NEWS

ആഴക്കടൽ മത്സ്യബന്ധനം :സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ചു ചെന്നിത്തല

1. ആഴക്കടല്‍ കടല്‍ക്കൊള്ള പ്രശ്നത്തില്‍ സര്‍ക്കാര്‍ പലതും മൂടി വയ്ക്കുകയാണ്. ഇ.എം.സി.സി എന്ന അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറി്ന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുപിടിക്കാനുള്ള സര്‍ക്കാരിന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നത്.

2. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഫിഷറീസ് വകുപ്പുമന്ത്രി മെഴ്സികുട്ടിയമ്മ, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ എന്നിവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയുണ്ടായി.

3. പരസ്പര വിരുദ്ധവും അവ്യക്തവുമായാണ് അവര്‍ പല കാര്യങ്ങളും പറഞ്ഞത്. ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്  വ്യക്തമായ മറുപടി പറയാതെ എനിക്കെതിരെ തിരിച്ച് ആരോപണം ഉന്നയിക്കാനാണ് അവര്‍ ശ്രമിച്ചത്.

4. പച്ചക്കള്ളം പറയാന്‍ പ്രതിപക്ഷനേതാവിന് യാതൊരു ഉളുപ്പുമില്ലെന്നാണ് മന്ത്രി മെഴ്സികുട്ടിയമ്മ പറഞ്ഞത്. ആരാണ് പച്ചക്കള്ളം പറയുന്നതെന്ന് ഇതിനകം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

5. ഞാന്‍ ഈ വിവരം ആദ്യം ഉന്നയിച്ചപ്പോള്‍ ഏത് ഇ.എം.സി.സി, എന്ത് ഇ.എം.സി.സി, ഞാനങ്ങനെ ഒന്നിനെക്കുറിച്ച് കേട്ടിട്ടേ ഇല്ലെന്നാണല്ലോ മന്ത്രി മെഴ്സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത്.

6. പിന്നീട് ന്യൂയോര്‍ക്കില്‍ വച്ച് ഇവരെ കണ്ടിട്ടുണ്ടാകാം എന്ന് മന്ത്രിക്ക്  സമ്മതിക്കണ്ടിവന്നു.

7. എന്നാല്‍ കേരളത്തില്‍വച്ച് ഇവരെ കണ്ടിട്ടേ ഇല്ലെന്നും അവരുമായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പിന്നീട്  മന്ത്രി മെഴ്സികുട്ടിയമ്മ പറഞ്ഞത്.

8. ഇ.എം.സി.സി. അനധികൃതരുമായി ഈ പദ്ധതിയെക്കുുറിച്ച് ചര്‍ച്ച ചെയ്യുന്ന ഫോട്ടോ ഞാന്‍ ഇന്നലെ പുറത്തു വിട്ടതോടെ മന്ത്രി വീണ്ടും മലക്കം മറിഞ്ഞു.

9. അവരെ കണ്ടു, ചര്‍ച്ച ചെയ്തു, എന്നാല്‍, ഈ പദ്ധതി നടപ്പില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞ് അവരെ തിരിച്ചയച്ചു എന്നാണ് മന്ത്രി അപ്പോള്‍ പറഞ്ഞത്.

10. അതും കള്ളമാണ്. ആ പദ്ധതി നടക്കുകയില്ലെന്ന് പറഞ്ഞ് മന്ത്രി അത് തള്ളിക്കളഞ്ഞെങ്കില്‍ എങ്ങനെ നാലേക്കര്‍ സ്ഥലം അവര്‍ക്ക് പള്ളിപ്പുറത്ത് പദ്ധതി നടപ്പാക്കാന്‍ കിട്ടി. സര്‍ക്കാരിന് കീഴിലെ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എങ്ങനെ ഇ.എം.സി.സിയുമായി പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ എം.ഒ.യു ഒപ്പിട്ടു?

11. മന്ത്രി മെഴ്സികുട്ടിയമ്മ നടക്കില്ലെന്ന് പറഞ്ഞ് ഓടിച്ചുവിട്ട ഇ.എം.സി.സിയെ  വ്യവസായ വകുപ്പും മുഖ്യമന്ത്രിയുടെ വകുപ്പും വിളിച്ചിരുത്തി പദ്ധതി നടപ്പാക്കിച്ചു തുടങ്ങി എന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടത്?

12. കള്ളത്തരം മറച്ചുവയ്ക്കാന്‍ എന്തെല്ലാം അഭ്യാസങ്ങളാണ് മെഴ്സികുട്ടിയമ്മ നടത്തുന്നത്.

13. മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞത് രസകരമായ കാര്യമാണ്. ഇ.എം.സി.സി.ക്കാരെ പറഞ്ഞുവിട്ടത് ഞാനാണ് എന്നാണ് അദ്ദേഹം പറയുന്നത്.

