
തെരഞ്ഞെടുപ്പൊന്നും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നുവേണം മനസിലാക്കാൻ. നടപ്പുവർഷത്തെ പദ്ധതിവിഹിതം 100 ശതമാനം ചെലവഴിച്ച പഞ്ചായത്തുകൾ അധികവിഹിതം ലഭിക്കുന്നതിനായി സർക്കാരിനെ സമീപിച്ചു തുടങ്ങിയിരിക്കുന്നു. സാമ്പത്തികവർഷം അവസാനിക്കാൻ ഇനിയും ഒരു മാസത്തിലധികമുണ്ട്.
കഴിഞ്ഞ വർഷത്തിൽ നിന്ന് കാരിഓവർ ചെയ്ത ബില്ലുകൾ മാറുന്നതിനായി ഇത്തവണത്തെ വിഹിതം വിനിയോഗിച്ചിട്ടുണ്ടാകും. ഇങ്ങനെ ചെലവാകുന്ന തുക ആവശ്യം വരുന്ന മുറയ്ക്ക് അധികവിഹിതമായി നൽകുമെന്നും നിയമസഭയിൽ ഉറപ്പുനൽകിയിരുന്നു. ഗ്രാമപഞ്ചായത്തുകൾക്ക് 25 ശതമാനം, മുൻസിപ്പാലിറ്റികൾക്ക് 30 ശതമാനം, കോർപറേഷനുകൾക്കും ജില്ലാ പഞ്ചായത്തുകൾക്കും 35 ശതമാനം. ഈ പരിധിയിൽ നിന്നായിരിക്കും അധിക അനുമതി നൽകുക എന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കകം പഞ്ചായത്തുകൾക്ക് 1143 കോടി രൂപ അധികമായി നൽകിക്കഴിഞ്ഞു. 2018ലെ പ്രളയം സാരമായി ബാധിച്ച പഞ്ചായത്തുകൾക്ക് കഴിഞ്ഞ സാമ്പത്തികവർഷം 250 കോടി രൂപ പ്രത്യേകമായി നൽകിയിരുന്നു. എന്നാൽ ഇത് എല്ലാ പഞ്ചായത്തുകൾക്കും ചെലവഴിക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ ചെലവഴിക്കപ്പെടാതെ പോയ 201 കോടി രൂപ ബന്ധപ്പെട്ട തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് ഇപ്പോൾ അനുവദിച്ചു നൽകി.
ഇതുപോലെതന്നെ 14-ാം ധനകാര്യ കമ്മിഷന്റെ ഗ്രാന്റിൽ കഴിഞ്ഞ അഞ്ചുവർഷക്കാലമായി പഞ്ചായത്തുകൾക്ക് ചെലവഴിക്കാൻ കഴിയാതെ പോയ തുക 942 കോടി രൂപയാണ്. ഇതു സംബന്ധിച്ച കണക്കുകൾ വിശദമായി സമാഹരിച്ച് ഈ തുകയും അധികമായി ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ഇതു രണ്ടുംകൂടി ചേർത്തതാണ് 1143 കോടി രൂപ.
ഇപ്പോൾ 90 മുതൽ 100 ശതമാനം വരെ പദ്ധതിപ്പണം ചെലവഴിച്ചു കഴിഞ്ഞ ഏതാണ്ട് 250 പഞ്ചായത്തുകളുണ്ട്. ഇവർക്ക് ഇനി 25 ശതമാനം വരെ അധികപണം അനുവദിക്കുകയാണ്. ഈ തോതിൽ പദ്ധതിപ്പണം ചെലവഴിക്കുന്ന പഞ്ചായത്തുകൾക്കെല്ലാം തുടർന്നും ഇത്തരത്തിൽ അധിക ധനാനുമതി നൽകും. അതുകൊണ്ട് പഞ്ചായത്തുകൾക്ക് ചെലവുചെയ്യുന്നതിനും ബില്ലുകൾ മാറുന്നതിനും ഒരു തടസവുമുണ്ടാകില്ല എന്നറിയിക്കട്ടെ.
കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റുകൾക്കായി വിനിയോഗിച്ച പണം സംബന്ധിച്ച കണക്കുകൾ വന്നുകൊണ്ടിരിക്കുകയാണ്. എസ്ഡിആർഎഫിൽ നിന്ന് ഉപയോഗിക്കാവുന്ന തുക കഴിച്ച് നിശ്ചിത മാനദണ്ഡപ്രകാരം നൽകേണ്ട തുക തീരുമാനിച്ച് അതും താമസം വിനാ നൽകും.
( ധനമന്ത്രി ഡോക്ടർ തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് )