NEWS

‘ചില്ലുമേടയിലിരുന്ന് കല്ലെറിയല്ലേ…’ ജോജു ജോര്‍ജിനെ ആക്രമിക്കുന്ന കോൺഗ്രസുകാരോട് സംവിധായകൻ അഖിൽ മാരാരുടെ അപേക്ഷ

നടന്‍ ജോജു ജോര്‍ജാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഭരിക്കുന്നത്. വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചതിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ വാഹനം അടിച്ചു തകര്‍ത്തത്. മാത്രമല്ല ജോജുവിനെതിരെ സംഘടിതമായ ആക്രമണമാണ് അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നത്. പക്ഷേ സോഷ്യല്‍മീഡിയയില്‍ ജോജു ജോർജ് താരമായി മാറി. നിരവധി പേരാണ് അഭിനന്ദനവും പിന്തുണയുമായി എത്തുന്നത്.

ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജോജു ജോർജുമായി സംസാരിച്ച സംവിധായകൻ അഖിൽ മാരാരിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്‌…

“ജോജു ജോർജ് എന്ന വ്യക്തി ആകെ ചെയ്ത തെറ്റ് റോഡിലെ ബ്ലോക്കിൽ പെട്ട് കിടന്നപ്പോൾ വഴിയിലെ ഒരു യാത്രക്കാരന്റെ വിഷമം കേട്ട് അയാൾക്ക് വേണ്ടി സംസാരിക്കാൻ ചെന്നു എന്നതാണ്. രണ്ട് മണിക്കൂറായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും ഒരു മര്യാദ വേണ്ടേ എന്നുമാണ് ജോജു ജോര്‍ജ് ചോദിച്ചത്. നൂറ് കണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടന്നത്.
സംസാരിച്ചത് വിനയത്തോടെ ആയിരുന്നില്ല.
ഇക്കാരണത്താൽ അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയും തെറി വിളിക്കുകയും വാഹനം തല്ലി തകർക്കുകയും ചെയ്തു.
കലി അടങ്ങാതെ കള്ള് കുടിയനും പെണ്ണു പിടിയനും ക്രിമിനലും ഗുണ്ടയും ആക്കി ചിത്രീകരിച്ച് ഫേസ്‌ബുക്കിലൂടെയും ചാനൽ ചർച്ചകളിലൂടെയും നിരന്തരം അപഹസിച്ച് ആസ്വദിക്കുകയാണ് കുറേ കോൺഗ്രസുകാർ.
ഇന്നലെ ചാനൽചർച്ചയിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു, കളളല്ലെങ്കിൽ കഞ്ചാവ് അടിച്ചിട്ടുണ്ടായിരിക്കും എന്ന്.

‘ഇവനൊക്കെ എതിരെ മാനനഷ്ടക്കേസ് എടുത്ത് അകത്തിടുകയാണ് ചേട്ടാ വേണ്ടത്’ എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പ്രതികരിച്ചത് ആകെ തകർന്ന മട്ടിലാണ്:

“വേണ്ടെടാ അവരെന്തോ കാണിക്കട്ടെ. എന്റെ വണ്ടി അടിച്ചു പൊട്ടിക്കുകയോ എന്നെ അടിക്കുകയോ എന്റെ സിനിമ ഷൂട്ടിങ് മുടക്കുകയോ എന്തോ ചെയ്യട്ടെ.
പക്ഷേ എന്തിനാണ് അവർ എന്റെ ഭാര്യയെയും അപ്പനെയും അമ്മയെയും തെറി വിളിക്കുന്നത്.
ഞാൻ ഇനി സോഷ്യൽ മീഡിയയിൽ ഒന്നുമില്ലെടാ. എനിക്കതെന്നും വേണ്ട.
ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം ഇല്ലാത്ത ഒരു നടനായി ആരെങ്കിലും വേണ്ടേ.
എന്റെ മക്കൾ എന്തിനാ അവരടപ്പനെ നാട്ടുകാർ തെറി വിളിക്കുന്നത് കേൾക്കുന്നത്.
കൂടിപ്പോയാൽ അവരെന്തു ചെയ്യും എന്നെ സിനിമയിൽ അഭിനയിപ്പിക്കില്ല. അത്രയല്ലെ ഉള്ളു.
എനിക്കതും വേണ്ട.

എനിക്ക് മനസിലാവാത്തത് ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്നാണ്. നിനക്കറിയമല്ലോ എനിക്കു രാഷ്ട്രീയ കാര്യങ്ങളൊന്നും അറിയില്ല. അറിയാനോട്ട് ആഗ്രഹവുമില്ല.. ഞാൻ എന്തിനാ കോൺഗ്രസ്സിനെ തകർക്കുന്നത്…?

ഈ ബൽറാമും ഷാഫിയുമൊക്കെ എന്താ ഇങ്ങനെ, എന്തിനാണ് അവർ എന്നെ ദ്രോഹിക്കുന്നത്..?

ഒന്നും മിണ്ടാൻ കഴിയാതെ കേട്ടിരിക്കാനെ എനിക്ക് കഴിയുന്നുള്ളു.

അഖിലേ നിനക്കറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരോടു പറ എനിക്ക് 3 മക്കൾ ഉണ്ടെന്ന്…

ദാ ഇപ്പോ, കഴിഞ്ഞ ആഴ്ച്ച ചാവക്കാട് ഞാൻ ആരെയോ തെറി പറഞ്ഞെന്നുള്ള ഒരു വീഡിയോ ഇറക്കിയിക്കുന്നു.
കുറെ നാൾ മുൻപു നടന്ന സംഭവമാണ്.

ഒരു പയ്യൻ ഓവർസ്പീഡിൽ വന്ന് ഒരു കാറിൽ ഇടിച്ച ശേഷം ആ കാറിലിരിക്കുന്ന വീട്ടുകാരെ തെറി പറയുകയാണ്.
ഞാൻ ഇതെല്ലാം കണ്ടോണ്ട് ഇരിക്കുന്നുണ്ടായിരുന്നു.
സഹികെട്ട് ഞാൻ ഇറങ്ങി ചെന്ന് പറഞ്ഞു: ‘ടാ ഒരു മര്യാദ കാണിക്കണ്ടേ’ എന്ന്. അവന്റെ വർത്തമാനം കേട്ടാൽ ആരാണേലും ഒന്ന് പൊട്ടിച്ചേനെ…
അവന്മാർ ഇത് വഷളാക്കുന്നതുകൊണ്ട് നീ ഒന്ന് അറിഞ്ഞിരിക്കാൻ പറഞ്ഞതാ…”

അദ്ദേഹം പറഞ്ഞതൊക്കെ ശ്രദ്ധാപൂർവ്വം കേട്ടതിനു ശേഷം ഞാൻ പറഞ്ഞു.

“ചേട്ടാ ബോധവും വിവരവും ഉള്ള നിരവധി കോൺഗ്രസ് നേതാക്കൾ ചേട്ടനോട് കാണിച്ചത് ശരിയായില്ലെന്ന് അഭിപ്രായം ഉള്ളവരാണ്…
കേരളത്തിലെ 90 ശതമാനം ജനതയും ചേട്ടനൊപ്പമാണ്..
പിന്നെ കുറെ ക്രിമികൾ കിടന്ന് പുളയ്ക്കുകയാണ്..എങ്ങനെ കോൺഗ്രസ്സിനെ ഇല്ലാതാക്കാം എന്ന ഗവേഷണം നടത്തുന്ന ആൾക്കാരാണത്.
ചേട്ടൻ ഇതിലൊന്നും തളരണ്ട…”

“നീ വീട്ടിലോട്ടു വന്ന് നോക്ക്… പോലീസ് കാവലിൽ ജീവിക്കേണ്ട ഗതി കെട്ട അവസ്ഥയിൽ ആയി പോയി ഞാൻ…”

എന്റെ അറിവിൽപെട്രോളിനും ഡീസലിനും വില കൂട്ടിയത് ജോജു അല്ല..
നമ്മളിൽ ഭൂരിഭാഗത്തിന്റെയും നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണെന്നറിയാം, എങ്കിലും പറയുന്നു:

ജനങ്ങളോടുള്ള ആത്മാർഥത കൊണ്ടാണ് സമരം ചെയ്യുന്നതെങ്കിൽ അടിച്ചു തകർക്കേണ്ടത് മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും വാഹനങ്ങളാണ്.
അതല്ലാതെ സാധാരക്കാരനെ വഴിയിൽ തടഞ്ഞിട്ട ശേഷം കൂട്ടംകൂടി നിന്ന് സെൽഫി എടുത്തു പത്രത്തിൽ കൊടുക്കാനാണെങ്കിൽ, ഇരകളായി ഇതുപോലെആയിരം ജോജുമാർ കേരളത്തിൽ ഉണ്ടാവും..

ജനങ്ങളെ ദ്രോഹിച്ചു കൊണ്ടുള്ള സമരം ജനാധിപത്യ സമരം അല്ല ജനാധിപത്യ വിരുദ്ധ സമരമാണ്.

നടുവൊടിഞ്ഞു കിടക്കുന്ന സാധാരണക്കാരന്റെ നടുവിൽ കയറി നൃത്തം ചെയ്തിട്ട് അവന്റെ നടു വേദന മാറാൻ ആണ് എന്ന് പറയും പോലെ ആണ് പെട്രോൾ വില കുറയ്ക്കാൻ ജനത്തെ വഴിയിൽ തടഞ്ഞിടുന്നത്..

കോൺഗ്രസ്സിനോടും സ്നേഹം
ജോജുവിനോടും സ്നേഹം”

(*പൊതുരംഗത്ത് സജീവമായി ഇടപെടുന്ന അഖിൽ മാരാർ ഉടൻ റിലീസ് ചെയ്യുന്ന ‘ഒരു താത്വിക അവലോകനം’എന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രത്തിൻ്റെ സംവിധായകനാണ്.)

Back to top button
error: