NEWSPravasi

പാവം പ്രവാസികളെ ജീവനോടെ ചുട്ടുകൊല്ലരുതേ … മിനി പത്മ

യുഎഇയില്‍ നിന്ന് 85-150 ദിര്‍ഹം നല്‍കി പി.സി.ആര്‍ ടെസ്റ്റ് എടുക്കുന്നു. 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ ടെസ്റ്റ് ഫലവുമായി നാട്ടിലെത്തുന്നു. അവിടെ ഇറങ്ങിയ ഉടന്‍ അടുത്ത പി.സി.ആര്‍ ടെസ്റ്റ്. ഇതിന് 1700 രൂപ. ഫലം നെഗറ്റീവായാലും ക്വാറന്റൈന്‍ 14 ദിവസം. ഏഴു ദിവസം കഴിഞ്ഞ് വീണ്ടും പി.സി.ആര്‍ എടുത്ത് നെഗററ്റീവായാല്‍ പുറത്തിറങ്ങാം. (14 ദിവസം പുറത്തിറങ്ങിപോകരുതെന്ന് വിമാനതാവളത്തില്‍ നിര്‍ദ്ദേശമുണ്ട്…എന്തിന്..!)

ഇനി തിരിച്ച് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോകാന്‍ വീണ്ടും പി.സി.ആര്‍ ടെസ്റ്റ്. അതത് രാജ്യങ്ങളിലെ വിമാനതാവളങ്ങളില്‍ ലാന്‍ഡ് ചെയ്താല്‍ വീണ്ടും കൊവിഡ് പരിശോധന, അത് സൗജന്യം. അവധിക്ക് നാട്ടിലെത്തി തിരിച്ചുപോകാന്‍ 5 കൊവിഡ് ടെസ്റ്റ്. അതില്‍ ഒന്ന് മാത്രം സൗജന്യം.

1 ദിര്‍ഹത്തിന് കൂടിപോയാല്‍ 20 രൂപയ്ക്കടുത്താണ് ഇപ്പോഴത്തെ നിരക്ക്. ഗള്‍ഫ്കാര്‍ എന്നാല്‍ എല്ലാവരും ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവരല്ല. 2000-3000 ദിര്‍ഹത്തിനൊക്കെ, (അതിലും ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരും ഉണ്ട്.) തൊഴിലെടുക്കുന്ന പ്രവാസിയെ സംബന്്ധിച്ച് 1700 രൂപ എന്ന് പറഞ്ഞാല്‍ ചെറിയ പൈസ അല്ല. 100 ദിര്‍ഹമുണ്ടെങ്കില്‍ വലിയ ആര്‍ഭാടമൊന്നുമില്ലാതെ ഒരാഴ്ച കഴിഞ്ഞുകൂടും പാവം പ്രവാസി. ഇനി കുടുംബമായി ഇവിടെ നില്‍ക്കുന്നവരുടെ കാര്യം. (കൊറോണ വന്നതോടെ പലരും കുടുംബത്തെ നാട്ടിലേക്കയച്ചു, ബെഡ്‌സ്‌പേസിലേക്കൊക്കെ മാറിയിട്ടുണ്ട്.) ഷെയറിങ്ങ് അപാര്‍ട്‌മെന്റില്‍ ഒരു മുറിയിലെ ഇത്തിരിപോന്ന സ്ഥലത്തായിരുന്നു 2 കുട്ടികളും ഭാര്യയും ഭര്‍ത്താവും താമസിച്ചിരുന്നതെന്നോര്‍ക്കണം. പ്രിയപ്പെട്ടവരെ പിരിയാന്‍ കഴിയാത്തതു കൊണ്ടുമാത്രം ചെറിയ സൗകര്യങ്ങളില്‍ അവരെ ചേര്‍ത്തുപിടിച്ചിരുന്നു പ്രവാസി…ഈയൊരു കുടുംബം നാട്ടിലേക്ക് പോകണമെങ്കില്‍ പിസിആര്‍ ടെസ്റ്റ് അടക്കം ചിലവെത്ര?

ഇനി അയ്യോ പിണറായി സര്‍ക്കാര്‍ പ്രവാസികളെ ദ്രോഹിക്കുന്നേ എന്ന് പറയുന്നവരോട്, കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധം എന്നത് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ്. standard operating potocol ല്‍ വ്യക്തമായി പറയുന്നുണ്ടിത്. വിമാനതാവള പരിശോധനയില്‍ കൊവിഡ് നെഗറ്റീവായാല്‍ ക്വാറന്റൈന്‍ വേണ്ടെന്ന് കേന്ദ്രത്തിന്‍െ ഉത്തരവുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന്. അവിടെയാണ് പഴി കേരള സര്‍ക്കാരിന് വരുന്നത് . ഇങ്ങനെ മിണ്ടാതിരുന്നിട്ട്, അവസാനം പ്രതിപക്ഷം അത് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമ്പോള്‍ മാത്രം വിഷയം കണ്ടെന്ന് നടിക്കുന്ന രീതി മാറണം. ഓര്‍ക്കുക, തെരഞ്ഞെടുപ്പടുത്തു. കേരളത്തിലെ ഓരോ വീട്ടിലും ഒരു പ്രവാസിയെങ്കിലുമുണ്ട്. നാല് വീടെടുത്താല്‍ 2 എണ്ണത്തിലെങ്കിലും ഒരു പ്രവാസി ഉണ്ടാകും. മാസ്‌ക് താടിയിലിട്ട്, നാട്ടിലെ ജനം തേരാപാരാ നടക്കുമ്പോള്‍ രണ്ട് നെഗറ്റീവ് ഫലവുമായെത്തുന്ന പ്രവാസിക്ക് 14 ദിവസത്തെ ക്വാറന്റൈന്‍. കണ്ണ് തുറന്ന് കാണ്, കാത് തുറന്ന് കേള്‍ക്ക്…പ്രവാസിയാണ് പാവങ്ങളാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker