NEWSTOP 10VIDEO

പിസി ജോർജ്ജ് എൻ ഡി എയിലേക്ക് എന്ന് സൂചന, കെ സുരേന്ദ്രന്റെ യാത്ര പൂഞ്ഞാറിലെത്തുമ്പോൾ ജാഥയിൽ അണിചേരുമെന്ന് റിപ്പോർട്ട് , രാമക്ഷേത്ര നിർമാണ ഫണ്ടിന് പിസി ജോർജിന്റെ സംഭാവന

കേരള ജനപക്ഷം സെക്കുലർ എൻഡിഎയിലേക്ക് എന്ന് സൂചന. കെ സുരേന്ദ്രൻ നയിക്കുന്ന യാത്ര കോട്ടയം പൂഞ്ഞാർ എത്തുമ്പോൾ പിസി ജോർജ് ജാഥയിൽ അണിചേരും എന്ന് റിപ്പോർട്ട്.

തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിൽ കയറിപ്പറ്റാൻ ആയിരുന്നു പിസി ജോർജിന്റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കളുമായി നിരവധി തവണ ചർച്ച നടത്തി. പി കെ കുഞ്ഞാലിക്കുട്ടി വഴിയായിരുന്നു ആശയവിനിമയം. ഒടുവിൽ പി സി ജോർജിനെ യുഡിഎഫിൽ എടുക്കാൻ താല്പര്യം ഇല്ല എന്ന കാര്യം പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

കേരള ജനപക്ഷം സെക്കുലറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതി കഴിഞ്ഞ ദിവസം കോട്ടയത്ത് യോഗം ചേർന്നു. യുഡിഎഫിൽ പറ്റില്ലെങ്കിൽ എൻ ഡി എയുടെ ഭാഗമാകാൻ ശ്രമം നടത്തണം എന്നായിരുന്നു യോഗത്തിൽ തീരുമാനം. എൻഡിഎ യോട് 10 സീറ്റ് ചോദിക്കാനും തീരുമാനമായി. പാലാ,പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ഈ സീറ്റുകളിൽ ഏതെങ്കിലും രണ്ടെണ്ണത്തിൽ പിസി ജോർജും മകൻ ഷോൺ ജോർജും മത്സരിച്ചേക്കും.

എൻഡിഎ പ്രവേശനത്തിന്റെ ഭാഗമായെന്നോണം രാമക്ഷേത്ര നിർമ്മാണ ഫണ്ട് പിസി ജോർജ് കൈമാറി. ആർഎസ്എസ് കോട്ടയം ജില്ലാ കാര്യവാഹ് ആർ രാജേഷിനാണ് പിസി ജോർജ് തുക കൈമാറിയത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് നോബിൾ മാത്യു, മുൻ ജില്ലാ പ്രസിഡന്റ് എൻ ഹരി എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button