
പള്ളിവാസൽ പവർഹൗസിന് സമീപം പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ മരണകാരണം ഹൃദയം തുളച്ചുകയറിയ ഒറ്റ കുത്തെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ഫോറൻസിക് സർജൻ ഡോക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. രേഷ്മയുടെ മൃതദേഹത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മൃതദേഹം കിടന്ന ഭാഗത്തിന്റെ തൊട്ടടുത്ത പുഴയോരത്ത് നിന്ന് രേഷ്മയുടെ ബാഗ് കണ്ടെത്തി. സംഭവസ്ഥലത്തു നിന്ന് കിട്ടിയ മൊബൈൽ ഫോണിന്റെ ഭാഗങ്ങളും ചെരിപ്പും രേഷ്മയെ കുത്തിയ അരുണിന്റെതാണെന്നാണ് പോലീസ് സംശയിക്കുന്നത്. പുഴയുടെ സമീപത്തെ മണൽതിട്ടകളിൽ കാൽപാദങ്ങളുടെ പാടുകളുണ്ട്.
രാജകുമാരിയിലെ ഫർണിച്ചർ കടയിൽ മര ഉരുപ്പടികൾ നിർമ്മിക്കുന്ന ജോലിയാണ് അരുണിന് ഉള്ളത്. ഒരു സുഹൃത്തിനൊപ്പം ആണ് അരുൺ താമസിക്കുന്നത്.
17 കാരിയായ രേഷ്മയെ വെള്ളിയാഴ്ച രാത്രി 9 30 ന് ആണ് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. രേഷ്മയുടെ വല്യച്ഛൻറെ രണ്ടാം ഭാര്യയിലുള്ള മകൻ നേര്യമംഗലം നീണ്ടപാറ വണ്ടിപ്പാറയിലെ അരുണിനെയാണ് പോലീസ് തിരയുന്നത്. അരുണും രേഷ്മയും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. ഇത് സംബന്ധിച്ച് തർക്കമുണ്ടാവുകയും തർക്കം കൊലപാതകത്തിനു കാരണമാകുകയും ചെയ്തു എന്നാണ് പോലീസിന്റെ നിഗമനം.
രേഷ്മയും അരുണും വൈകിട്ട് നാലരയോടെ പവർഹൗസിന് സമീപം ഉള്ള റോഡിലൂടെ നടന്നു വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ റോഡിന് സമീപത്തുള്ള കാടുപിടിച്ച് കിടന്ന പ്രദേശത്താണ് രേഷ്മയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് കുത്ത് എന്നാണ് കരുതുന്നത്.