
ആഴക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ട അമേരിക്കൻ കമ്പനി കടലാസ് കമ്പനിയാണെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നുവെന്ന് വിദേശകാര്യ, പാർലമെൻ്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. 2019 ഒക്ടോബർ 3 നാണ് കമ്പനിയുടെ വിശദാംശങ്ങളും, വിശ്വാസ്യതയും തേടി സംസ്ഥാന ഗതാഗത സെക്രട്ടറി കെ. ആർ ജ്യോതിലാൽ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് . തുടർന്ന് ന്യൂയോർക്കിലെ എംബസിയുമായി ബന്ധപ്പെട്ടതിൻ്റ അടിസ്ഥാനത്തിൽ കോൺസുലർ ജനറൽ ഓഫ് ഇന്ത്യ 2019 ഒക്ടോബർ 21 ന് തന്നെ ഈ കമ്പനിക്ക് കൃത്യമായ മേൽവിലാസം പോലും ഇല്ലെന്ന് അറിയിച്ചിരുന്നു. വാണിജ്യ മേഖലയിൽ അങ്ങനെ ഒരു കമ്പനി പ്രവർത്തിക്കുന്നില്ലെന്നും വ്യക്തമായി. ഈ വിവരം സംസ്ഥാന സർക്കാരിനെ അറിയിച്ചു.
വ്യാജ സ്ഥാപനമാണെന്ന് അറിയിച്ചിട്ടും അഞ്ച് മാസത്തിന് ശേഷം 2020 ഫെബ്രുവരി 28 ന് കരാർ ഒപ്പിട്ടത് അഴിമതി നടത്താൻ ലക്ഷ്യമിട്ടാണ് .ഇ. എം. സി. സി യുമായി കരാർ ഒപ്പിടുമ്പോൾ തന്നെ കടലാസ് കമ്പനിയാണെന്ന് സർക്കാരിന് ബോധ്യമുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചില്ലെന്ന മന്ത്രിമാരുൾപ്പെടെ ഉള്ളവരുടെ വാദം വിശ്വാസനീയമല്ല.എല്ലാ വിവരങ്ങളും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടും മത്സ്യതൊഴിലാളികളെ പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ് സർക്കാർ എടുത്തത്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. വൻ അഴിമതിയാണ് നടത്താൻ ലക്ഷ്യമിട്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.