
ഹൂബ്ലി …കൊങ്കിണിയുടെ നിറവും മറാത്തയുടെ ഗന്ധവുവുമുൾച്ചേർന്ന കന്നഡ ദേശത്തെ മഹാനഗരം .ഇരുൾ പരക്കുന്നതോടെ നിശബ്ദതയെ പ്രണയിച്ചു തുടങ്ങുന്ന അപൂർവ്വം ഇന്ത്യൻ നഗരങ്ങളിലൊന്ന് .യെല്ലാപുരിലേക്കുള്ള യാത്രയുടെ ഇടത്താവളം മാത്രമായിരുന്നു ഈ നഗരം .വന്നിറങ്ങിയതിൻ്റെ തൊട്ടടുത്ത നാളത്തെ ആദ്യ ബസ്സിൽ തന്നെ യെല്ലാപൂരിലേക്ക് തിരിച്ചതിനാൽ ആത്മാവ് തൊട്ടറിയാതെ പോയ അനേകമിടങ്ങളിൽ ഒന്നു കൂടിയായി ഹൂബ്ലിയും.
ഗൃഹാതുരതയുടെ വശ്യ സുഗന്ധത്തിൻ്റെ പശ്ചാത്തലത്തിലെ മഞ്ഞുപുതച്ച ഗ്രാമീണ പാതകളിലൂടെയാണ് ബസ്സിൻ്റെ സഞ്ചാരം .ആലനഹള്ളി ,മത്തൂർ ,
ആഗുംബെ തുടങ്ങി ഭ്രമിച്ചുകൊണ്ടിരുന്ന കന്നഡ ദേശത്തെ ഓരോ കാൽപനിക ഗ്രാമീണ വീഥികളിൽ മറ്റൊന്നു കൂടി.
യെല്ലാപൂരെത്തിയപ്പോഴേക്കും 8 മണി കഴിഞ്ഞിരുന്നു .ആ ഇളം വെയിലിനും നേർത്ത മഞ്ഞിൻ നിറം അപ്പോഴുമുണ്ടായിരുന്നു . മാർക്കറ്റിലേക്കുള്ള കാൽസവാരിക്കിടയിലാണ് ചെറിയൊരു തട്ടുകട കണ്ടത് .ചായ കുടിച്ചാലോ എന്നായി സുഭാഷും ദാവൂദും .ചായക്കൊപ്പം തിളക്കുന്ന എണ്ണയിൽ മെരിച്ചെടുത്ത പൂരിയും കഴിച്ചേ അവിടെ നിന്നിറങ്ങിയുള്ളൂ.പെട്ടെന്നാണ് എതിരെ വരുന്നയാളെ ശ്രദ്ധിച്ചത് . കറുത്ത തൊപ്പിയും ആഫ്രിക്കൻ മുഖഭാവവും ഒത്തിണങ്ങിയൊരാൾ! അടുത്തേക്ക് വരും തോറും ആഫ്രിക്കൻ ഛായക്ക് ഇന്ത്യൻ കുപ്പായമിടീച്ചപ്പോലെ .മനസ്സാലെ ഒന്നുറപ്പിച്ചു .വിചാരിച്ചതിലും നേരത്തെ തന്നെ ആദ്യ സിദ്ദിയെ കണ്ടു കഴിഞ്ഞു . പരിചയപ്പെട്ടപ്പോൾ ആശാൻ്റെ പേര് നമ്മുടെ സ്വന്തം കേരള നാമം സുരേഷ് ആണെന്നറിയുന്നത് .ഒന്നു കൂടെ വ്യക്തമായി പറഞ്ഞാൽ സുരേഷ് സിദ്ദി . സുഭാഷിന് ആ പേരിലെ കൗതുകം വിട്ടുമാറുന്നേമുണ്ടായിരുന്നില്ല .ഇതിനിടെ രണ്ട് മൂന്ന് സിദ്ദി സ്ത്രീകളെയും കണ്ട് അടുത്തേക്ക് ചെന്നെങ്കിലും അവരൊന്നും സംസാരിക്കാൻ തന്നെ തയ്യാറായില്ല .ഞങ്ങളെ കാണുമ്പോഴേക്കും എന്തോ ഭയമാണ് ആ മുഖങ്ങളിൽ നിഴലിക്കുന്നത് .കൂടുതൽ സിദ്ദികളെ കാണാമെന്ന പ്രതീക്ഷയിൽ മാർക്കറ്റിലെത്തിയപ്പോഴാകട്ടെ പേരിന് പോലും ഒരു മീൻ കുഞ്ഞില്ലാത്ത അവസ്ഥ. തിരികെ വീണ്ടും സ്റ്റാൻഡിലെത്തി നോക്കുമ്പോഴാണ് ചില വിദ്യാർത്ഥികളെ അവിടെയവിടെയായി കണ്ടത് . കലർപ്പില്ലാത്ത ആഫ്രിക്കനഴകിൻ്റെ ഇന്ത്യൻ പതിപ്പുകൾ .അതിലൊരുവനായിരുന്നു തവർഗട്ട എന്ന സിദ്ദി വനഗ്രാമത്തിലേക്ക് വഴികാട്ടിയായത് .
