
ആര്യയെ നായകനാക്കി പ്രശസ്ത സംവിധായകൻ ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടെഡിയുടെ ട്രെയിലർ പുറത്തിറങ്ങി. മിരുതന്, ടിക് ടിക് ടിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടെഡി. ചിത്രത്തില്‍ ആര്യയ്ക്കൊപ്പം കേന്ദ്രകഥാപാത്രമായി ഒരു ടെഡി ബെയറും എത്തുന്നു എന്നതാണ് പ്രത്യേകത. മുൻ ചിത്രങ്ങളിലെ പോലെ സയൻസിന് പ്രാധാന്യം നൽകിയുള്ള തിരക്കഥയാണ് സംവിധായകൻ ടെഡിയിലും ഉപയോഗിച്ചിരിക്കുന്നത്.
സയേഷയാണ് ചിത്രത്തിൽ ആര്യയുടെ നായകയായി എത്തുന്നത്. ചിത്രത്തിന് വേണ്ടി ഡി.ഇമ്മന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു. മെഡിക്കല്‍ രംഗത്തെ കള്ളത്തരങ്ങളും അതിനെ അന്വേഷിച്ചു പോകുന്ന നായകനും ടെഡി ബെയറുമാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഗണവേല്‍ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ മഗിഴ് തിരുമേനി ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടെഡിക്കുണ്ട്. സതീഷ് കരുണാകരൻ, മസും ശങ്കർ, സാക്ഷി അഗർവാൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനുവേണ്ടി എസ് യുവ ഛായാഗ്രഹണം നിർവഹിക്കുന്നു.