
മലയാളികള്‍ക്ക് പ്രീയങ്കരനായ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാരോസ് എന്ന ചിത്രത്തിന്റെ കലാസംവിധാനം പ്രവർത്തനങ്ങൾക്ക് തുടക്കമായി. സന്തോഷ് രാമൻ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. കലാ സംവിധാനത്തിന് ഒരുപാട് സാധ്യതകളുള്ള ചിത്രമാണ് ബാരോസ്. സൂക്ഷ്മമായും ശ്രദ്ധയോടും കൂടിയാണ് സന്തോഷ രാമനും സഹായികളും ചിത്രത്തിന്റെ സെറ്റ് വർക്കുകള്‍ നടത്തുന്നത്.
മൈ ഡിയര്‍ കുട്ടിച്ചാത്തന് എന്ന സൂപ്പർ ഹിറ്റ് സിനിമ ഒരുക്കിയ ജിജോയാണ് ബാറോസിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിന്റെയും അയാളെ തേടിയെത്തുന്ന ഒരു കൊച്ചു കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ബാരോസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനായ മോഹൻലാൽ തന്നെയാണ്. സ്പാനിഷ് ചലച്ചിത്രതാരങ്ങളായ പാസ് വേഗ, റാഫേൽ അമർഗോ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി മോഹൻലാലിനൊപ്പമുണ്ട്. വാസ്കോഡഗാമയുടെ വേഷത്തിലാണ് റഫേല്‍ അമര്‍ഗോ ചിത്രത്തിൽ അഭിനയിക്കുന്നത്.
മലയാളത്തിലെ പ്രമുഖ താരമായ പ്രിഥ്വിരാജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്ന് സൂചനകളുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് വിഖ്യാത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ ആണ്. ഗോവയിലും കൊച്ചിയിലും ആയാണ് ബാരോസ് ചിത്രീകരിക്കുന്നത്. മാര്‍ച്ച് മാസം ബാരോസിന്റെ ചിത്രീകരണം ആരംഭിക്കും