14. അപ്പോള്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതിന് വേണ്ടി, മുന്ന് വര്‍ഷം മുമ്പ് തന്നെ,  അതായത് 2018 ല്‍ ന്യൂയോര്‍ക്കില്‍ മന്ത്രി മെഴ്സികുട്ടിയമ്മയെ കാണാന്‍ ഞാന്‍ ഇ.എം.സി.സി. ക്കാരെ വിമാനടിക്കറ്റെടുത്ത് പറഞ്ഞ് വിട്ടു എന്നാണോ ഇ.പി. ജയരാജന്‍ പറയുന്നത്?

15. ഒരു വര്‍ഷം മുമ്പ് നടന്ന അസന്റില്‍ പദ്ധതി കൊടുപ്പിച്ചതും സര്‍ക്കാരിനെ കൊണ്ട് എം.ഒ.യു. ഒപ്പിടുവിച്ചതും ഞാനാണ് എന്നാണോ ജയരാജന്‍ പറയുന്നത്?

16. ഇ.പി.ജയരാജന്റെ കീഴിലുള്ള കെ.എസ്.ഐ.ഡി.സി.സിയെ കൊണ്ട് ഇ.എം.സി.സി.ക്ക് 4 ഏക്കര്‍ സ്ഥലം കൊടുവിച്ചതും ഞാനാണോ?

17. കള്ളം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ജയരാജന് സമനില തെറ്റിപ്പോയെന്നാണ് തോന്നുന്നത്.

18. ഇ.എം.സി.സിക്കാര്‍ വളരെ രഹസ്യമായി മന്ത്രി ഇ.പി.ജയരാജന് നല്‍കിയ അപേക്ഷ എങ്ങനെ പ്രതിപക്ഷനേതാവിന് കിട്ടി എന്നതിലാണ് മുഖ്യമന്ത്രി ദുരൂഹത കാണുന്നത്.

19. മുഖ്യമന്ത്രി അങ്ങനെ ദുരൂഹത കാണേണ്ട കാര്യമില്ല. ഉണര്‍ന്നിരിക്കുന്ന പ്രതിപക്ഷത്തിന് കിട്ടേണ്ട രേഖകളെല്ലാം കിട്ടും. ഭരണക്കാരുടെ അതിക്രമങ്ങളില്‍ നിന്ന് നാടിനെ രക്ഷിക്കുകയാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മം. ആ ധര്‍മ്മം നിറവേറ്റാന്‍ സന്നദ്ധത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന എല്ലാ രേഖകളും പറന്നുുവരും.

20. മന്ത്രി ഇ.പി. ജയരാജന്‍ സ്വന്തം ലറ്റര്‍ പാഡില്‍, സ്വന്തം കയ്യക്ഷരത്തില്‍  മരുമകന് ജോലി കൊടുക്കാന്‍  ഇറക്കിയ  ഉത്തരവ് എനിക്ക് കിട്ടിയില്ലേ? അങ്ങനെയല്ലേ അന്ന് ഇ.പി. ജയരാജന് രാജിവയ്ക്കേണ്ടിവന്നത്. മുഖ്യമന്ത്രി അത് മറുന്നുപോയോ?

21. അതിന് ശേഷം ബ്രൂവറി- ഡിസ്ററിലറി ഇടപാട്, മസാല ബോണ്ട്, ട്രാന്‍സ്ഗ്രിഡ്, സ്പ്രിംഗ്ളര്‍ തുടങ്ങി എത്രയെത്ര അഴിമതിയുടെ രേഖകള്‍ പ്രതിപക്ഷനേതാവിന് കിട്ടിയിട്ടുണ്ട്. അതിനാല്‍ മുഖ്യമന്ത്രി ദുരൂഹത ഒന്നും കാണേണ്ട.

22. മുഖ്യമന്ത്രി ഇന്നലെ സത്യം മറച്ചുവയ്ക്കാന്‍ കൗശലപൂര്‍വ്വം  ഒരു കാര്യം പറയുകയുണ്ടായി.  ഈ മാസം 11 ന് ഇ.എം.സി.സി.യുടെ പ്രതിനിധികള്‍ എന്ന് അവകാശപ്പെടുന്ന രണ്ടുപേര്‍ വ്യവസായ മന്ത്രിയുടെ ഓഫീസില്‍ ചെന്നെന്നും അസന്റില്‍ സമര്‍പ്പിച്ച ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച ഗവേഷണത്തിനുള്ള പദ്ധതിക്ക്  മന്ത്രിസഭയുടെ  അംഗീകാരം വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ടു എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

23. ആഴക്കടലിലെ മത്സ്യസമ്പത്തിനെക്കുറിച്ച് ഗവേഷണം നടത്താനല്ല അവര്‍ വന്നത്.  മത്സ്യബന്ധനം തന്നെയാണ് പദ്ധതി.  ഗവേഷണം എന്ന് വെറുതെ പേരിട്ടിരിക്കുന്നെന്നേയുള്ളൂ. മുഖ്യമന്ത്രി കൗശലപൂര്‍വ്വം അത് ഗവേഷണം മാത്രമാക്കി.

24. ഇ.പി. ജയരാജന് അവര്‍ നല്കിയ അപേക്ഷയാണ് പ്രതിപക്ഷനേതാവിന് കിട്ടിയതെന്നും അതിലെ വിവരങ്ങളാണ് കരാറെന്നമട്ടില്‍ പ്രചിരിക്കുന്നതെന്നും സര്‍ക്കാരിന്റെ ഒരു രേഖയും പുറത്തുപോയിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

25. ഏതായാലും മുഖ്യമന്ത്രിക്ക് ആ ഖേദം വേണ്ട. ഞാന്‍ രണ്ടു രേഖകള്‍ കൂടി ഇന്ന് പുറത്തുവിടുകയാണ്. ഒന്ന,് 2020 ല്‍ അസന്റില്‍ വച്ച് ഇ.എം.സി.സിയും സര്‍ക്കാരും തമ്മില്‍ ഒപ്പുവച്ച എം.ഒ.യു.

രണ്ടാമത്തേത്, ഇ.എം.സി.സി.യ്ക്ക് ചേര്‍ത്തല പള്ളിപ്പുറത്ത് 4 ഏക്കര്‍ സ്ഥലം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ്.

26. എന്താണ് പദ്ധതി എന്ന് രണ്ടു രേഖകളിലും വ്യക്തമായി പറയുന്നുണ്ട്. സ്വയം സംസാരിക്കുന്ന തെളിവുകളാണിവ.

27. മെഴ്സികുട്ടിയമ്മ പറയുന്നതുപോലെ ഏതോ അസന്റില്‍ ആരോ ഒപ്പുവച്ച എം.ഒ.യു ഒന്നും അല്ല. സര്‍ക്കാര്‍ തന്നെ ഒപ്പുവച്ച എം.ഒ.യു ആണ്. ഇത് അസന്റില്‍ വയ്ക്കുന്നതിന് മുമ്പ് ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി 2.8.2019 ല്‍ ഇ.എം.സി.സി ചര്‍ച്ച നടത്തുകയും വിശദമായ കോണ്‍സെപ്റ്റ് ലെറ്റര്‍ നല്കുകയും ചെയ്തിട്ടുണ്ട്.

28. ഇടതുസര്‍ക്കാരിന്റെ മത്സ്യനയത്തിന് വിരുദ്ധമാണ് ഇതെങ്കില്‍ കോണ്‍സെപ്റ്റ് ലെറ്റര്‍ കിട്ടിയപ്പോള്‍ തന്നെ അത് തള്ളിക്കളയാമായിരുന്നില്ലേ? എന്തിന് അസന്റില്‍ വച്ച് എം.ഒ.യു ഒപ്പിട്ടു?

29. യഥാര്‍ത്ഥത്തില്‍ ഈ പദ്ധതിയെപ്പറ്റി മുന്ന് വര്‍ഷങ്ങളായി നിരന്തരം ചര്‍ച്ച നടക്കുകയായിരുന്നെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മന്ത്രിമാര്‍ ഇപ്പോള്‍ അഭിനയിച്ചുകാണിക്കുന്നത് പോലെ ഇത് ഒരു ദിവസം ആകാശത്ത് നിന്ന് പൊട്ടിവീണതല്ല.

30. സംസ്ഥാനത്തിന്റെ മത്സ്യനയത്തില്‍ 2018 ല്‍ വരുത്തിയ മാറ്റമനുസരിച്ചാണ് ഈ പദ്ധതി കൊണ്ടുവന്നിട്ടുള്ളത്.  ആ നയത്തിലെ വകുപ്പ് 2.(9) ആണ് വിവാദമായിട്ടുള്ളത്. പുറം കടലില്‍ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കും എന്നാണ് ഈ പാരഗ്രാഫില്‍ പറയുന്നത്.

32. ഇത് വിദേശകപ്പലുകളെ ഉദ്ദേശിച്ചുള്ളവയല്ലെന്നും തദ്ദേശീയമായ മത്സ്യത്തൊഴിലാളികളെയും യാനങ്ങളെയും ഉദ്ദേശിച്ചതാണെന്നുമാണ് മന്ത്രി മെഴ്സികുട്ടിയമ്മ പറയുന്നത്.

33. അവിടെയാണ് ഈ പദ്ധതിയുടെ കള്ളക്കളി കിടക്കുന്നത്. ഇ.എം.സി.സിയുടെ പദ്ധതിയില്‍ പറയുന്നതും തദ്ദേശീയ മത്സ്യത്തൊഴിലാളികളെ കുറിച്ചാണ്.

ഇ.എം.സി.സി. തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചാണ് ആഴക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ പോകുന്നത്.

34. ഇ.എംസി.സി നല്‍കുന്ന ട്രോളറുകളില്‍ നമ്മുടെ മത്സ്യത്തൊഴിലാളികള്‍ പോയി മീന്‍പിടിക്കും. അത് ഇ.എം.സി.സിയുടെ കപ്പലുകള്‍ക്ക് നല്‍കും. അത് കേരളത്തില്‍ ഇ.എം.സി.സി.യുടെ സംസ്‌ക്കരണ ശാലകളില്‍ സംസ്‌ക്കരിക്കും. ഇ.എം.സി.സി. അത് കയറ്റുമതി ചെയ്യും.

35. മുതല്‍മുടക്കുന്നതും, കച്ചവടം നടത്തുന്നതും അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയാണ്.
മത്സ്യബന്ധനം നടത്തുന്നത് നമ്മുടെ മത്സ്യത്തൊഴിലാളികളും. ഇതാണ് പദ്ധതി.

36. മത്സ്യനയത്തില്‍ വരുത്തിയ മാറ്റവും ഇ.എം.സി.സിയുടെ പദ്ധതിയും ഒന്നുതന്നെയാണ്.

37. നമ്മുടെ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് വിദേശകമ്പനി ആസൂത്രണം ചെയ്തിട്ടുള്ള കൊള്ളയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ എം.ഒ.യു ഒപ്പിട്ടിരിക്കുന്നത്.

38. ഇത് നടപ്പാവുന്നതോടെ ഗുജറാത്ത് തീരം പോലെ കേരളത്തിലെ മത്സ്യത്തൊഴിലാളികളും വഴിയാധാരമാകും.

39. സര്‍ക്കാരിന് ദുരുദ്ദേശമില്ലെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതിനകം ഒപ്പുവച്ച രണ്ട് എം.ഒ.യു.കളും റദ്ദാക്കാന്‍ തയ്യാറാവാത്തത്?

40. അതുപോലെ പള്ളിപ്പുറത്ത് 4 ഏക്കര്‍ സ്ഥലം ഇ.എം.സി.സിക്ക് അനുവദിച്ചത്. എന്തുകൊണ്ട് റദ്ദാക്കുന്നില്ല?

41. ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ വച്ചുകെട്ടി രക്ഷപ്പെടാനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നത്.

42. 400 ട്രോളറുകളും കപ്പലുകളും നിര്‍മ്മിക്കുന്നതിന് എം.ഒ.യു. ഒപ്പുവച്ച കെ.എം.ഐ.എന്‍.സി.യുടെ എം.ഡി. എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാളാണെന്ന ഒളിയമ്പ് പല ഭാഗത്തുനിന്നും വരുന്നുണ്ട്. ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നത് ശരിയാണ്. അതുകഴിഞ്ഞ് അദ്ദേഹം കോഴിക്കോട്  കളക്ടറായി. അത് കഴിഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

43. അത് ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ കാര്യമാണ്. അതും ഇതും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട.

44. ഒരുകാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ഇ.എം.സി.സി. ഇന്റര്‍നാഷണലിന്റെ സി.ഇ.ഒ. ഡുവന്‍ ഇ ഗെരന്‍സര്‍ എന്നയാളെ മുഖ്യമന്ത്രി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ.?

45. മുഖ്യമന്ത്രി ഒന്ന് ഓര്‍ത്തു നോക്കൂ. മുന്‍പ് സ്വപ്നാ സുരേഷിനെ കണ്ടകാര്യം അദ്ദേഹം ആദ്യം ഓര്‍ത്തിരുന്നില്ല. പിന്നീടാണ് ഓര്‍മ്മ വന്നത്. അതുപോലെ ഇദ്ദേഹത്തെയും എവിടെയെങ്കിലും വച്ചു കണ്ടിട്ടുണ്ടോ എന്നും ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്നും ഓര്‍ത്തു നോക്കണം.

46. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്നായിരുന്നല്ലോ സി.പി.എമ്മിന്റെ പഴയ മുദ്രാവാക്യം. ഇപ്പോള്‍ അറബിക്കടലില്‍ അമേരിക്കക്കാരുടെ കപ്പലുകളെയാണ് സി.പി.എം നിറയ്ക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker