BooksTRENDING

ഭരണഘടനയ്ക്ക് ഒരാമുഖം,”ഭരണഘടന: ചരിത്രവും സംസ്കാരവും ” എന്ന പി.രാജീവിന്റെ പുസ്തകത്തിലൂടെ

എൻ . ഇ. സുധീർ

1946 ഡിസംബർ 9 നാണ് ഭരണഘടന നിർമ്മാണസഭ അതിൻ്റെ ആദ്യയോഗം ചേർന്നത്. ഗൗരവമായ സംവാദങ്ങളിലൂടെയും തർക്കങ്ങളിലൂടെയും കടന്നുപോയി ഒടുവിൽ 1949 നവംബർ 26 ന് ഇന്ത്യയ്ക്കായ് ഒരു ഭരണഘടന അവർ തയ്യാറാക്കി. 1950 ജനുവരി 24 ന് എല്ലാ അംഗങ്ങളും ഒപ്പുവെച്ച് അത് രാജ്യത്തിന് സമർപ്പിച്ചു. ഈ സംവാദങ്ങൾ “Constituent Assemby Debates” എന്ന പേരിലറിയപ്പെടുന്നു. നമ്മുടെ ഭരണഘടനയുടെ അന്തഃസത്ത ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ആധികാരിക റിപ്പോർട്ടായി അത് നിലനിൽക്കുന്നു. അഞ്ച് ബൃഹദ് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുള്ള ഈ റിപ്പോർട്ടിനെ ആഴത്തിൽ പരിശോധിച്ച് ഭരണഘടനയുടെ ചരിത്രവും സ്വഭാവവും കണ്ടെത്താൻ ശ്രമിക്കുകയാണ് “ഭരണഘടന: ചരിത്രവും സംസ്കാരവും ” എന്ന പുസ്തകത്തിലൂടെ പി.രാജീവ്. യഥാർത്ഥത്തിൽ ഒരു നിയമജ്ഞനോ, ഭരണഘടനാ വിദഗ്ദ്ധനോ ഏറ്റെടുക്കണ്ടിയിരുന്ന വലിയ ദൗത്യമാണ് ഗ്രന്ഥകാരൻ ഈ കൃതിയിലൂടെ നടത്തിയിട്ടുള്ളത്. രാഷ്ട്രീയപ്രവർത്തകരുടെ കൂട്ടത്തിൽ അങ്ങനെയൊരാളുണ്ടായി എന്നത് ഏറെ അത്ഭുതത്തോടെയാണ് ഞാൻ കാണുന്നത്. ഭരണഘടനയിലുള്ള അറിവും വിശ്വാസവുമാണ് രാജീവിനെ ഇങ്ങനെയൊരു ദൗത്യത്തിന് പ്രേരിപ്പിച്ചത് എന്ന് ഈ കൃതി സാക്ഷ്യം പറയുന്നു. അതോടൊപ്പം വർത്തമാനകാലം ഇങ്ങനെയൊന്ന് ആവശ്യപ്പെടുന്നു എന്ന അദ്ദേഹത്തിൻ്റെ തിരിച്ചറിവും പ്രധാനമാണ്.

ഭരണഘടനയുടെ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് വർത്തമാനകാല രാഷ്ട്രീയ ഉത്തരവാദിത്തമായി മാറിയിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്. നമ്മുടെ ഭരണഘടന മുന്നോട്ടുവെച്ചതും പൂർത്തികരിക്കാൻ ബാക്കി നിൽക്കുന്നതുമായ ആശയങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന ഒരു ഭരണവർഗം ഇന്ത്യയിലിപ്പോൾ രാഷ്ട്രീയ സ്വാധീനം നേടിയിരിക്കുന്നു. ഈ സവിശേഷസാഹചര്യത്തെ മനസ്സിലാക്കിയാണ് ഗ്രന്ഥകാരൻ വിഷയത്തെ സമീപിച്ചിട്ടുള്ളത്. പൊള്ളയായ വാക്കുകൾ കൊണ്ട് നേരിടാവുന്നതോ പ്രതിരോധിക്കാവുന്നതോ ആയ ഒരവസ്ഥയല്ല നമ്മുടെ മുന്നിലുള്ളത്. വസ്തുതാപരമായ വിശകലനങ്ങളിലൂടെയും ചരിത്രപരമായ ബോദ്ധ്യങ്ങളിലൂടെയും ജനങ്ങളെ ബോധവൽക്കരിക്കേണ്ടിയിരിക്കുന്നു. നുണകൾ കൊണ്ടും അർദ്ധസത്യങ്ങൾ കൊണ്ടും പണിതുയർത്തിയ പുതിയൊരാഖ്യാനം വൈറസ് കണക്കെ ഇന്ത്യൻ സമൂഹത്തിൽ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെയാണ് ചെറുത്തു തോല്പിക്കേണ്ടത്. ഇത് പുരോഗമന ചിന്താഗതിയിലും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നിലനിൽപ്പിലും വിശ്വസിക്കുന്നവർ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്. ഈയൊരു സാഹചര്യത്തിലാണ് ഇത്തരമൊരു പഠനത്തിൻ്റെ പ്രസക്തി വേറിട്ടു നിൽക്കുന്നത്. രാജീവ് സൂചിപ്പിക്കുന്നതു പോലെ ഇതൊരു അനിവാര്യ രാഷ്ട്രീയ ഇടപെടലാണ്.

ഈ പുസ്തകം വ്യക്തമാക്കുന്ന പ്രധാന കാര്യം ഇന്ന് നമ്മുടെ മുന്നിൽ പുതിയതെന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന മിക്കവാറും പ്രശ്നങ്ങൾ ഭരണഘടന നിർമ്മാണ അസംബ്ലി അന്നുതന്നെ ചർച്ച ചെയ്ത് വ്യക്തത വരുത്തിയതാണ് എന്ന വസ്തുതയാണ്. ഉദാഹരണത്തിന് പൗരത്വ നിയമപ്രശ്നവും കാശ്മീരിൻ്റെ പ്രത്യേക പദവിയെച്ചൊല്ലിയുള്ള പ്രശ്നവും. നിർഭാഗ്യവശാൽ അവയുടെ അന്തഃസത്ത ഉൾക്കൊള്ളാൻ തയ്യാറാവാത്ത ഒരു വലതുപക്ഷ രാഷ്ട്രീയം ഇന്ന് നമ്മുടെ രാജ്യത്ത് ശക്തിയാർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു. അവർ ബോധപൂർവ്വം നിർമ്മിച്ചെടുക്കുന്ന പ്രതിസന്ധികളാണ് പലതും. മറ്റൊന്ന് ജനാധിപത്യത്തിലെ മൂല്യനിർമ്മാണത്തിൻ്റെ തുടർച്ചയിൽ മുൻകാല ഇന്ത്യൻ ഭരണാധികാരികൾക്ക് ചില ശ്രദ്ധക്കുറവുകൾ സംഭവിച്ചു എന്നതാണ്. അങ്ങനെ വരാവുന്ന പ്രതിസന്ധികളെപ്പറ്റി അംബേദ്കറിനെപ്പോലുള്ള ദീർഘദർശികൾ അന്നുതന്നെ മുൻകൂട്ടി കണ്ടിരുന്നു എന്നും രാജീവ് വ്യക്തമാക്കുന്നുണ്ട്.

ഭരണഘടന അസംബ്ലിയുടെ ഘടനയെപ്പറ്റിയും സംഘാടനത്തെപ്പറ്റിയും സാമാന്യമായി വിശദീകരിക്കുന്നുണ്ട് ഈ പുസ്തകത്തിൽ. 1934 ൽ എം.എൻ. റോയിയാണ് ഭരണഘടനയ്ക്കു രൂപം നൽകാൻ ഭരണഘടന അസംബ്ലി രൂപീകരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടു വെക്കുന്നത്. തുടർന്ന് അദ്ദേഹം ഒരു കരട് ഭരണഘടനയ്ക്ക് രൂപം നൽകുകയും ചെയ്തിരുന്നു. റോയ് മുന്നോട്ടുവെച്ച ആശയം 1936 ലാണ് കോൺഗ്രസ്സ് അംഗീകരിച്ചത്. 1940 ൽ ബ്രിട്ടനും ഇതംഗീകരിച്ചുവെങ്കിലും 1945 ലാണ് ഭരണഘടന അസംബ്ലി രൂപികരിക്കാമെന്ന് പ്രഖ്യാപിച്ചത്. 1946 ജൂലൈയിൽ ഭരണഘടന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. 296 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൻ്റെ വിശദാംശങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഹിന്ദുത്വശക്തികൾക്ക് അവരുടെ ലേബലിൽ മത്സരിക്കുവാനോ അസംബ്ലിയിലേക്കെത്തുവാനോ സാധിച്ചില്ല. എന്നാൽ ഹിന്ദുത്വമനസ്സുള്ള ശ്യാമപ്രസാദ് മുഖർജിയെപ്പോലുള്ള പലരും കോൺഗ്രസ്സിൻ്റെ സഹായത്തോടെ അസംബ്ലിയിൽ അംഗങ്ങളായി. ബംഗാളിൽ നിന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി സോമനാഥ് ലാഹിരി വിജയിച്ച് ഭരണഘടന അസംബ്ലിയിലെത്തി. അദ്ദേഹത്തിൻ്റെ ശക്തമായ ഇടപെടലുകൾ നമ്മുടെ ഭരണഘടന നിർമ്മാണത്തിൽ ഉണ്ടായിരുന്നുവെന്നത് ഈ ലേഖകനും പുതിയ അറിവായിരുന്നു. പ്രധാന വിഷയങ്ങളിലെല്ലാം അദ്ദേഹത്തിൻ്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. രാജീവ് അത് വ്യക്തതയോടെ കണ്ടെത്തുന്നുണ്ട്. പൊതുമണ്ഡലത്തിൽ അത്രയൊന്നും പരിചിതമല്ലാത്ത ഇത്തരം ധാരാളം അറിവുകൾ രാജീവിൻ്റെ ഈ ചെറിയ പുസ്തകത്തിലുണ്ട്. അംബേദ്കർ എന്ന ഒറ്റയാൾ പട്ടാളത്തിൻ്റെ ഭരണഘടന നിർമ്മാണത്തിലെ അവിസ്മരണീയമായ പങ്കാളിത്തവും ഗ്രന്ഥകാരൻ പല അദ്ധ്യായങ്ങളിലായി വിശദമാക്കുന്നുണ്ട്.

