NEWSPravasi

അസർബൈജാനി എന്ന അഞ്ജാതൻ…

അയാൾ സ്വന്തം വയറിലേയ്ക്ക് വിരൽ ചൂണ്ടി...! വിശപ്പാണ് ഏറ്റവും കടുത്ത വികാരം...!

നത്ത ഏങ്ങലടികൾ ജനാലയ്ക്കു കീഴെ അസഹ്യമാകുന്നതു കേട്ടു കൊണ്ടാണ് ഞാൻ അസമയത്ത് കട്ടിലിൽ എഴുന്നേറ്റിരുന്നത്. പിന്നെ നടന്നു ചെന്നു ജനൽ പാളി തുറന്നു നോക്കി. കനത്ത മഞ്ഞിൽ മൂടിയിരുന്ന കെട്ടിടത്തിനു താഴെ അവ്യക്തമായി എന്തോ കാണാമെന്നതൊഴിച്ചാൽ ആളെ തിരിച്ചറിയത്തക്ക വണ്ണം ഒരു സൂചനയും ഇല്ല. മൊബൈൽ ടോർച്ചു തെളിച്ചു ബാത്ത് റൂമിലേയ്ക്കു നടന്നു. താഴെ നിന്നുള്ള നിലവിളി ശബ്ദം നിലച്ചിട്ടില്ല.

പ്രഭാത കൃത്യങ്ങൾ നടത്തുന്നതിനിടയിൽ ഞാൻ ചെവി വട്ടം പിടിച്ചു. അപരിചിതമായ ഏതോ ഭാഷയിലാണയാൾ പയ്യാരം പറയുന്നത്. ഇന്ത്യൻ ഭാഷകളോ അഫ്ഗാനിയോ ഒക്കെ കേട്ടാൽ എനിക്കു കുറച്ചു തിരിച്ചറിയാൻ കഴിയും. അവയൊന്നുമല്ല ഏങ്ങലടിക്കാരന്റെ ഭാഷ എന്നത് എന്നിലെ കൗതുകം ഇരട്ടിപ്പിച്ചു. പ്രഭാത കൃത്യങ്ങൾ കഴിഞ്ഞതും ഞാൻ താഴേയ്ക്കിങ്ങി, കരച്ചിലിന്റെ ഉറവിടം ലക്ഷ്യമാക്കി നടന്നു.

പഴന്തുണികെട്ടു പോലെ ഒരു സഞ്ചി മുഖത്തോടു ചേർത്തു വെച്ചിട്ടു ജനലോരം ചേർന്നു കിടക്കുന്ന ഒരജാനബാഹുവായ മനുഷ്യനാണ് കരച്ചിലിന്റെ ഉറവിടം എന്നു മനസ്സിലാക്കി. ഞാൻ അയാളോടു ചേർന്നിരുന്ന് ആ ചുമലിൽ തോണ്ടി വിളിച്ചു. പ്രതീക്ഷിക്കാത്ത സമയത്തു മനുഷ്യ സ്പർശമേറ്റവനെപ്പോലെ അയാൾ ചാടിയെഴുന്നേറ്റു തല കുടഞ്ഞെന്നെ നോക്കി.

“നിങ്ങളൊരു വെള്ളക്കാരനാണോ…?”ചോദ്യം മനസ്സിലാക്കാത്ത വണ്ണം അയാൾ എന്റെ കണ്ണുകളിലേയ്ക്കു മിഴിച്ചു നോക്കി.”നിങ്ങളെന്തിനാണ് കരയുന്നത്…?” ചോദ്യങ്ങൾ ബയണറ്റു തുറന്നു വിട്ടതു പോലെ ഓരോന്നോരോന്നായി എന്നിൽ നിന്നും പ്രവഹിക്കുകയാണ്. അയാൾക്കൊന്നിനും മറുപടിയില്ല. സഞ്ചി തുറന്നന്ന് ഒരു പാസ്‍പോർട്ട് അയാൾ എനിക്കു നേരെ നീട്ടി ! പഴയ സോവിയേറ്റു നാടുകളുടെ ഭാഗമായിരുന്ന ഇപ്പോഴത്തെ ബാൽക്കൺ റിപ്പബ്ലിക്കുകളിൽ ഒന്നിൽ നിന്നാണയാൾ വരുന്നത് … അസർബൈജാനി.
“എന്തിനാണ് നീ കരയുന്നത്…?”

