NEWS

കോൺഗ്രസ് എങ്ങനെ ബിജെപിയെ പ്രതിരോധിക്കും? പുതുച്ചേരിയിൽ വീണ്ടും കോൺഗ്രസിൽ നിന്ന് എം എൽ എയുടെ രാജി

പുതുച്ചേരിയിൽ ഇന്നു രണ്ട് ഭരണപക്ഷ എംഎൽഎമാർ കൂടി ബിജെപിക്ക് അനുകൂലമായി രാജിവെച്ചു. അതിലൊരാൾ കോൺഗ്രസ് എംഎൽഎ ലക്ഷ്മി നാരായണൻ ആണ്. മറ്റൊരാൾ ഡിഎംകെ എം എൽ എ കെ വെങ്കിടേശനും. പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് രണ്ട് ഭരണമുന്നണി എംഎൽഎമാർ രാജിവെക്കുന്നത്. ഇതോടെ പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിയെ പിന്തുണക്കുന്നവരുടെ എണ്ണം 12 ആയി ചുരുങ്ങി.

കഴിഞ്ഞ ആഴ്ച അഞ്ചു ഭരണമുന്നണി എംഎൽഎമാരാണ് രാജിവെച്ചത്. ഈ പട്ടികയിലേക്ക് ആണ് രണ്ടുപേർ കൂടി കൂടിയത്.

” മുതിർന്ന നേതാവ് ആയിട്ടും എന്നെ മന്ത്രി ആക്കിയില്ല. കോൺഗ്രസ് സർക്കാർ ന്യൂനപക്ഷമായതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ” രാജി വെച്ച കോൺഗ്രസ് എംഎൽഎ ലക്ഷ്മി നാരായണൻ പറഞ്ഞു. എൻ ആർ കോൺഗ്രസും ബിജെപിയും തന്നെ സമീപിച്ചതായി ലക്ഷ്മിനാരായണൻ അവകാശപ്പെട്ടു. അണികളുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തിങ്കളാഴ്ചയാണ് പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ ഭൂരിപക്ഷം തെളിയിക്കേണ്ടത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഭൂരിപക്ഷം ഇല്ലെങ്കിൽ പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക് പോകും. ഗോവ,മണിപ്പൂർ, കർണാടക, മധ്യപ്രദേശ്,അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ പുതുച്ചേരിയിലും കോൺഗ്രസിന് ഭരണം നഷ്ടമാവുകയാണ്.

നാലു സാധ്യതകളാണ് പുതുച്ചേരിയിൽ ഉള്ളത്. അതിലൊന്ന് സർക്കാർ ഭൂരിപക്ഷം തെളിയിക്കുക എന്നുള്ളതാണ്. എംഎൽഎമാരുടെ രാജി ഇനിയും സ്വീകരിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയ്ക്ക് വേണമെങ്കിൽ നിയമസഭ തിരിച്ചുവിടാൻ ശുപാർശ ചെയ്ത് തെരഞ്ഞെടുപ്പിലേക്ക് പോകാം. സർക്കാർ വീഴുകയാണെങ്കിൽ ലഫ്റ്റനന്റ് ഗവർണർക്ക് എൻ ആർ കോൺഗ്രസിനോട് സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെടാം. ഇനി മൂന്ന് മാസം മാത്രമാണ് പുതുച്ചേരി തെരഞ്ഞെടുപ്പിന് ബാക്കി. അതുമല്ലെങ്കിൽ ലഫ്റ്റനന്റ് ഗവർണർക്ക് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button