NEWS

കരമന കൂടത്തില്‍ ദുരൂഹമരണം; ജയമാധവന്റേത്‌ കൊലപാതകം,അന്വേഷണത്തില്‍ വീണ്ടും വഴിത്തിരിവ്

കരമന കൂടത്തില്‍ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തില്‍ വീണ്ടും വഴിത്തിരിവ്. ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.തലയ്‌ക്കേറ്റ പരുക്കാണ് ജയമാധവന്‍ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറന്‍സിക് പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം അടക്കം ശേഖരിച്ചിരുന്നു. സഹോദരന്‍ ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല.

നേരത്തേയും കാര്യസ്ഥന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടായിരുന്നു.
2017 ഏപ്രില്‍ മാസം രണ്ടാം തീയതിയാണ് ജയമാധവന്‍ മരിച്ചത്. ജയമാധവനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത് മുന്‍ കാര്യസ്ഥന്‍ സഹദേവന്‍ അയച്ച ഓട്ടോറിക്ഷയിലെന്നായിരുന്നു ആദ്യ മൊഴി. ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഈ മൊഴി. എന്നാല്‍ ഉമാമന്ദിരത്തില്‍ നിന്നും പുറത്തിറങ്ങി താന്‍ ഓട്ടോ പിടിച്ചെന്നായിരുന്നു രണ്ടാമത്തെ മൊഴി. സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ തരത്തില്‍ മൊഴി നല്‍കിയത്.അതേസമയം ജയമാധവന്റെ മരണ വിവരം പോലും തന്നെ അറിയിച്ചിരുന്നില്ലെന്ന് സഹദേവനും പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ജയമാധവനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ കൂടെ വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവന്‍ നായര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ലീലയും രവീന്ദ്രന്‍നായരും കരമന സ്റ്റേഷനിലെത്തിയെന്നും താന്‍ സ്‌റ്റേഷനില്‍ ഇറങ്ങി മൊഴി നല്‍കിയെന്നും. ലീല ഓട്ടോയില്‍ കൂടത്തില്‍ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രന്‍ നായരുടെ മൊഴി. എന്നാല്‍, കരമന സ്റ്റേഷനില്‍ പോയില്ലെന്നും, മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ളതിനാല്‍ തന്നോട് ഓട്ടോ വിളിച്ച് വീട്ടില്‍ പോകാന്‍ രവീന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടെന്നുമാണ് ലീലയുടെ മൊഴി. ഈ മൊഴിയാണ് അന്വേഷമ സംഘം വീണ്ടും വിശദമായി പരിശോധിച്ചു.

സംഭവ ദിവസം ജയമാധവന്‍ നായരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി എന്ന് പറഞ്ഞ ഓട്ടോ ഡ്രൈവര്‍ പിന്നീട് മൊഴി മാറ്റുകയും തനിക്ക് 5 ലക്ഷം ഓഫര്‍ ചെയ്തത് കൊണ്ടാണ് കളളം പറഞ്ഞതെന്ന് മാറ്റി മൊഴി നല്‍കുകയും ചെയ്തു. അതേസമയം, അടുത്ത വീട്ടിലെ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവന്‍ നായരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മൊഴിയും വഴിത്തിരിവായി.

അതേസമയം, മരിച്ച ജയമാധവന്‍ നായര്‍ സ്വത്ത് കൈമാറ്റത്തിന് അനുമതി നല്‍കിയെന്ന കാര്യസ്ഥന്റെ മൊഴി വ്യാജമെന്ന് തെളിഞ്ഞിരുന്നു.സ്വത്ത് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി കൂടിയായ രവീന്ദ്രന്‍ നായരുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് നേരത്തെ മരവിപ്പിച്ചിരുന്നു. ജില്ലാ സഹകരണബാങ്കില്‍ രവീന്ദ്രന്‍ നായര്‍ക്കും ഭാര്യക്കുമുണ്ടായിരുന്ന അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളിലുമായി 50 ലക്ഷം രൂപയാണുള്ളത്. ഇതില്‍ 20 ലക്ഷം രൂപ മരിച്ച ജയമാധവന്‍ നായരുടേതാണെന്നാണ് നിഗമനം. മാത്രമല്ല ജയമാധവന്റെ സ്വത്ത് വിറ്റ പണവും ഇതിലുണ്ടെന്ന് സംശയിക്കുന്നു.

അതേസമയം, കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കരമനയിലെ കൂടത്തില്‍ എന്നറിയപ്പെട്ട ഉമാമംഗലം തറവാട്ടിലെ അഞ്ചു പേരാണ് മരിച്ചത്. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. സ്വത്തുക്കള്‍ക്ക് അന്തര അവകാശികള്‍ ഇല്ല എന്ന കാര്യം ഒറ്റ നോട്ടത്തില്‍ തന്നെ പൊലീസിന് മനസിലായി. അതുകൊണ്ട് തന്നെ വില്‍പത്രത്തില്‍ പേരുള്ള രവീന്ദ്രന്‍ നായരെന്ന കോടതി ഗുമസ്തന്‍ നിരീക്ഷണത്തിലാകുകയായിരുന്നു.

വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനില്‍കുമാറിന്റെയും പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. മരിച്ച ഗോപിനാഥന്‍ നായര്‍ക്ക് 6 ഏക്കറും 17 സെന്റ് ഭൂമിയുമാണ് ഉള്ളത്. ഇത് തിരുവനന്തപുരം നഗരമധ്യത്തിലാണ് വരുന്നത്. ഇവരുടെ മരണത്തിന് ശേഷം ഇവരുടെ സ്വത്തുക്കള്‍ പലരുടെയും പേരുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് സാധ്യതയേറുന്നത്. കൂടാതെ അവസാനം മരിച്ചവരുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടുകളിലും നിരവധി ദൂരൂഹതകള്‍ നിറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button