ഭരണഘടനാ നിർമ്മാണത്തിലും ഏറ്റുമുട്ടലുകൾ നടന്നത് പ്രധാനമായും രണ്ടു വിശ്വാസങ്ങൾ തമ്മിലാണ്. മതാത്മകതയും മതനിരപേക്ഷതയും തമ്മിൽ. മതനിരപേക്ഷതയിൽ വിശ്വസിച്ച ബഹുമുഖ സംസ്കാരത്തിൻ്റെ വക്താക്കൾ ഒരു ഭാഗത്ത്. മതാത്മകവും ഏകമുഖ സംസ്കാരത്തിൽ ഉറച്ചു വിശ്വസിക്കുകയും ചെയ്ത ഹിന്ദുക്കൾ മറുഭാഗത്തും. സംസ്കാരത്തെ മതമെന്ന് തെറ്റിദ്ധരിച്ചവരായിരുന്നു ഇവർ. കോൺഗ്രസ്സിൻ്റെ മറവിലാണ് ഇവരിൽ പലരും അസംബ്ലിയിൽ കടന്നുകൂടിയത്. അത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തെ മനസ്സിലാക്കാൻ വഴിയൊരുക്കുന്നു. നെഹ്രുവും അംബേദ്കറും ഇടതുപക്ഷക്കാരും ചേർന്ന് മതം ഭരണകൂടത്തിൽ ഇടപെടരുത് എന്ന നിലപാടിൽ ഉറച്ചുനിന്നു. ഭരണഘടനയിലെ ഓരോ ആർട്ടിക്കിളുകളുടെ ചർച്ചയിലും ഇത്തരം ഏറ്റുമുട്ടലുകൾ നടന്നു. രാജ്യത്തിൻ്റെ പേരിനെക്കുറിച്ചും, കൊടിയെക്കുറിച്ചും ദേശീയ ഗാനത്തെക്കുറിച്ചുമൊക്കെ ഗഹനമായ ചർച്ചകൾ നടന്നു.

വേറിട്ട വിശ്വാസങ്ങൾ കൊണ്ടു നടക്കുമ്പോഴും രാജ്യത്തെക്കുറിച്ചുള്ള കരുതൽ നമ്മുടെ ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങൾ വെച്ചുപുലർത്തി. അവരിൽ പലരുടെയും വിശാലവീക്ഷണത്തെ ഗ്രന്ഥകാരൻ അടയാളപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് ശക്തമായ ഒരു ജനാധിപത്യരാജ്യത്തിനുതകുന്ന ഒരു ഭരണഘടനയ്ക്ക് രൂപം കൊടുക്കാൻ അവർക്ക് സാധിച്ചത്. ഇത് പൂർണ്ണമായും മെച്ചപ്പെട്ടതാണ് എന്ന വാദമൊന്നും ഗ്രന്ഥകാരനില്ല. ഇതിനേക്കാൾ മെച്ചമായ ഒന്ന് സാദ്ധ്യമാകുമായിരുന്നില്ലേയെന്ന ചോദ്യത്തെക്കാൾ ഇന്ന് പ്രസക്തം, ഈ ഭരണഘടനയെത്തന്നെ എങ്ങനെ സംരക്ഷിക്കുമെന്നതാണ് എന്നാണ് രാജീവ് പറഞ്ഞു വെച്ചിരിക്കുന്നത്. ഭരണഘടനയുടെ ഭാവിയെപ്പറ്റിയും ജനാധിപത്യത്തിൻ്റെ നിലനില്പിനെപ്പറ്റിയുമുള്ള ആശങ്ക അത്രത്തോളമുണ്ട് ഇന്നത്തെ ഇന്ത്യയിൽ എന്നർത്ഥം. ഭരണഘടനയുടെ പ്രാധാന്യവും ആവശ്യവും നമുക്കിപ്പോൾ ബോദ്ധ്യപ്പെട്ടതു പോലും നിലവിലെ സാഹചര്യത്തിൻ്റെ ഫലമായാണ്. അതീവ പ്രധാന്യമർഹിക്കുന്ന ഈ വിഷയത്തെപ്പറ്റിയുള്ള ഗഹനവും ഹ്രസ്വവുമായ ഒരന്വേഷണമാണ് ഈ പഠനം. ഓരോ വായനക്കാരനെയും ഇരുത്തി ചിന്തിപ്പിക്കുകയും തുടരന്വേഷണങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു പുസ്തകമാണ് ‘ഭരണഘടന: ചരിത്രവും സംസ്കാരവും’.

ഭരണഘടന: ചരിത്രവും സംസ്കാരവും

പി.രാജീവ്

മാതൃഭൂമി ബുക്സ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker