NEWS

നിവേദനത്തെ കരാറാക്കി ചിത്രീകരണം, ആഴക്കടൽ മത്സ്യബന്ധന വിവാദത്തിന് പിന്നിൽ ഗൂഢാലോചന – വീഡിയോ

സ്പ്രിംഗ്ലർ മുതൽ സ്വർണ്ണക്കടത്തു വരെ നിരവധി ആരോപണങ്ങളാണ് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്നത്. എന്നാൽ അതൊന്നു പോലും യാഥാർഥ്യത്തിന്റെ തരിമ്പ് ഇല്ലാത്തതിനാൽ പച്ച പിടിച്ചില്ല. ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഴക്കടൽ മത്സ്യബന്ധന വിവാദം കുത്തിപ്പൊക്കി കൊണ്ടു വന്നിരിക്കുന്നു. ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ? ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോ? ഇതാണ് NewsThen പരിശോധിക്കുന്നത്.

ഈ മാസം 11 ന് നൽകിയ ഒരു നിവേദനമാണ് കരാറായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഖ്യാനിക്കുന്നത്. സർക്കാരോ ഏതെങ്കിലും വകുപ്പോ ഇതുവരെ ഇത് ആലോചിക്കുക പോലും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. എങ്കിലും വലിയ രാഷ്ട്രീയ കോലാഹലത്തിന് ആണ് പ്രതിപക്ഷം തുടക്കമിട്ടിരിക്കുന്നത്.

ഇ എം സി സി ഇന്റർനാഷണൽ എന്ന കമ്പനിയുമായി സർക്കാർ ഇതുവരെ ഒരു കരാറിലോ ധാരണാപത്രത്തിലോ ഒപ്പിട്ടിട്ടില്ല എന്നതാണ് വാസ്തവം. ഈ കമ്പനിയിലെ രണ്ടുപേർ ഫിഷറീസ് മന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ടു എന്നത് മാത്രമാണ് വാസ്തവം. അവർ ഒരു നിവേദനവും നൽകി. എന്നാൽ ഈ നിവേദനവും കമ്പനി പ്രതിനിധികൾ മന്ത്രിമാരെ കണ്ടതിന്റെ ചിത്രവുമാണ് പ്രതിപക്ഷനേതാവ് പൊക്കി കാണിക്കുന്നത്.

എങ്ങനെയാണ് ഈ ഇഎംസിസി ഇന്റർനാഷണൽ എന്ന കമ്പനിയുടെ പ്രതിനിധികൾ മന്ത്രിമാരെ കണ്ട് നിവേദനം നൽകിയത് പ്രതിപക്ഷനേതാവ് അറിഞ്ഞത്? ആരാണ് ഈ കമ്പനിയുടെ പ്രതിനിധികൾ മന്ത്രിമാരുമായി നടത്തിയ ചർച്ചയുടെ ചിത്രങ്ങൾ പ്രതിപക്ഷ നേതാവിന് കൊടുത്തത് ?

ഈ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ആണ്. ധാരണാപത്രം ഒപ്പിടാൻ ഈ ഉദ്യോഗസ്ഥന് സർക്കാർ അനുവാദം നൽകിയതിന്റെ ഒരു രേഖയും പ്രതിപക്ഷം ഇതുവരെയും പുറത്തു കൊണ്ടുവന്നിട്ടില്ല. സർക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും അറിയാതെ ആയിരുന്നു ഈ നടപടി എന്ന് ചുരുക്കം.

ഇനി ഈ ധാരണ പത്രത്തിന്റെ വിശദവിവരങ്ങളിലേക്ക് കടക്കാം. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ഇതുവരെ നിർമ്മിച്ചിട്ടുള്ളത് രണ്ട് ട്രോളറുകൾ മാത്രം. രണ്ട് ട്രോളറുകൾ മാത്രം നിർമ്മിച്ചിട്ടുള്ള കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എങ്ങനെയാണ് 400 ആഴക്കടൽ ട്രോളറും അഞ്ചു കപ്പലും നിർമ്മിക്കാൻ ധാരണാപത്രം ഒപ്പിട്ടത്? യഥാർത്ഥത്തിൽ കൊച്ചിൻ ഷിപ്പ്യാർഡിന് പോലും ഇതിലുള്ള ശേഷിയുണ്ടോ എന്നത് സംശയമാണ്. ഷിപ്പ്യാർഡിന് തന്നെ ഒരു ട്രോളർ നിർമ്മിക്കാൻ 8 മുതൽ 11 മാസം വരെ സമയം വേണം. ഈ സാഹചര്യത്തിലാണ് 400 ട്രോളറുകൾ നിർമ്മിക്കാൻ കെ എസ് ഐ എൻ സി തയ്യാറെടുത്തത് എന്തിന് എന്നുള്ളത് സംശയാസ്പദമാണ്.

ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽ വച്ച് ചർച്ച നടത്തിയത് എന്നുപറഞ്ഞ് ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അത് സെക്രട്ടറിയേറ്റിലെ ഓഫീസിൽ മന്ത്രിക്ക് നിവേദനം കൈമാറുന്ന ചിത്രമാണ് എന്ന് പിന്നീട് വ്യക്തമായി.

400 ട്രോളറുകൾ സംസ്ഥാനത്ത് നിർമ്മിക്കുന്നതിന് സാങ്കേതിക സഹായം നൽകാനാണ് കെ എസ് ഐ എൻ സി എം ഡി പ്രശാന്ത്‌ നായരും ഇ എം സി സി പ്രസിഡണ്ട് ഷിജു വർഗീസും ധാരണാപത്രം ഒപ്പിട്ടത്. ഈ ട്രോളറുകൾ എവിടെ മത്സ്യബന്ധനം നടത്തുമെന്നോ ഭാവിയിൽ കടലിൽ ഇറക്കാൻ സർക്കാർ അനുമതിയ്ക്ക് അപേക്ഷിച്ചു എന്നോ ധാരണാപത്രത്തിൽ ഇല്ല. ഉദ്യോഗസ്ഥതലത്തിൽ ഒപ്പിട്ട ഒരു ധാരണാപത്രത്തിന് മുകളിലാണ് പ്രതിപക്ഷം സർക്കാരിനെ പഴിക്കുന്നത്. ട്രോളർ നിർമാണത്തിന്റെ വിശദമായ രൂപരേഖയോ അഡ്വാൻസ് തുകയോ ഇല്ലാത്തതിനാൽ പ്രാരംഭ ജോലികൾ പോലും ആരംഭിച്ചിട്ടില്ല. മാത്രമല്ല മത്സ്യബന്ധന മേഖലയുമായി കെ എസ് ഐ എൻ സിക്ക് യാതൊരു ബന്ധവും ഇല്ല താനും.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് വ്യക്തമായ ഉദ്ദേശം ഉണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ അകമഴിഞ്ഞ പിന്തുണയാണ് തീരമേഖലയിൽ നിന്നടക്കം എൽഡിഎഫിനു ലഭിച്ചത്. നേരത്തെ എൽഡിഎഫിനൊപ്പം ഇല്ലാതിരുന്ന ജനവിഭാഗങ്ങളും എൽഡിഎഫിനെ പിന്തുണച്ചു.

സാമൂഹ്യാവസ്ഥയിൽ പിന്നിലുള്ള മത്സ്യത്തൊഴിലാളികൾക്ക് നിരവധി ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. ഇത് എൽഡിഎഫ് സർക്കാരിന്റെ വർഗ്ഗപരമായ നിലപാട് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയും ചെയ്തു. ഈ നിലപാടിനോട് തീരമേഖല ചേർന്നുനിന്നു. ഈ പിന്തുണ ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ ആരോപണമെന്ന് വ്യക്തം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button