
രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ 5 ദിവസമായി ഉണ്ടായത് ഒരു രൂപയിലേറെ വര്‍ധനവാണ്. ഇപ്പോഴിതാ ഇന്ധനവിലയിലെ വര്‍ധനവിനെ ക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും പറഞ്ഞ കണക്കുകള്‍ കളളമാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കേന്ദ്ര സര്‍ക്കാരിനു പെട്രോളില്‍ നിന്നു 17 രൂപയാണ് ലഭിക്കുന്ന നികുതി. ഇതിന്റെ 42 ശതമാനവും സംസ്ഥാനങ്ങള്‍ക്കു വീതിച്ചുകൊടുക്കുകയാണ്. സംസ്ഥാനം 10 രൂപയെങ്കിലും നികുതി കുറച്ചാലേ ഇന്ധനവിലക്കയറ്റത്തില്‍നിന്നു കേരളത്തിലെ ജനങ്ങള്‍ക്കു മോചനമുണ്ടാകൂ ഇതായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. എന്നാല്‍ വി.മുരളീധരന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു. ‘രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയണമെങ്കില്‍ സംസ്ഥാനം കുറയ്ക്കണം. ഇന്ധനത്തില്‍നിന്ന് കേന്ദ്രവും സംസ്ഥാനവും എടുക്കുന്നതു തുല്യ നികുതിയാണ്. എക്സൈസ് നികുതിയുടെ 42 ശതമാനം കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നുമുണ്ട്’ മുരളീധരന് പറഞ്ഞു. ഏകദേശം സമാനമായ ഈ രണ്ട് പ്രസ്താവനകളെ പൊളിച്ചെഴുതുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.
ഓരോ ലീറ്റര്‍ പെട്രോള്‍ വില്ക്കുമ്പോഴും 13.8 രൂപ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് എക്സൈസ് നികുതി വിഹിതമായി നല്‍കുന്നുവെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ യാഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടത് എക്സൈസ് നികുതി മാത്രമാണ്. അഡീഷനല്‍ എക്സൈസ് നികുതിയും മറ്റു സെസുകളും പങ്കുവയ്ക്കേണ്ടതില്ല. 1.40 രൂപ മാത്രമാണ് ഒരു ലീറ്റര്‍ പെട്രോളിന്റെ എക്സൈസ് നികുതി. ഈ തുകയുടെ 41 ശതമാനമാണ് കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കുന്നത്.
1.40 രൂപ മുഴുവന്‍ സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കുമ്പോള്‍ അതിലെ വിഹിതമായി കേരളത്തിനു ലഭിക്കുന്നത് ഏതാണ്ട് ഒരു പൈസ മാത്രമാണ്. കേന്ദ്രത്തിനു ലഭിക്കുന്ന 32.90 രൂപയില്‍ 31.50 രൂപ അഡിഷനല്‍ എക്സൈസ് നികുതിയില്‍ നിന്നും സെസുകളില്‍ നിന്നുമുള്ളവയായതിനാല് ഇത് സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതുമില്ല. അതേസമയം, കേരളം ഈടാക്കുന്ന വില്പന നികുതി 30.08 ശതമാനമാണ്. ഇതിനൊപ്പം ഏതാണ്ട് 1.20 രൂപ സെസുകളായും വരും. അങ്ങനെ വരുമ്പോള്‍ മൊത്തം 20.67 രൂപ ഒരു ലീറ്റര്‍ പെട്രോളില്‍ നിന്നു നികുതിയിനത്തില്‍ കേരളത്തിനു ലഭിക്കും . ഒരു ലീറ്റര്‍ പെട്രോള്‍ 90 രൂപ വിലയുള്ളപ്പോള്‍ വില്ക്കുമ്പോള് കേന്ദ്രത്തിന് 19.46 രൂപയും കേരളത്തിന് 35.20 രൂപയും കിട്ടുന്നു എന്നാണു നേതാക്കള്‍ പറഞ്ഞത്. അങ്ങനെ സംസ്ഥാനത്തിനു നികുതി കിട്ടുമായിരുന്നെങ്കില്‍ കേരളത്തിന് ഒരു രൂപ പോലും കടമെടുക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല. യഥാര്‍ഥത്തില്‍ ഒരു ലീറ്റര്‍ പെട്രോള്‍ വില്ക്കുമ്പോള് കേരളത്തിന് 20.67 രൂപയും കേന്ദ്രത്തിന് 32.07 രൂപയും ലഭിക്കും എന്നതാണു യാഥാര്‍ഥ്യം.
സംസ്ഥാനങ്ങള്‍ക്കുള്ള എക്സൈസ് ഡ്യൂട്ടി വിഹിതം 42 ശതമാനത്തില്‍ നിന്ന് 41 ശതമാനമാക്കി കുറച്ചതും പാവം നേതാക്കന്മാര് അറിഞ്ഞില്ലെന്നു വേണം കരുതാന്‍. കഴിഞ്ഞ കേന്ദ്ര ബജറ്റിനു മുന്നോടിയായി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച 15ാം ധനകാര്യ കമ്മിഷന് റിപ്പോര്‍ട്ടിലാണ് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 42 ശതമാനത്തില്‍ നിന്ന് 41 ശതമാനമാക്കി കുറച്ചതായി വ്യക്തമാക്കുന്നത്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി തിരിച്ചതിനാലാണ് 1 ശതമാനത്തിന്റെ വ്യത്യാസം വന്നത്. ഡീസലിന് 31.80 രൂപ നികുതി ലഭിക്കുമ്പോള്‍ കേന്ദ്രത്തിന് അതില്‍ നിന്നുള്ള 1.80 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടത്.
ഇതിലൂടെ മനസ്സിലാക്കാം കേന്ദ്രത്തെക്കാളും കൂടുതല്‍ നികുതി സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ മാത്രമേ വില കുറയൂ എന്നും കേന്ദ്ര സര്‍ക്കാര്‍ കിട്ടുന്ന നികുതി വരുമാനത്തിന്റെ 42 ശതമാനവും സംസ്ഥാനങ്ങള്‍ക്കു നല്കുന്നുവെന്നുമുളള പ്രസ്താവനകള്‍ എത്രത്തോളം ശരിയെന്ന്. അതേസമയം, ഇന്ന് പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ധിച്ചത്.9 മാസം കൊണ്ട് പെട്രോളിനും ഡീസലിനും വര്‍ധിച്ചത് 21 രൂപ. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില ലിറ്ററിന് 93 രൂപ 7 പൈസയാണ്. ഡീസലിന് 87 രൂപയും 6 പൈസയുമാണ്.കൊച്ചിയില്‍ പെട്രോളിന് 91 രൂപ 48 പൈസയും ഡീസലിന് 86 രൂപ 11പൈസയുമാണ് വില.