
നിവിൻ പോളിയേയും ആസിഫ് അലിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ പുതിയ ചിത്രം ഒരുക്കുന്നു. മഹാവീര്യര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ ഷാന്‍വി ശ്രീവാസ്തവയാണ് നായികയായി എത്തുന്നത്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാവീര്യര്‍. പോളി ജൂനിയര്‍ ഫിലിംസിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെപ്പറ്റിയുള്ള മറ്റു വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ഇരുവരും ഒന്നിക്കുന്നു എന്ന വാർത്ത നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ മഹാവീര്യര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത് എന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആസിഫ് അലി കൂടിയെത്തിയതോടെ ആരാധകർ ആവേശത്തിലാണ്. എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി സംവിധായകനായ എബ്രിഡ് ഷൈൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.