അങ്ങനെ ഒരു കോൺഗ്രസ് സർക്കാർ കൂടി വീണു, പുതുച്ചേരി മുഖ്യമന്ത്രി രാജി വച്ചു

പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി രാജിവെച്ചു. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് ഭൂരിപക്ഷം തെളിയിക്കാൻ ആയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടു.
രാജ് നിവാസിലെത്തിയാണ് ലെഫ്റ്റ്നന്റ് ഗവർണർക്ക് രാജിക്കത്ത് നാരായണസാമി നൽകിയത്. ബിജെപിയും ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസും ചേർന്നാണ് സർക്കാരിനെ അട്ടിമറിച്ചത് എന്ന് രാജിയ്ക്ക് ശേഷം നാരായണസാമി ആരോപിച്ചു. കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുതുച്ചേരി മുൻ മുഖ്യമന്ത്രി എൻ രംഗസ്വാമി 2011ൽ ആരംഭിച്ച എൻ ആർ കോൺഗ്രസ് ഇപ്പോൾ എൻഡിഎയുടെ ഭാഗമാണ്.
കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ കൊഴിഞ്ഞു പോയതാണ് പുതുച്ചേരി സർക്കാർ താഴെ വീഴാൻ കാരണം. കൊഴിഞ്ഞുപോക്കിന് പിന്നാലെ സർക്കാരിന് ഇന്ന് വിശ്വാസവോട്ട് തേടേണ്ടി വന്നു. കഴിഞ്ഞദിവസം രണ്ട് എംഎൽഎമാർ കൂടി രാജി വെച്ചതോടെ നാരായണസാമി സർക്കാരിന്റെ നില പരിതാപകരമായി. ഇപ്പോൾ കോൺഗ്രസിന് സ്പീക്കർ ഉൾപ്പെടെ 12 അംഗങ്ങളെ ഉള്ളൂ. പ്രതിപക്ഷത്ത് ആകട്ടെ 14 പേർ.
സർക്കാർ വീണാൽ പുതുച്ചേരി തെരഞ്ഞെടുപ്പുവരെ കുറച്ചു മാസങ്ങൾ രാഷ്ട്രപതി ഭരണത്തിൽ ആകും. ഭരണകക്ഷിയിൽ നിന്ന് രാജിവെച്ച എംഎൽഎ മാരുടെ എണ്ണം ആറാണ്. ഇവർ തങ്ങൾക്കൊപ്പം ചേരുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നത്.