NEWS
ഇ ശ്രീധരൻ മഹാനായ വ്യക്തി- മുഖ്യമന്ത്രി

ഇ ശ്രീധരൻ മഹാനായ വ്യക്തി ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു സ്ഥാനവും വഹിക്കാൻ അദ്ദേഹം യോഗ്യനാണ്. മുഖ്യമന്ത്രിയെയും സർക്കാരിനെയും കുറിച്ചുള്ള ഇ ശ്രീധരന്റെ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു പിണറായി. ഇ ശ്രീധരന്റെ മോഹത്തിന് അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ദുരന്തം ആകുമെന്ന് കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്ന ഇ ശ്രീധരൻ പറഞ്ഞിരുന്നു. ഏകാധിപത്യമാണ് പിണറായി വിജയന്റെ ഭരണത്തിൽ ഉണ്ടാകുന്നത്. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണറായി ഉൾക്കൊള്ളുന്നതെന്നും ശ്രീധരൻ വിമർശിച്ചിരുന്നു.
മുഖ്യമന്ത്രി പദത്തെ ക്കുറിച്ചുള്ള തന്റെ മോഹങ്ങളെക്കുറിച്ച് ശ്രീധരൻ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. ഗവർണർ ആകാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.