LIFE

സിനിമയെങ്ങാനം പൊളിഞ്ഞാല്‍ കൂത്താട്ടുകുളത്ത് വന്ന് നിന്നെ ഇടിക്കുമെന്ന് ജീത്തു ജോസഫ്

ദൃശ്യം 2 തരംഗമാകുമ്പോള്‍ ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറാത്തത് കൂത്താട്ടുകുളത്തെ ഒരു സാധാരണ കുടുംബത്തിനാണ്. തങ്ങളുടെയൊപ്പം നില്‍ക്കുന്ന അജിത്ത് കൂത്താട്ടുകുളം തന്നെയാണോ ദൃശ്യം 2 എന്ന ചിത്രത്തിന്റെ ഗതി തിരിച്ചുവിടുന്ന ജോസ് എന്ന കഥാപാത്രമായി ഏവരെയും അമ്പരപ്പിച്ചതെന്ന് പൂര്‍ണമായും വിശ്വസിക്കാന്‍ ആര്‍ക്കും പറ്റിയിട്ടില്ലെന്നാണ് സാക്ഷാല്‍ അജിത്ത് കൂത്താട്ടുകുളത്തിന്റെ അഭിപ്രായം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൃശ്യത്തിന്റെ കോമഡി സ്‌കിറ്റില്‍ പോലീസായെത്തി പ്രേക്ഷകരെ ചിരിപ്പിച്ചു. പക്ഷേ അപ്പോഴും അജിത്തിനറിയില്ലായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ ഇങ്ങനൊരു അവസരം ഈശ്വരന്‍ ഒരുക്കി വെച്ചിട്ടുണ്ടാകുമെന്ന്.

ദൃശ്യം 2 എന്ന ചിത്രത്തിന്റെ നിര്‍ണായക വഴിത്തിരിവ് സംഭവിക്കുന്നത് അജിത്ത് അവതരിപ്പിക്കുന്ന ജോസ് എന്ന കഥാപാത്രത്തിന്റെ ഒരു വെളിപ്പെടുത്തലിലൂടെയാണ്. ഒരര്‍ത്ഥത്തില്‍ ജോര്‍ജുകുട്ടിയെ കുടുക്കുന്ന ബ്രഹ്മാസ്ത്രം തൊടുക്കുന്നത് ജോസാണ്. ജോസ് ദൃക്‌സാക്ഷിയാകുന്ന ഒരു സംഭവമാണ് ജോര്‍ജുകുട്ടിയുടെ പദ്ധതികളെ ആദ്യമായി പൊളിക്കുന്നത്. ചിത്രത്തില്‍ മര്‍മ്മ പ്രധാനമായ വേഷത്തിലേക്ക് സംവിധായകന്‍ തന്നെ തിരഞ്ഞെടുത്തതിലെ അമ്പരപ്പും ഞെട്ടലും ഇപ്പോഴും അജിത്തിന് വിട്ടുമാറിയിട്ടില്ല. ചിത്രം തീയേറ്ററില്‍ വരാത്തതില്‍ തെല്ല് നിരാശയും കക്ഷിക്കുണ്ട്. നിന്റെ സിനിമ എങ്ങനെ കാണാന്‍ പറ്റുമെന്ന് ചോദിക്കുന്ന പ്രേക്ഷകരോട് എനിക്കിതിന്റെ സംഗതികളൊന്നും അറിയാന്‍ പാടില്ലടാവേ എന്ന് നല്ല കൂത്താട്ടുകുളം ഭാഷയില്‍ മറുപടി പറയുകയാണ് അജിത്ത്.

വര്‍ഷങ്ങളായി മിമിക്രി രംഗത്ത് ഉണ്ടെങ്കിലും ദൃശ്യം ഒറ്റ രാത്രി കൊണ്ട് നേടിക്കൊടുത്ത പേരും പ്രശസ്തിയും വലുതാണെന്ന് ഇപ്പോള്‍ താന്‍ തിരിച്ചരിയുന്നുണ്ടെന്നും അജിത്ത് പറയുന്നു. എല്ലാത്തിനും നന്ദി പറയുന്നത് തന്നെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്ത ജീത്തു ജോസഫ് എന്ന വലിയ മനുഷ്യനോടാണ്. ദൃശ്യത്തിന്റെ ആദ്യ ഷോട്ട് ക്യാമറ വെച്ചതും അജിത്തിന്റെ മുഖത്താണ്. ഷൂട്ടിംഗ് തീര്‍ന്നതും അജിത്തിന്റെ മുഖത്ത് ക്യാമറ വെച്ചാണ്. ഈ സിനിമയെങ്ങാനം പൊളിഞ്ഞാല്‍ എന്നെ കൂത്താട്ടുകുളത്ത് വന്ന് ഇടിക്കുമെന്ന് സംവിധാകന്‍ ജീത്തു ജോസഫ് പറഞ്ഞ കാര്യവും അജിത്ത് ചിരിയോടെ ഓര്‍മ്മിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button