ആളനക്കം നന്നേ കമ്മിയായ ഒരങ്ങാടിയിലാണ് ബസ്സിറങ്ങിയത് .പത്ത് മിനിറ്റ് നടന്നപ്പോഴേക്കും ഉൻഛടികനാം എന്ന ഗ്രാമത്തിലെത്തി .സിദ്ദികളുടെ ചില വീടുകളൊക്കെ അവിടെയവിടെയായി കാണുന്നുണ്ടെങ്കിലും പൂർണ്ണമായും സിദ്ദി ഗ്രാമമല്ല ഉൻഛടികനാം .ഗ്രാമീണർക്കിടയിയിലെ പുറംപോക്ക് ഭവനങ്ങളായി കുറച്ച് സിദ്ദി വീടുകളുമുണ്ടന്നേയുള്ളു . എവിടെയുമെന്നപ്പോലെ ആഫ്രിക്കൻ വംശജരുടെ ഇന്ത്യൻ പതിപ്പുകളിവിടെയും പാർശ്വവത്കൃതർ തന്നെയാണ് .ദാരിദ്രത്തിൻ്റെയും അപരവത്ക്കരണത്തിൻ്റെ പ്രത്യക്ഷ ദൃഷ്ടാന്തങ്ങളാണ് ഓരോ സിദ്ദി വീടുകളും . താൻസാനിയ ,മൊസാംബിക് ,നൈജീരിയ
,എത്യാപ്യ എന്നി കിഴക്കനാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും സബ്സഹാറൻ പീഠഭൂമിയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് നാവികരായും ,തൊഴിലാളികളായും അടിമകളായുമൊക്കെ ഇന്ത്യൻ മണ്ണിലെത്തിയ സിദ്ദികളുടെ സമകാലിക ജീവിത പരിഛേദത്തിൻ്റെ നേർ ചിത്രങ്ങളാണ് ഇവയൊക്കെയും .
..ഇടതിങ്ങിയ മരങ്ങളും കുറ്റിക്കാടുകളുമൊക്കെ പിന്നിട്ട് തവർഗട്ട എന്ന വനഗ്രാമത്തിലെത്തി .കാടും സിദ്ദി ജീവിതവുമായുള്ള ഇഴയടുപ്പത്തെക്കുറിച്ച് മാധ്യമ പ്രവർത്തകനായ ഒകെ.ജോണി ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട് .
തെക്കു കിഴക്കൻ ആഫ്രിക്കയിൽ നിന്ന് പോർത്തുഗീസ് വ്യാപാരികൾ അടിമകളായി കൊണ്ടുവന്ന് ഇന്ത്യൻ തീരങ്ങളിൽ വിൽപന നടത്തിയ ഗോത്രവർഗക്കാരുടെ പിൻമുറക്കാരായിരുന്ന സിദ്ദികളായിരുന്നു കുടക് രാജാക്കൻമാരുടെ അംഗരക്ഷകരും വിശ്വസ്ത ഭൃത്യരും .കുടകിലെ ഭൂരിപക്ഷവും കൊടവ സമുദായക്കാരായതിനാൽ പുറമേ നിന്ന് കുടിയേറി കുടകിൻ്റെ ഭരണാധികാരികളായി സ്വയം അവരോധിക്കപ്പെട്ട ലിംഗായത്തുകളായ രാജകുടുംബത്തിന് തദ്ദേശിയരിൽ വിശ്വാസമുണ്ടായിരുന്നില്ലെന്നതാണ് ഇതിനു കാരണം .അവർക്കുമുണ്ടായിരുന്നു നാലക്ക് നാട് മലകളിൽ ചെറിയ കൃഷിയിടങ്ങൾ .എത്ര കഠിനമായ ഹീനകൃത്യവും ചെയ്യാൻ മടിയില്ലാത്തവരെന്ന് കുപ്രസിദ്ദിക്കുണ്ടായിരുന്ന ഈ ആഫ്രിക്കർ സിദ്ദികൾ രാജഭരണം അവസാനിച്ചതോടെ നാട്ടുകാരെ ഭയന്നാവണം കർണാടകത്തിലെ വടക്കൻ കാനറയിലേക്കും ഗോവയിലേക്കും പലായനം ചെയ്യുകയായിരുന്നു .അട്ടിമറിയും ചതിപ്രയോഗവും ഭയന്ന് നിരവധി രാജകുടുംബാംഗങ്ങളെയും വിധേയരല്ലെന്ന് സംശയിക്കപ്പെട്ട സാധാരണക്കാരെയും നിഷ്ഠൂരമായി വധിക്കാനുള്ള രാജാവിൻ്റെ ആജ്ഞ നടപ്പാക്കിയ സിദ്ദികളോട് ജനങ്ങൾക്ക് കടുത്ത പകയും വെറുപ്പുമായിരുന്നു.
വംശീയ മുൻവിധികളുടെ വിഴുപ്പുഭാണ്ഡങ്ങളെ ജോണിയും പേറുന്നുണ്ടെങ്കിലും ശ്രദ്ദേയമാണ് നിരീക്ഷണങ്ങൾ കുറ്റിക്കാടുകൾക്കിടയിൽ കാണുന്ന നിരപ്പായ പാതയിലൂടെ കടന്നു ചെന്നപ്പോളാണ് ഒന്നു രണ്ട് വീടുകൾ കാണുന്നത് .പെട്ടെന്ന് തന്നെ ആ വീടിനുള്ളിൽ നിന്ന് ഒരാളിറങ്ങി വന്നു .ഒപ്പം ഒരു യുവതിയും .അവൾ ഹിന്ദിയിൽ സംസാരിച്ച് തുടങ്ങിയതോടെ കാര്യങ്ങൾ എളുപ്പമായി .ഇതിനിടെ വീടിനുള്ളിൽ നിന്ന് ഓരോരുത്തരായി പുറത്തേക്ക് വന്നുകൊണ്ടിരുന്നു .ഹുസൈൻ ,മുംതാസ് ,മുഹമ്മദ് അലി ,ഭാനു …ഏവരിലും യെല്ലാപ്പുരിലെ സിദ്ദികളിൽ കണ്ട അതേ മുഖഭാവം . ഭയവും അപകർഷതയും നോക്കിലും വാക്കിലും മുറ്റി നിൽക്കുന്നു .ഒറ്റ നോട്ടത്തിൽ വ്യക്തം മുസ് ലിം സിദ്ദികൾ . എസ്ടി കാറ്റഗറിയിൽ പ്പെടുന്നവരെങ്കിലും മുഖ്യധാര കണക്കെടുപ്പുകളിൽ പെടാത്ത വിഭാഗം.
ആ വീടിന് തൊട്ടടുത്തെ പാടത്തെ കുടിയാൻമാരാണ് ഇവരൊക്കെ .അദ്ധ്വാനത്തിൻ്റെ ഭാരമിറക്കാനും പ്രതീക്ഷയുടെ സ്വപ്നങ്ങൾ നെയ്യാനുമുള്ള പ്രാർത്ഥനായിടമായി ഒരു ദർഗയുമുണ്ട് പാടത്ത്. അവരുടെ ഭാഷയിൽ ബഡാ നാനിയും ചോട്ടാ നാനിയും അന്ത്യവിശ്രമം കൊള്ളുന്നിടം .
ആഫ്രിക്കൻ പാരമ്പര്യത്തെക്കുറിച്ച് അൽപമെങ്കിലും ബോധ്യം മുംതാസിനേയുള്ളു താനും . 10-ാം ക്ലസ് വരെ പഠിക്കാനായ മുംതാസാണ് നിലവിൽ ഗ്രാമത്തിൽ ഉയർന്ന ക്ലാസിൽ പഠിച്ച ഏക വ്യക്തി . മറ്റുള്ളവർക്കൊക്കെ ആഫ്രിക്ക കേട്ടുകേൾവി മാത്രമാണ് സെയ്യിദിൽ നിന്നും ( നാവികർ ) സ്വാഹിബിൽ (ബഹുമാന്യൻ ) നിന്നും ഉരുതിരിഞ്ഞ സിദ്ദിയെയൊന്നും ഇവർക്കറിയില്ല .ഒന്നു മാത്രം ഒരോരുത്തരും ആവർത്തിച്ചു പറയുന്നുണ്ട് .. ഞങ്ങളും ഇന്ത്യക്കാരാണ് .
17-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ അടിമകളായി കൊണ്ടുവന്നവരാണെന്ന് 1931 ലെ സെൻസെസും മുഹമ്മദ് ബ്നു ഖാസിമിനൊപ്പം ആറാം നൂറ്റാണ്ടിൽ സിന്ധിലെത്തിയവരെന്നും വിവിധ പഠനങ്ങൾ സിദ്ദികളെ കുറിച്ചുണ്ടെങ്കിലും തങ്ങളുടെ വേരുകളിലേക്കിറങ്ങി അസ്തിത്വവും ഭരണകൂട പൗരത്വവുമൊന്നും തെളിയിക്കാൻ ഇവർ തയ്യാറുമല്ല . റസിയ സുൽത്താനയുടെ നവാബായിരുന്ന ജമാലുദ്ദീൻ യാഖൂത്ത് സിദ്ദിയും ഡെക്കാൻ അഹ്മദ് നഗർ സുൽത്തനേറ്റിൻ്റെ സൈനിക ജനറലായ മാലിക്ക് അംബർ സിദ്ദിയുമൊക്കെയുണ്ടായിരുന്ന ഒരു സമൂഹമാണ് മുഖ്യധാരയിൽ നിന്ന് പിഴുതെറിഞ്ഞ് വനത്തിനുള്ളിൽ പൊതു ധാരയെ ഭയന്ന് കഴിയുന്നത് .തങ്ങളിൽ പലരും യെല്ലാപൂരിനപ്പുറം കണ്ടിട്ടില്ലെന്നും നിരക്ഷരതയും തൊഴിലില്ലായ്മയുമാണ് തങ്ങളെ എക്കാലവും വേട്ടയാടിക്കൊണ്ടിരിക്കുന്നതെന്നുമാണ് മുംതാസിന് പറയാനുണ്ടായിരുന്നത് .കർണാടക നിയമസഭയിൽ ഒരു എം എൽ സിയുള്ള സമുദായമാണ് സിദ്ദികൾ എന്നു കൂടിയറിയണം.
സുഭാഷിൻ്റെ വക ചെറിയൊരു തുക നൽകി അവിടെ നിന്ന് മടങ്ങാൻ തുടങ്ങിയ ഞങ്ങളെ പെട്ടെന്ന് പോകാൻ അവർ അനുവദിച്ചില്ല . ഉടൻ തന്നെ അവരുടെ പ്രത്യേക വിഭവമായ ഔലക്കിയും കട്ടനുമായി മുംതാജെത്തി .അതും കഴിച്ചാണ് അവിടെ നിന്ന് തിരിച്ചത് .തൊട്ടടുത്ത് തന്നെ കാഴ്ചയിൽ സാമ്പത്തികമായി കുറച്ചു കൂടി ഭേദപ്പെട്ട വീടുകൾ കാണാം .അവിടെയും കയറിയിറങ്ങി .ഹിന്ദു മതസ്ഥരായ അവിടത്തെ സിദ്ദികൾക്കാകട്ടെ കൊങ്കിണി മാത്രമേ വശമുള്ളൂ .ഗോവയിൽ നിന്നെത്തിയവരാകാം ഇവർ .ഗുജറാത്തിലും ഗോവയിലും ആന്ധ്രയിലുമായി സിദ്ദികൾ വസിക്കുന്നുണ്ടെങ്കിലും കർണാടകയിലെ ഈ മേഖലയിലാണ് ഇവർ കൂടുതൽ കാണപ്പെടുന്നത്.
“നിങ്ങളെ കണ്ടപ്പോൾ ഞാൻ ശരിക്കും പേടിച്ചു പോയി. പുറത്തു നിന്ന് ഇവിടെയാരും അങ്ങനെ വരാറേയില്ല ” ടീ ഷർട്ടുധാരിയായ ആ സിദ്ദി കൗമാരക്കാരൻ ഞങ്ങളെ യാത്രയാക്കുമ്പോൾ പറയാൻ മറന്നില്ല
Frame : Subhash Krishnan