LIFEMovie

ടക്ക് ജഗദീഷുമായി നാനി: ടീസർ പുറത്ത്


ചുരുങ്ങിയ സമയം കൊണ്ട് ടോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ചലച്ചിത്രതാരം ആണ് നാനി. ചലച്ചിത്ര താരമായും, നിർമ്മാതാവായും, ടെലിവിഷൻ അവതാരകനായും റേഡിയോ ജോക്കിയായുമൊക്കെ നാനി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംവിധാന സഹായിയായി പ്രവർത്തിച്ചായിരുന്നു സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. മോഹൻ കൃഷ്ണ ഇന്ദ്രാഗാന്ധി സംവിധാനം ചെയ്ത അഷ്ട ചമ്മ എന്ന സിനിമയിലൂടെയാണ് നാനി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ നാനിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നാലെയെത്തിയ റൈഡ് എന്ന ചിത്രത്തിലെ പ്രകടനവും നാനിയെ ശ്രദ്ധേയമാക്കി. പിന്നീട് നാനിയുടെ പല ചിത്രങ്ങളും ബോക്സോഫീസിൽ വലിയ കളക്ഷൻ നേടി. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ഈച്ച എന്ന സിനിമയിലെ പ്രകടനമാണ് ഇന്ത്യയിലെ എല്ലാ ഭാഷയിലും നാനി എന്ന താരത്തെ അടയാളപ്പെടുത്തിയത്.

നാനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടക്ക് ജഗദീഷ്. ചിത്രത്തിന്റെ ടീസറിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഋതു വർമ്മ, ഐശ്വര്യ രാജേഷ്, ജഗപതി ബാബു തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാള ചലച്ചിത്ര താരം മാലാ പാർവതിയും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമായി എത്തുന്നുണ്ട്. ഷൈന്‍ സ്ക്രീന്‍ പ്രൊഡക്ഷൻസിനു വേണ്ടി സഹു ഗരപട്ടി, ഹരീഷ് പെഡ്ഡി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രസാദ് മുരെല്ല ചായാഗ്രഹണവും തമൻ എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ചിത്രം ഏപ്രിൽ 23 ആം തീയതി തിയേറ്ററുകളിലെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button