NEWS

അവശിഷ്ടങ്ങളിൽ നിന്ന് ഇഷ്ടിക നിര്‍മ്മിക്കാൻ ഓട്ടോകാസ്റ്റ് ലിമിറ്റഡ്

അവശിഷ്ടങ്ങളിൽ നിന്ന് ഇഷ്ടിക നിര്‍മ്മിച്ച് പരിസ്ഥിതി സൗഹൃദ വ്യവസായത്തിലേക്ക് ചുവടുറപ്പിക്കുകയാണ് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഓട്ടോകാസ്റ്റ് ലിമിറ്റഡ്. അവശിഷ്ടമായ മണല്‍ ഉപയോഗിച്ച് ഇഷ്ടികകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം സി എസ്‌ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഎസ്ടി)യുമായി ധാരണാപത്രം കൈമാറി.

അവശിഷ്ട മണലിന്റെ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയാണ് ഇഷ്ടിക നിര്‍മ്മാണം. മൂന്ന് നിറത്തിലുള്ള ഇഷ്ടികകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എന്‍ഐഎസ്ടി വികസിപ്പിച്ചെടുത്തിരുന്നു.
ഓട്ടോകാസ്റ്റില്‍ നിലവില്‍ 21,600 ടണ്‍ മണലാണ് സംഭരിച്ചിട്ടുള്ളത്. ഇതുപയോഗിച്ച് മൂന്ന് കിലോ ഭാരമുള്ള 72 ലക്ഷം ഇഷ്ടികകള്‍ നിര്‍മ്മിക്കാനാകും. മാസംതോറും 600 ടണ്‍ വേസ്റ്റ് മണല്‍ ഇവിടെ ഉണ്ടാകുന്നുണ്ട്. ഇവയില്‍ നിന്ന് പ്രതിദിനം പരമാവധി 7500 ഇഷ്ടികകള്‍ നിര്‍മ്മിക്കാനാകും. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഇഷ്ടികകള്‍, ലൈഫ് മിഷന്‍ വീടു നിര്‍മ്മാണമടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ ഉപയോഗപ്പെടുത്താനാകും.

ഇഷ്ടിക നിര്‍മ്മാണത്തിനായി 18 ലക്ഷം രൂപ മുതല്‍മുടക്കില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചന. മൂന്ന് മാസംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാകും. ആദ്യ ഘട്ടത്തില്‍ 4000 ഇഷ്ടികകള്‍ ദിവസേന നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ആറ് മാസം കൊണ്ട് മുതല്‍മുടക്ക് തിരികെലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button