പടം കൊള്ളാം പക്ഷേ ദൃശ്യം 1 പോലെ ആയിട്ടില്ല കേട്ടോ: പ്രതീക്ഷിച്ചതും സംഭവിച്ചതും രണ്ടെന്ന് ജീത്തു ജോസഫ്

ഡിറ്റക്ടീവ് എന്ന ആദ്യ ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കാലെടുത്ത് വെച്ച സംവിധായകനാണ് ജീത്തു ജോസഫ്. ആക്ഷന്‍ രംഗങ്ങളില്‍ നിറഞ്ഞാടിയിരുന്ന സുരേഷ് ഗോപിയെന്ന താരത്തെ നിശബ്ദനായ ഒരു പോലീസ് ഓഫീസറായി തിരശീലയിലെത്തിക്കുക എന്നതായിരുന്ന ജീത്തു ജോസഫ് തന്റെ കരിയറില്‍ ഏറ്റെടുത്ത ആദ്യ വെല്ലുവിളി. പക്ഷേ ആ നീക്കത്തെ ശരി വെക്കുന്നതായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായ സ്വീകരണം. മലയാളികള്‍ അന്നു വരെ കണ്ടിട്ടില്ലാത്ത തരം കൊലപാതക രീതിയുമായെത്തി ഡിറ്റക്ടീവ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.പിന്നീടെത്തിയ മമ്മി ആന്റ് മീ, മൈ ബോസ് തുടങ്ങിയ ചിത്രങ്ങള്‍ വിജയം നേടി മുന്നേറിയപ്പോഴും മലയാളികള്‍ അറിഞ്ഞിരുന്നില്ല ജീത്തു ജോസഫ് എന്ന ക്രാഫ്റ്റ്മാന്റെ യഥാര്‍ത്ഥ സൃഷ്ടി പിന്നാലെ വരാനിരിക്കുന്നതേയുള്ളുവെന്ന്.
പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറിസ് വലിയ വിജയം ആയതോടെ ചലച്ചിത്ര മേഖല അദ്ദേഹത്തിന്റെ പേര് നോട്ടമിട്ടു കഴിഞ്ഞിരുന്നു. പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ദൃശ്യം എത്തി. മലയാള സിനിമ അന്ന് വരെ കണ്ടിരുന്ന സകല കാഴ്ച ശീലങ്ങളെയും കളക്ഷന്‍ റെക്കോര്‍ഡുകളേയും ഭേദിച്ച് ചിത്രം നേടിയ വിജയം ഏതൊരു സിനിമാ പ്രേമിക്കും ആവേശം പകരുന്നതാണ്. ചിത്രം പല ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. ലോക വ്യാപകമായി ദൃശ്യം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പല ചിത്രങ്ങളും ജീത്തു ജോസഫ് സംവിധാനം ചെയ്തുവെങ്കിലും അദ്ദേഹത്തിന്റെ കരിയര്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് ദൃശ്യത്തിന്റെ സംവിധായകന് എന്ന നിലയ്ക്കാണ്.
7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദൃശ്യം 2 എന്ന ചിത്രവുമായി മോഹന്‍ലാലും ജീത്തു ജോസഫും എത്തിയിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ റിലീസിന് ശേഷം എല്ലാവരും ഒറ്റ വാക്കില്‍ ഗംഭീരം എന്നാണ് ദൃശ്യ 2 നെക്കുറിച്ച് പറയുന്നത്. സംവിധായകനോട് ദൃശ്യം എങ്ങനെ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ചോദിച്ചാല്‍ അദ്ദേഹം പറയുന്നത് ‘ ദൃശ്യം 2 ഒരു നല്ല സിനിമ ആയിരിക്കും, പടം കൊള്ളാം പക്ഷേ ദൃശ്യം 1 പോലെ ആയിട്ടില്ല കേട്ടോ എന്നൊക്കെ ആളുകള്‍ പറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചിത്രം കണ്ടവര്‍ ദൃശ്യം 1 ന് ഒപ്പമോ മുകളിലോ എത്തിയിട്ടുണ്ടെന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്’
ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്ക് മാര്‍ച്ച് 5 ന് ചിത്രീകരണം ആരംഭിക്കുകയാണ്. വെങ്കിടേഷാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് തെലുങ്കില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദൃശ്യം 2 കാണണമെന്ന് ആവശ്യപ്പെട്ട് കൊറിയയില്‍ നിന്നും ചൈനയില്‍ നിന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും സംവിധായകന് പറയുന്നു. ദൃശ്യം 2 എന്ന ചിത്രത്തിലെ ചില ഭാഗങ്ങളോട് പ്രേക്ഷകര്‍ക്ക് വിയോജിപ്പുണ്ടെന്നും എന്നാലത് ഫോറന്‍സിക് കാര്യങ്ങളിലുള്ള ഗ്രാഹ്യക്കുറവു കൊണ്ടുമാണ്. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം താന്‍ സുഹൃത്തക്കളായ ഫോറന്‍സിക് സര്ജന്മാരോട് സംസാരിച്ചിരുന്നുവെന്നും അവരെ തിരക്കഥ വായിച്ചു കേള്‍പ്പിച്ചിരുന്നുവെന്നും ജീത്തു ജോസഫ് പറയുന്നു