കൂടത്തായി മോഡൽ കൊലപാതകം, കേസിൽ തുമ്പായത് ഫോറൻസിക് തെളിവുകൾ

തിരുവനന്തപുരം കരമന കൂടത്തിൽ തറവാട്ടിലെ കൊലപാതകം വ്യക്തമായത് ഫോറൻസിക് റിപ്പോർട്ടിലൂടെ. കൂടത്തായി മോഡൽ കൊലപാതകം ആയിരുന്നു ഇത്.
തലയ്ക്കേറ്റ പരുക്കാണ് കൊല്ലപ്പെട്ട ജയ മാധവൻനായരുടെ മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. മുഖത്ത് രക്തം കട്ട പിടിച്ചിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്ന് അറിയാനാണ് ഫോറൻസിക് പരിശോധന നടത്തിയത്. സ്ഥലത്തു നിന്ന് രക്തം പുരണ്ട തടിക്കഷ്ണം കണ്ടെടുത്തിരുന്നു.
2017 ഏപ്രിൽ 2 നായിരുന്നു സംഭവം. കൂടത്തിൽ തറവാട്ടിൽ എത്തിയപ്പോൾ വീണുകിടക്കുന്ന ജയമാധവൻ നായരെ കണ്ടെന്നും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു എന്നുമായിരുന്നു കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി. വീട്ടുജോലിക്കാരിയായ ലീലയും ഒപ്പമുണ്ടായിരുന്നു. ജയ മാധവൻനായർ മരിച്ചെന്ന് ഡോക്ടർമാർ ഉറപ്പിച്ചശേഷം ലീലയും രവീന്ദ്രൻ നായരും കരമന സ്റ്റേഷനിൽ എത്തുകയായിരുന്നു എന്നാണ് രവീന്ദ്രൻ നായരുടെ മൊഴി.
മൊഴി നൽകാൻ താൻ സ്റ്റേഷനിലിറങ്ങി എന്നും ലീലയെ ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്ക് മടക്കി വിട്ടു എന്നുമാണ് രവീന്ദ്രൻനായർ പറഞ്ഞത്. എന്നാൽ പോലീസ് സ്റ്റേഷനിൽ പോയില്ല എന്ന് ലീല മൊഴിനൽകി. മൊഴികളിലെ വൈരുദ്ധ്യം ആദ്യ അന്വേഷണ സംഘം തിരിച്ചറിഞ്ഞില്ല. എന്നാൽ രണ്ടാമത്തെ അന്വേഷണസംഘം ഇത് വ്യക്തമായി വിലയിരുത്തി.
ജയ മാധവൻ നായരെ ആശുപത്രിയിലേക്ക് കൊണ്ടു പോയതായി ആദ്യം ഓട്ടോഡ്രൈവർ മൊഴി നൽകിയിരുന്നു. ആശുപത്രിയിൽ പോയിട്ടില്ലെന്നും അഞ്ച് ലക്ഷം രൂപ രവീന്ദ്രൻനായർ വാഗ്ദാനം ചെയ്തത് കൊണ്ട് കള്ളം പറയുകയായിരുന്നു എന്നുമാണ് ഓട്ടോ ഡ്രൈവർ പിന്നീട് മൊഴി നൽകിയത്.
അടുത്ത വീട്ടിലെ ഓട്ടോ രാത്രി പാർക്ക് ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു. ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയ മാധവൻനായരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. പരാതിക്കാരിയായ ബന്ധു പ്രസന്നകുമാരി അമ്മ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.