ആംഗ്യ ഭാഷയിൽ ഞാൻ ബിരുദാനന്തര ബിരുദധാരിയാണ്. അയാൾ സ്വന്തം വയറിലേയ്ക്ക് വിരൽ ചൂണ്ടി…! വിശപ്പാണ് ഏറ്റവും കടുത്ത വികാരം…! “വരൂ എന്റെ കൂടെ മുകളിലെ മുറിയിലേയ്ക്കു വരൂ…” ഞാനയാളെ സ്നേഹപൂർവ്വം എന്റെ ഭക്ഷണ മേശയിലേയ്ക്കു ക്ഷണിച്ചു. ഇരുന്നിടത്തു നിന്നും എഴുന്നേൽക്കാൻ തയ്യാറായില്ല അയാൾ. എന്നു മാത്രമല്ല വയറിലേയ്ക്കു കൈചൂണ്ടി ഉറക്കെ എന്തൊക്കയോ അപരിഷ്കൃതമായ ഭാഷയിൽ പിറു പിറുത്തു കൊണ്ടേയിരുന്നു.

നേരം പരപരാ വെളുത്തു വരുന്നു. കൂടുതൽ ആളുകൾ താഴേയ്ക്ക് വന്നു. വിദേശി ഇരുന്ന ഇരുപ്പിൽ നിന്നും പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞ് എഴുനേറ്റു. ഒരു നിമിഷം എന്താണു സംഭവിക്കുന്നതെന്നു ഞാൻ മനസ്സിലാക്കും മുമ്പ് മിന്നൽ വേഗത്തിൽ ബാഗും തൂക്കി അയാൾ മുന്നോട്ടു നടന്നു നീങ്ങി. ഒരവധി ദിവസത്തെ ഉറക്കം കളഞ്ഞ ദു:ഖത്തെ മനസാ ശപിച്ചു ഞാൻ മുകൾനിലയിലെ മുറിയിലേയ്ക്കു കയറിപ്പോയി.

സഹമുറിയന്മാർ അപ്പോഴും ഉറക്കത്തിന്റെ നാലാം യാമം വിട്ട് ഉണർന്നിട്ടുണ്ടായിരുന്നില്ല. ഒരു പാടു ചിന്തകൾ രാവിലെ കേട്ട കരച്ചിലിനു പിന്നാലെ ഞാൻ വ്യയം ചെയ്തു. ആര്…? എന്ത്…? എന്തിന്…? അങ്ങനെ വ്യക്തമല്ലാത്ത ഒരു പാട് ഉത്തരങ്ങൾ ക്രമപ്പെടുത്താൻ ശ്രമിച്ചു കട്ടിലിൽ കിടന്ന ഞാൻ മയങ്ങിപ്പോയി പിന്നെകണ്ണ് തുറന്നത് സഹമുറിയന്മാരിൽ പുറത്തു പോയി വന്നൊരാൾ പറഞ്ഞതു കേട്ടാണ്:

“രണ്ടു കെട്ടിടത്തിനപ്പുറം ഒരാൾ മരിച്ചു കിടക്കുന്നു…! മുമ്പിവിടെ കണ്ടിട്ടുള്ള ആളല്ല..!”
ഒരു നിമിഷം ഉള്ളിലൂടെ ഒരു വാൾ കടന്നു പോയി. രാവിലെ എന്റെ കൺ മുന്നിൽ നിന്നും ഓടി പോയ ആൾ…!

മുകളത്തട്ടിലെ നിലയിൽ നിന്നും വലിയാരു ജനക്കൂട്ടം താഴെ നടക്കുന്ന പോലീസ് നടപടികൾ വീക്ഷിക്കുകയാണ്. ഒന്നും അറിയാത്തവനെപ്പോലെ ഞാനും അവരുടെ കൂട്ടത്തിലേയ്ക്കു നുഴഞ്ഞു കയറി പോലീസ് ആംബുലൻസുമായി വന്നു മൃതദേഹം കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങളിലാണ്. രാവിലെ എന്തായിരിക്കും അയാൾ ഉദരത്തിലേയ്ക്കു കൈ ചൂണ്ടി എന്നോടു സംസാരിക്കാൻ ശ്രമിച്ചതെന്ന് ഓർത്തു. വിശന്നിട്ടോ…?വേദനിച്ചിട്ടോ…? അതോ അമിതമായ അളവിൽ എന്തെങ്കിലും ആമാശയത്തിൽ കുടുങ്ങിയിട്ടോ…?

പിറ്റേന്ന് പോലീസ് പുറത്തു വിട്ട രണ്ടരകിലോ കൊക്കയ്ൻ പാക്കുകളുടെ ഫോട്ടോ എന്നെ അത്ഭുത പരതന്ത്രനാക്കി . മെലിഞ്ഞു നീണ്ട അയാളുടെ ഉദരത്തിൽ വലിയ സ്വപ്‌നങ്ങൾ ഒളിപ്പിച്ചിട്ടാണയാൾ രാവിലെ അലറിക്കരഞ്ഞതെന്ന ഓർമ്മ എന്നിലൊരു വിറയലുണ്ടാക്കി…

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker