
ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കെ എസ് ഐ എൻ സി എം ഡി എൻ പ്രശാന്തിനോട് വിശദ വിവരങ്ങൾ ചോദിച്ച മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർക്ക് ലഭിച്ചത് അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ സഹിതമുള്ള തരംതാഴ്ന്ന മറുപടിയെന്ന് മാതൃഭൂമി. ലേഖിക തിങ്കളാഴ്ച ഉച്ചയ്ക്ക് 1 33 നും 2 23 നും ഇടയിൽ നടത്തിയ വാട്സ്ആപ്പ് ആശയവിനിമയത്തിൽ ആണ് എൻ പ്രശാന്ത് നിലവിട്ട് പെരുമാറിയത് എന്നാണ് മാതൃഭൂമിയുടെ ആരോപണം.
1 33ന് എൻ പ്രശാന്തിനോട് മാതൃഭൂമി ലേഖിക ചോദിക്കുന്നു -” മാതൃഭൂമി ലേഖിക ആണ് ഇപ്പോൾ സംസാരിക്കാൻ സൗകര്യം ഉണ്ടാകുമോ? ഒരു വാർത്തയുടെ ആവശ്യത്തിനാണ്.”
ഇതിന് 1 47 ന് പ്രശാന്ത് സുനിൽ സുഖതയുടെ മുഖമുള്ള ഒരു സ്റ്റിക്കർ മറുപടിയായി അയക്കുന്നു.
1 48 ന് മാതൃഭൂമി ലേഖിക ഇങ്ങനെ അയക്കുന്നു, ” താങ്കളെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചല്ല.എന്താണ് പ്രതികരണം എന്ന് അറിയാൻ മാത്രമാണ് ഉദ്ദേശിച്ചത് ”
1 54 ന് പ്രശാന്തിന്റെ മറുപടി – ഓ.. യാ, ഒപ്പം നടിയുടെ മുഖമുള്ള അശ്ലീലച്ചുവയുള്ള സ്റ്റിക്കറും
1 56 ന് മാതൃഭൂമി ലേഖിക വീണ്ടും – “എന്തു തരത്തിലുള്ള പ്രതികരണമാണിത്..!”
1 58 ന് പ്രശാന്ത് – മറുപടി സ്റ്റിക്കറിലൂടെ തന്നെ,നടിയുടെ മുഖമുള്ള ഒന്ന്.
2 10 ന് മാതൃഭൂമി ലേഖിക – ഇത്രയും തരം താഴ്ന്ന പ്രതികരണങ്ങൾ താങ്കളെപ്പോലെ ഉത്തരവാദപ്പെട്ട ഒരു സർക്കാർ പദവിയിലിരിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് പ്രതീക്ഷിച്ചില്ല. ഇതിനെക്കുറിച്ച് ബന്ധപ്പെട്ട ഉന്നത അധികാരികളോട് പരാതിപ്പെടും. താങ്കളുടെ ഒരു പ്രതികരണവും ഇനി ആവശ്യമില്ല. സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നാണ് താങ്കൾ ആദ്യം പഠിക്കേണ്ടത്. നന്ദി!
2 10 ന് തന്നെ പ്രശാന്തിന്റെ മറുപടി – എന്ത്!! വാർത്ത ചോർത്തിയെടുക്കാൻ ഉള്ള വിദ്യകൾ കൊള്ളാം. ക്ഷമിക്കണം തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യകളായിപ്പോയി. ബൈ മാഡം.
2 23ന് വീണ്ടും പ്രശാന്തിന്റെ പ്രതികരണം – ചില മാധ്യമപ്രവർത്തകരെ തോട്ടിപ്പണിക്കാരുമായി താരതമ്യപ്പെടുത്തുന്നതിൽ അത്ഭുതമില്ല.
എന്തായാലും പ്രശാന്ത് ആദ്യമയച്ച സ്റ്റിക്കറുകൾ എല്ലാം ചാറ്റിൽ നിന്ന് ഡിലീറ്റ് ചെയ്തിരിക്കുകയാണ് എന്ന് മാതൃഭൂമി പറയുന്നു.