ്ക്രിപ്റ്റ് എഴുതിയ ലേഖകനെ മനോരമയുടെ ഒരു പഴയ നമ്പർ ഞാനോർമ്മിപ്പിക്കാം. 2011ലെ ഇലക്ഷൻ കാലത്താണ് സംഭവം. അന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസം ജില്ലാതല തിരഞ്ഞെടുപ്പ് അവലോകനവുമായി മനോരമ അവതരിച്ചു. അതിൽ രാഷ്ട്രീയകേരളത്തെ ലോകാവസാനം വരെ പൊട്ടിച്ചിരിപ്പിക്കാൻ പോന്ന ചിരിയുടെ കരിമരുന്നു പ്രയോഗങ്ങളുണ്ടായിരുന്നു. അവ ആസ്വദിക്കൂ.

ആലപ്പുഴ ജില്ലയെക്കുറിച്ചുള്ള അവലോകനം ഇങ്ങനെയായിരുന്നു..

===“സോണിയാഗാന്ധി, രാഹുൽ ഗാന്ധി, എ കെ ആന്റണി തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ മിന്നുന്ന സന്ദർശനം അവസാന റൌണ്ടിൽ യുഡിഎഫിന് മേൽക്കൈ സമ്മാനിച്ചിട്ടുണ്ട്. ഇടതുമുന്നണി സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി നേരത്തെ കളത്തിലിറങ്ങിയെങ്കിലും അവസാന റൌണ്ടിൽ രംഗം കൊഴുപ്പിച്ചത് യുഡിഎഫ് ആണ്”===.
ഇതു വിശ്വസിച്ച ആലപ്പുഴയിലെ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നേതാക്കളുടെ കോരിത്തരിപ്പിന് വോട്ടെണ്ണൽ ദിവസം വരെ ആയുസുണ്ടായിരുന്നു.

വോട്ടെണ്ണിയപ്പോഴോ, ഒമ്പതിൽ ഏഴും എൽഡിഎഫിന്.

“പതിനൊന്ന് സീറ്റിൽ ഒമ്പതു വരെ ജയിക്കാമെന്ന ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം തകർത്ത് യുഡിഎഫ് ബഹുദൂരം മുന്നിലെത്തിയതാണ് കഴിഞ്ഞ പത്തു ദിവസത്തിനിടയിലുണ്ടായ പ്രധാനമാറ്റം” എന്നെഴുതി കൊല്ലത്തെ യുഡിഎഫുകാരെയും മനോരമ സുഖിപ്പിച്ചു.

പക്ഷേ, വോട്ടെണ്ണിയപ്പോൾ പതിനൊന്നിൽ ഒമ്പതും എൽഡിഎഫിന്.

“തുടക്കത്തിൽ പിന്നിലായതിന്റെ കേടു തീർത്ത് അഭിപ്രായ സർവേകളിലും ഇന്റലിജൻസ് റിപ്പോർട്ടുകളിലും മുന്നിലെത്തിയത് യുഡിഎഫിന് ഗുണം ചെയ്തു” എന്നെഴുതിയാണ് കോഴിക്കോട്ടെ പാവം യുഡിഎഫ് നേതാക്കളെ ആനന്ദക്കാവടി തുള്ളിച്ചത്. ഫലം വന്നപ്പോൾ പതിമൂന്നിൽ പതിനൊന്നും എൽഡിഎഫിന്.

മനോരമയുടെ നിരീക്ഷണങ്ങൾക്കും വിശകലനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും ഇത്ര വിലയേ ഉള്ളൂ. യുഡിഎഫുകാർക്ക് ഒരു നൈമിഷികാനന്ദം നൽകുക. പക്ഷേ, ഒറ്റവായനയിൽ, സൂക്ഷനിരീക്ഷണത്തിന്റെയും ആധികാരികതയുടെയുമൊക്കെ നാട്യമുണ്ടാവും. ഇവിടെ ഉദ്ധരിച്ച വാചകങ്ങളുടെ ഘടന നോക്കൂ. അത്രയ്ക്ക് ആധികാരികമായിട്ടല്ലേ പ്രവചനം! നടന്നത് എന്തെന്ന് നമുക്കറിയാം.

യുഡിഎഫിന്റെ പ്രചാരണം മൊത്തത്തിൽ ഒരു കോമഡിയാണ്. സ്വയം ചിരിച്ചും നാട്ടുകാരെ ചിരിപ്പിച്ചും അതങ്ങനെ മുന്നേറട്ടെ. മലയാളഹാസ്യസാഹിത്യ ശാഖയ്ക്ക് മുതൽക്കൂട്ടാകുന്ന ഇത്തരം സൃഷ്ടികൾ ഇനിയും നമുക്ക് വായിക്കാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker