
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി മലയാളികളുടെ പ്രീയപ്പെട്ട താരം സാനിയ ഇയ്യപ്പനും എത്തുന്നു. ദുല്‍ഖര്‍ സല്‍മാനും റോഷന് ആന്‍ഡ്രൂസും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീം ആണ്.
ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് പോലിസുദ്യോഗസ്ഥനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഡയാന പെന്റിയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തുന്നത്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിലേക്കാണ് ഇപ്പോള്‍ സാനിയ ഇയ്യപ്പനും ക്ഷണം ലഭിച്ചിരിക്കുന്നത്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനമായി അഭിനയിച്ചത്. മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വേഫറര്‍ ഫിലിംസിന് വേണ്ടി ദുല്‍ഖര്‍ സല്മാന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസ്ലം പുരയിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. തെന്നിന്ത്യന്‍ സംഗീത സംവിധായകന് സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.