NEWS

എവിടെയാണ് ഏദൻതോട്ടം, യമനിലെ ഏദനിലോ അതോ മെസപ്പൊട്ടോമിയയിലോ…?

യമനിലെ ഏദനിലാണ് ഏദൻ തോട്ടം എന്നു വിശ്വസിക്കുന്നവർ ധാരാളം. അതല്ല ടൈഗ്രിസിന്റെയും യൂഫ്രട്ടീസ് നദികളുടെയും ഇടയിലെ മെസപ്പൊട്ടോമിയയിലായിരുന്നു ഏദൻ തോട്ടം എന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു…

മതവിശ്വാസികളെപ്പോലും കുഴപ്പിക്കുന്ന ഒരു പ്രശ്നമാണിത്. ചെങ്കടലിന്റെയും അറബിക്കടലിന്റെയും ഇടയിലുള്ള (ഏദൻ ഉൾക്കടൽ) യമനിലെ ഏദനിലാണ് ഏദൻ തോട്ടം എന്നു വിശ്വസിക്കുന്നവരാണ് പലരും.

“അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്‍മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി. തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. ഒന്നാമത്തേതിന്റെ പേര് പിഷോണ്‍. അത് സ്വര്‍ണത്തിന്റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു. ആ നാട്ടിലെ സ്വര്‍ണം മേല്‍ത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്. രണ്ടാമത്തെനദിയുടെ പേര് ഗിഹോണ്‍. അതു കുഷ് എന്ന നാടിനെ ചുറ്റിയൊഴുകുന്നു. മൂന്നാമത്തെനദിയുടെ പേര് ടൈഗ്രീസ്. അത് അസീറിയയുടെ കിഴക്കുഭാഗത്തു കൂടി ഒഴുകുന്നു. നാലാമത്തെ നദി യൂഫ്രെട്ടീസ്. ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി.”
(ഉൽപ്പത്തി 2:8-15
വിശുദ്ധ ബൈബിൾ)

ബൈബിളിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന രാജ്യം ഇസ്രായേൽ ആണ്. രണ്ടാമത്തെ രാജ്യം ഇറാഖും. മധ്യപൂർവേഷ്യൻ രാജ്യമായ ഇറാഖിനെ യുദ്ധങ്ങളുടെ വിളഭൂമിയായി മാത്രം കാണരുത്. അത് സംസ്കാരങ്ങളുടെ പൈതൃക ഭൂമിയുമാണ്. ബൈബിളിൽ പക്ഷെ ഇറാഖ് എന്ന പേരിലല്ല പരാമർശം. മെസപ്പൊട്ടോമിയ, ബാബിലോൺ, സിനാർ പ്രദേശം, കൽദിയ, അസ്സീറിയ എന്നീ പേരുകളിലാണ് ബൈബിളിൽ ഇറാഖിനെ രേഖപ്പെടുത്തിയിട്ടുള്ളത്. മെസപ്പൊട്ടോമിയ എന്ന വാക്കിന്റെ അർത്ഥം തന്നെ നദികൾക്കിടയിലുള്ള ഭൂമി എന്നാണ്. ടൈഗ്രീസ്, യൂഫ്രട്ടീസ് എന്നീ നദികളുടെ തീരത്താണ് മെസപ്പൊട്ടോമിയ. ഒപ്പം പിഷോൺ, ഗിഹോൺ എന്നീ നദികളും ഉണ്ടായിരുന്നെങ്കിലും രണ്ടും ഇന്നില്ല. നമ്മുടെ സരസ്വതിനദി പോലെ ഇവയും സ്വർഗ്ഗത്തിലേക്ക് പോയെന്നാണ് വിശ്വാസം. അതായത് ടൈഗ്രിസിന്റെയും യൂഫ്രട്ടീസ് നദികളുടെയും ഇടയിലുള്ള മെസപ്പൊട്ടോമിയയിലായിരുന്നു ഏദൻ തോട്ടം എന്നാണ് ബൈബിളിലെ കണക്കുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.
അതായത് ഇന്നത്തെ ഇറാഖിലെന്ന്…!

