
കോവിഡ് വ്യാപനം രൂക്ഷായതോടെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. ഇതോടെ എല്ലാവരും വീടുകളിലേക്ക് ഒതുങ്ങി. പൊതുസമൂഹവുമായുളള നേരിട്ടുളള ബന്ധം വിച്ഛേദിച്ചു. പകരം ഇന്റര്‍നെറ്റുകളുടെ ലോകമായി. എന്നാല്‍ അതില്‍ കുറച്ച് പേരെങ്കിലും സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവരാകും. അങ്ങനെ ഉളളവര്‍ ഒരു സുപ്രഭാതത്തില്‍ വീട്ടിനുളളില്‍ തന്നെ കഴിയേണ്ടി വരുന്നത് അവരെ സംബന്ധിച്ചിടത്തോളം മാനസിക പിരിമുറുക്കങ്ങള്‍ക്ക് കാരണമാകുന്നു.
ഇത് ഒടുക്കം ആത്മഹത്യയിലേക്ക് വരെ തളളിവിടാന്‍ കാരണമാകുന്നു. അത്തരത്തില്‍ പതിനൊന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് ജപ്പാന് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് ഇപ്പോഴിതാ രാജ്യത്തെ ആത്മഹത്യാനിരക്ക് കുറയ്ക്കാനും പൗരന്മാരെ സദാ സന്തുഷ്ടരാക്കാനും പുതിയ മന്ത്രിയെ നിയമിച്ചിരിക്കുകയാണ് ജപ്പാന്.മിനിസ്റ്റര്‍ ഓഫ് ലോണ്‍ലിനെസ് (ഏകാന്തതാ മന്ത്രി) എന്ന പേരിലാണ് പുതിയ മന്ത്രിയെ നിയമിച്ചിരിക്കുന്നത്. ടെറ്റ്സുഷി സാകാമോട്ടോയെയാണ് പുതിയ വകുപ്പ് ഏല്‍പ്പിച്ചിരിക്കുന്നത്.
സങ്കടത്തിലും ഏകാന്തതയിലും കഴിയുന്നവരുടെയും വളരെക്കാലമായി സമൂഹവുമായി ഇടപഴകാതിരിക്കുന്നവരുടെയും പ്രശ്നം പരിഹരിക്കുകയാണ് ടെറ്റ്സുഷി സാകാമോട്ടോയുടെ ചുമതല. സ്ത്രീകളുടെ ആത്മഹത്യാനിരക്കിന് പ്രത്യേക ഊന്നല്‍ നല്കി വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാനും സാമൂഹിക ഏകാന്തതയും ഒറ്റപ്പെടലും ഒഴിവാക്കാന്‍ അനിവര്യമായ കാര്യങ്ങള്‍ ചെയ്യാനും പ്രധാനമന്ത്രി ചുമതലപ്പെടുത്തിയതായി ടെറ്റ്സുഷി സാകാമോട്ടോ പറഞ്ഞു. ഫെബ്രുവരി ആദ്യമാണ് ജപ്പാന് പ്രധാനമന്ത്രി യോഷിഹിതെ സുഗ മന്ത്രിസഭയില്‍ മിനിസ്റ്റര്‍ ഓഫ് ലോണ്ലിനെസ്സിനെ (ഏകാന്തതാ മന്ത്രി) കൂടി ഉള്‍പ്പെടുത്തിയത്. 2018 ല്‍ ബ്രിട്ടനാണ് ലോകത്താദ്യമായി ഇത്തരത്തിലൊരു മന്ത്രിയെ നിയമിച്ചത്. ബ്രിട്ടന്റെ പാത പിന്തുടര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ ജപ്പാനും.