
മലയാളികളെ ഏറ്റവും അധികം യാത്ര ചെയ്യാൻ മോഹിപ്പിച്ച, തന്റെ യാത്രകളിലൂടെ ലോകത്തെ മുഴുവൻ മലയാളികളുടെ മുൻപിൽ തുറന്നു കാട്ടിയ വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. ഒരുപക്ഷേ ഈ പേരറിയാത്ത മലയാളികൾക്ക് അദ്ദേഹത്തെ ഓര്‍ക്കാന്‍ സഞ്ചാരം എന്ന ഒരൊറ്റ പരിപാടി മതിയാവും.
ഒരു ക്യാമറയും മൈക്കുമായി ലോകം കാണാൻ ഇറങ്ങി പുറപ്പെട്ട ചെറുപ്പക്കാരൻ പിന്നീട് ലോക മലയാളികൾക്കിടയിൽ തന്റേതായ സ്ഥാനം ഊട്ടിയുറപ്പിക്കുകയായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എന്ന പരിപാടിക്ക് വലിയ വിഭാഗം പ്രേക്ഷകരെ നേടിയെടുക്കാന്‍ സാധിച്ചിരുന്നു. ആദ്യമൊക്കെ വേണ്ടവിധം പരിഗണിക്കാതെ മാറ്റി നിർത്തിയിരുന്ന സഞ്ചാരം എന്ന പരിപാടി സംപ്രേക്ഷണം ചെയ്തു തുടങ്ങിയപ്പോൾ ചാനലിലേ ഏറ്റവും പ്രധാനപ്പെട്ട പ്രോഗ്രാമായി മാറിയത് മറ്റൊരു ചരിത്രം. പില്ക്കാലത്ത് സ്വന്തം ചാനൽ എന്ന നിലയിൽ അദ്ദേഹം സഫാരി ആരംഭിച്ചു. വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടും പരിപാടികൾ കൊണ്ടും സഫാരി പെട്ടെന്നു തന്നെ ജനഹൃദയങ്ങളിലേക്ക് എത്തിപ്പെട്ടു. ചാനലിലെ എല്ലാ പ്രവർത്തനങ്ങളും മുന്നില്‍ നിന്ന് നയിക്കുന്നത് സന്തോഷ് ജോര്‍ജ് കുളങ്ങരയാണ്.
താൻ ചെയ്യുന്ന ജോലിയോട് അതിയായ ആത്മാർത്ഥത പുലർത്തുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ആശുപത്രിയിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. രോഗബാധിതനായി ICU ൽ പ്രവേശിപ്പിച്ചപ്പോഴും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന തന്റെ പ്രോഗ്രാം അദ്ദേഹം സ്വയം എഡിറ്റ് ചെയ്യുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. സന്തോഷ് ജോര്‍ജ് കുളങ്ങരയെ പ്രശംസിച്ച് ഒരുപാട് പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്നും ചിലർ അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തുന്നു.
സന്തോഷ് ജോര്‍ജിന്റെ ചിത്രങ്ങള്‍ കണ്ട ജനങ്ങള്‍ സത്യത്തിൽ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് പരസ്പരം ചോദിച്ചു കൊണ്ടിരുന്നു. മാസങ്ങൾക്ക് മുൻപ് നടത്തിയ വൈദ്യപരിശോധനയിൽ ആണ് സന്തോഷ് ജോർജ് കുളങ്ങരയുടെ പിത്താശയത്തിൽ കല്ല് കണ്ടെത്തിയത്. പ്രശ്നം ഗുരുതരമല്ലാതിരുന്നതു കൊണ്ട് അടിയന്തരമായി കല്ല് നീക്കം ചെയ്യേണ്ടതില്ല എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവെങ്കിലും ജനുവരിയിൽ വീണ്ടും കടുത്ത വയറുവേദന അദ്ദേഹത്തിന് അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഇതേതുടർന്നാണ് സർജറിയിലൂടെ കല്ല് നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ അദ്ദേഹത്തോട് പറഞ്ഞത്. അദ്ദേഹം പ്ലാൻ ചെയ്തിരുന്ന യാത്രകൾ മുന്നിൽകണ്ടാണ് അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. സർജറിയെ തുടർന്ന് അദ്ദേഹത്തിന് കുറച്ചു ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നു.
”എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി പിത്താശയം മുഴുവനായും നീക്കം ചെയ്തു. രണ്ടു ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ശ്വാസംമുട്ടൽ കൂടിയതോടെ മറ്റു പരിശോധനകളും നടത്തി. ഒടുവിൽ ശ്വസിക്കാൻ വെന്റിലേറ്റർ സഹായം ആവശ്യമായി വന്നു. സിറ്റി സ്കാനില്‍ ന്യുമോണിയ ഉണ്ടെന്ന് വ്യക്തമായി. വെള്ളിയാഴ്ച അടിയന്തരമായി തീർക്കേണ്ട ജോലികൾ ഏറ്റെടുക്കേണ്ടിവന്നു. ഷൂട്ട് ചെയ്ത ദൃശ്യങ്ങളും ലാപ്ടോപ്പും ആശുപത്രിയിലെത്തിച്ചു. രാത്രി ഒരുപാട് സമയം ജോലി ചെയ്യേണ്ടി വന്നു. പിറ്റേദിവസം വയറ്റിൽ വീണ്ടും കഠിനമായ വേദന വന്നതോടെയാണ് പരിശോധിച്ചത്. അപ്പോഴാണ് ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തസ്രാവം ഉണ്ടെന്ന് മനസ്സിലാക്കുന്നത്. ഇതിനിടെ ശ്വാസകോശത്തിലും നീർക്കെട്ട് ഉണ്ടായി. പൾസ് റേറ്റ് ക്രമാതീതമായി താഴ്ന്നു. ഒടുവിൽ രക്തസ്രാവം തടയാനായി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. ഞായറാഴ്ച പകൽ ഞാൻ കണ്ടിട്ടില്ല. പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണുതുറന്നത്. മുൻപിൽ നിന്ന് ഡോക്ടർ എന്നെ ചേർത്തുപിടിച്ചു പറഞ്ഞു സന്തോഷ് നിങ്ങൾ ഒരു യുദ്ധം ജയിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ”. ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പരിപാടിയിൽ സന്തോഷ് ജോർജ് കുളങ്ങര തന്നെയാണ് താൻ നേരിട്ട പ്രയാസങ്ങളെ പറ്റി തുറന്നുപറഞ്ഞത്.