
ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരം എന്ന ചിത്രത്തിന്റെ ആദ്യ ടീസർ എത്തി. റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയെറേ സ്വീകാര്യത നേടി മുന്നേറുകയാണ് ചിത്രത്തിന്റെ ടീസർ. സുരുളി എന്ന ഗ്യാങ്സ്റ്റർ ആയാണ് ചിത്രത്തിൽ ധനുഷ് പ്രത്യക്ഷപ്പെടുന്നത്. ധനുഷിനൊപ്പം നിരവധി വിദേശ താരങ്ങളും മലയാളത്തിന്റെ സ്വന്തം ജോജു ജോര്ജും ഐശ്വര്യലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രജനീകാന്തിനെ നായകനാക്കി പേട്ട എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കിയ ശേഷമാണ് കാർത്തിക് സുബ്ബരാജും ധനുഷും ജഗമേ തന്തിരം എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഏറിയപങ്കും നടക്കുന്നത് വിദേശ രാജ്യത്താണ്. ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നൽകിയിരിക്കുന്ന ജഗമേ തന്ത്രം ഒരു മാസ്സ് ത്രില്ലറായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക.
ജഗമേ തന്തിരം എന്നാ ചിത്രത്തിന് ശേഷം വിക്രമിനേയും മകൻ ധ്രുവ് വിക്രമിനേയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് കാർത്തിക് സുബ്ബരാജ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ജഗമേ തന്ത്രം എന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രം ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ പ്രദർശനത്തിനെത്തുന്നതിന് എതിരെ പ്രേക്ഷകരുടെയും ആരാധകരുടെയും ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധം ഉണ്ട്. ഈ വിഷയത്തിൽ ധനുഷും സംവിധായകൻ കാർത്തിക് സുബ്ബരാജ് തങ്ങളുടെ അഭിപ്രായങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ജഗമേ തന്തിരം എന്ന ചിത്രം ആരാധകരുടേയും പ്രേക്ഷകരുടെയും ഒപ്പം തീയറ്ററിൽ ഇരുന്ന് കാണണമെന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു അവർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.