
ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അരുണിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. ഇതാണ് ദുരൂഹതയ്ക്ക് കാരണമായത്. അരുണിന്റെ നെഞ്ചിലാണ് 2 മുറിവുകള്‍ കണ്ടത്. ഉളി കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മരപ്പണിക്കാരനായ അരുണിന്റെ പക്കല്‍ ഉളി കണ്ടതായി നാട്ടുകാരുടെ മൊഴിയുമുണ്ട്. പ്രതി അരുണാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഈ ആയുധം കണ്ടെത്തേണ്ടതുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
അതേസമയം, കൊലപാതക സമയത്ത് രേഷ്മയുമായുണ്ടായ മല്‍പ്പിടുത്തത്തിനിടെ കുത്തേറ്റതാകാമെന്നാണ് പൊലീസ് നിഗമനം. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറുപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു 150 മീറ്ററിനുള്ളില്‍ ആളൊഴിഞ്ഞ വീടിനുമുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് പലതവണ ഈ പ്രദേശങ്ങളെല്ലാം പരിശോധിച്ചെങ്കിലും തിങ്കളാഴ്ച രാത്രി അരുണ്‍ ഇവിടെയെത്തി ആത്മഹത്യ ചെയ്തതാണ് നിഗമനം.
വണ്ടിത്തറയില്‍ രാജേഷ്- ജെസ്സി ദമ്പതികളുടെ മകള്‍ രേഷ്മ (17)യാണ് കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നീണ്ടപാറ വണ്ടിത്തറയില്‍ അരുണിനെ ആണ് പോലീസ് വ്യാപകമായി തിരയുകയായിരുന്നു. കൊലപാതക ശേഷം ഞായറാഴ്ച വൈകിട്ട് ആറോടെ പവര്‍ഹൗസിന് സമീപം ഷര്‍ട്ട് ധരിക്കാതെ ഒരാള്‍ ഓടി രക്ഷപ്പെട്ടു എന്ന വിവരം ലഭിച്ചിരുന്നു. കൊല നടന്ന സ്ഥലത്ത് വീണ്ടും ഡോഗ് സ്ക്വാഡ് പരിശോധന നടത്തുമ്പോള്‍ ഞായറാഴ്ച റോഡിനു മുകള്‍ഭാഗത്തെ കുറ്റിക്കാട്ടില്‍ ആളനക്കം ഉണ്ടായതായും നാട്ടുകാര്‍ പറയുന്നു. ഇവിടെ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തി. രേഷ്മയെ കൊലപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്ന കത്ത് അരുണിന്റെ റൂമില്‍ നിന്ന് കണ്ടെടുത്തിരുന്നു. അരുണ്‍ താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയില്‍ എന്നാണ് 10 പേജുള്ള കത്ത് പോലീസിന് കണ്ടുകിട്ടിയത്. സുഹൃത്തുക്കളെ അഭിസംബോധന ചെയ്തു കൊണ്ടാണ് അരുണ്‍ എന്ന അനു കത്തെഴുതിയിരിക്കുന്നത്. വര്‍ഷങ്ങളായി തനിക്ക് രേഷ്മയും ആയി അടുപ്പമുണ്ടായിരുന്നു എന്ന് അരുണ്‍ കത്തില്‍ പറയുന്നു. രേഷ്മ മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനുശേഷം തന്നെയും കാണില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇത് പോലീസിനെ വഴിതെറ്റിക്കാനുള്ള നീക്കം ആണോ എന്നും സംശയിച്ചിരുന്നു.
ഉളി പോലുള്ള ഉപകരണം കൊണ്ട് ഹൃദയത്തിലേറ്റ ആഴത്തിലുള്ള കുത്താണ് രേഷ്മയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ഇടതു കൈയ്ക്കും കഴുത്തിലും മുറിവ് പറ്റിയിട്ടുണ്ട്. മരപ്പണിക്കാരന് ആയിരുന്നു അരുണ്‍. ചെറിയ ഉളി എപ്പോഴും അരുണ്‍ കയ്യില്‍ കരുതിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. രാജകുമാരിയില്‍ ആരുമായും അരുണിന് അടുത്ത ബന്ധമില്ല. രേഷ്മയുടെ മൃതദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കാരചടങ്ങുകള്‍ കോതമംഗലം വടാട്ടുപ്പാറയിലെ കുടുംബവീട്ടില്‍ നടത്തി.