സംശയമുണ്ടെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി പരിശോധിക്കാം. ബൈബിളിൽ പിതാക്കന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാമിന്റെ ജന്മസ്ഥലം ഇറാഖാണ്. നോഹ പെട്ടകം നിർമ്മിച്ചതും ഇറാഖിലാണ്. യോനാ പ്രവാചകന്റെ ‘നിനവേ’ ഇറാഖിലാണ്. നിമ്രോദ് നിർമ്മിച്ച ലോകത്തിലെ ഏറ്റവും പുരാതന നഗരമായ ബാബേൽ, ഏറെക്ക്, അക്കാദ് ഇവയുൾപ്പെട്ട സിനാൻ ദേശവും ഇറാഖിലാണ്. ബാബേൽ ഗോപുരവും ഇവിടെത്തന്നെ. ബൈബിളിൽ പറയുന്ന നെബുക്കദ്നേസർ ബാബിലോണിന്റെ രാജാവായിരുന്നു.

ബൈബിളിൽ ഉല്‌പത്തി പുസ്‌തകത്തിലും എസെക്കിയേലിന്റെ പുസ്‌തകത്തിലും ഏദൻ തോട്ടത്തെപ്പറ്റിയുള്ള വിവരമുണ്ട്. കൂടാതെ സെഖര്യാവിന്റെ പുസ്‌തകത്തിലും സങ്കീർത്തനപുസ്‌തകത്തിലും (വ്യക്തമായി പരാമർശിക്കാതെ) ഏദൻ തോട്ടത്തിലെ മരങ്ങളെയും വെള്ളത്തെപറ്റിയുമൊക്കെയുള്ള പരാമർശങ്ങൾ കാണാം.
യഹൂദ, ക്രൈസ്തവ, ഇസ്ലാം മതപ്രകാരം ദൈവം ഏദനിൽ ഒരു തോട്ടം നിർമ്മിച്ചെന്നും തോട്ടം കാക്കാൻ ആദമിനെയും ഹൗവ്വയേയും അവിടെ സൃഷ്ടിച്ചുവെന്നുമാണ് വിശ്വസം.

‘തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു.’
സാധാരണ പല പോഷകനദികൾ ഒരുമിച്ചു കൂടി ഒരു നദിയായി ഒഴുകുകയാണ് പതിവ്. ഉദാഹരണമായി യമുനയും സോണും കോസിയും മഹാനന്ദയുമൊക്കെ ചേർന്നാണു ഗംഗ ഒഴുകുന്നത്. ഇവിടെ ടൈഗ്രിസിനും യൂഫ്രട്ടീസിനുമൊപ്പം പിഷോൺ, ഗിഹോൺ എന്നീ നദീകളെയാവാം സൂചിപ്പിക്കുന്നത്.

തുർക്കിയിലെ ടൗറുസ് മലനിരകളാണ് ടൈഗ്രിസിന്റെയും യൂഫ്രട്ടീസിന്റെയും ഉദ്ഭവസ്ഥാനം. തുർക്കി, സിറിയ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ ഇവ രണ്ടായി ഒഴുകി ഒടുവിൽ ടൈഗ്രിസ് യൂഫ്രട്ടീസ് നദിയുമായി ഇറാഖിലെ ബസ്രക്ക് (പഴയ മെസപ്പൊട്ടോമിയ) വടക്കുള്ള അൽ-ഖുർന എന്ന സ്ഥലത്തുവെച്ച് ചേരുന്നു. തുടർന്ന് ഷാത്തുൽ അറബ് എന്നറിയപ്പെടുന്ന നദി ഒടുവിൽ പേർഷ്യൻ ഉൾക്കടലിൽ ചെന്ന് പതിക്കുകയും ചെയ്യുന്നു.
ടൈഗ്രിസും യൂഫ്രട്ടീസും തമ്മിൽ ചേരുന്നതിന് ഇടയിലുള്ള മെസപ്പൊട്ടോമിയയിലായിരുന്നു ഏദൻ തോട്ടം എന്നതിന് ഇതിലും വ്യക്തമായ വേറെ ഉദാഹരണം ബൈബിളിൽ കണ്ടെത്താൻ സാധിക്കില്ല.
തോറയിലും ഖുറാനിലുമുൾപ്പടെ ഏകദേശം ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. ഏങ്കിലും കൃത്യമായി ഇതിനൊരുത്തരം കണ്ടെത്തുക ബുദ്ധിമുട്ടാണ്.
കാരണം ഇന്നത്തെ രാജ്യങ്ങളുടെ അതിർത്തിയല്ല, പഴയ വംശങ്ങളുടെയും സാമ്രാജ്യങ്ങളുടേതുമൊക്കെ. അത് കരയും കടലും ദേശഭാക്ഷാ ഭൂഖണ്ഡങ്ങളും കടന്ന് അനന്തമായി നീളുന്ന ഒന്നാണ്.

Back to top button
error: