NEWSTOP 10

ഇ എം സി സി വിവാദം ഉന്നതതല ഗൂഢാലോചന: ഇ പി ജയരാജന്‍

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയ്ക്ക് നമ്മുടെ കടല്‍ തീറെഴുതി കൊടുക്കുന്നുവെന്ന തരത്തില്‍ ഗവണ്‍മെന്റിന് എതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനകീയത തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ കക്ഷികളും ചില കുത്തകകളും ചേര്‍ന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. കൃത്യമായി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഈ അപവാദപ്രചാരണം. സ്വര്‍ണ്ണക്കടത്ത് കേസും നിയനവിവാദങ്ങളും പാളിയപ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കൂട്ടരും പുതിയ കള്ളക്കഥകളുമായി ഇറങ്ങിയിരിക്കുകയാണ്. ഈ ഗവണ്‍മെന്റിന്റെ എല്ലാ നടപടികളും സുതാര്യമാണ്. മുഴുവന്‍ ജനവിഭാഗങ്ങളുടെയും ക്ഷേമവും നാടിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടാണ് എല്‍ ഡി എഫ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുമുള്ള നീക്കങ്ങള്‍ പ്രതിപക്ഷത്തിന്റെ നില കുടുതല്‍ വഷളാക്കാനേ വഴിവെക്കൂ.

സമുദ്രോല്‍പ്പന്ന സംഭരണവും സംസ്‌കരണവും കയറ്റുമതിയും ഒരു കുടക്കീഴിലാക്കാന്‍ ലക്ഷ്യമിട്ട് വ്യവസായവകുപ്പ് കെ എസ് ഐ ഡി സിയുടെ മേല്‍നോട്ടത്തില്‍ ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറത്ത് ആരംഭിച്ചതാണ് മെഗാ മറൈന്‍ ഫുഡ്പാര്‍ക്ക്. രാജ്യത്ത് ആദ്യമായാണ് ഈ സംവിധാനങ്ങളെല്ലാം ഒരു കേന്ദ്രത്തില്‍ ഒരുങ്ങിയത്. 130 കോടി രൂപ ചെലവില്‍ 68 ഏക്കറിലുള്ള പാര്‍ക്കിന്റെ 98 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി.
ഫുഡ്പാര്‍ക്കില്‍ ഇ എം സി സി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2020 ഒക്‌ടോബര്‍ 30 ന് സ്ഥലം അനുവദിക്കാന്‍ അപേക്ഷ നല്‍കി. 2021 ഫെബ്രുവരി മൂന്നിന് 4 ഏക്കര്‍ അനുവദിക്കാമെന്ന് അറിയിക്കുന്ന കത്ത് കെ എസ് ഐ ഡി സി കമ്പനിക്ക് നല്‍കി. ഏക്കറിന് 1.37 കോടിയാണ് 30 വര്‍ഷത്തേക്കുള്ള പാട്ടത്തുക. പാട്ടത്തുകയുടെ 20 ശതമാനം ആദ്യം അടയ്ക്കണം. എന്നാല്‍, കമ്പനി ഇതുവരെ സ്ഥലത്തിന് പണം അടയ്ക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നിലവില്‍, ഫുഡ് പാര്‍ക്കില്‍ 30 പേര്‍ക്ക് ഭൂമി അനുവദിച്ച് കഴിഞ്ഞു. ഇതില്‍ 7 സംരംഭങ്ങള്‍ (2 സംസ്‌കരണ യൂണിറ്റ്, 3 കോള്‍ഡ് സ്‌റ്റോറേജ്, 1 പാക്കേജിങ്ങ് യൂണിറ്റ്) തുടങ്ങി. 6 സംരംഭങ്ങള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്.

അസന്‍ഡ് 2020 എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കേരള ഗവണ്‍മെന്റ് കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തില്‍ വിവിധ വകുപ്പുകള്‍ അവരുടെ നിക്ഷേപ പദ്ധതികള്‍ മുന്നോട്ടുവെച്ചിരുന്നു. അസന്‍ഡില്‍ പങ്കെടുത്ത വിവിധ കമ്പനികള്‍ കേരള ഗവണ്‍മെന്റുമായി 117 താല്‍പ്പര്യപത്രങ്ങളും 34 ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഇതില്‍ 7 പദ്ധതികള്‍ നടപ്പായി. 2020 ജനുവരി 10 ന് ഇതില്‍ രണ്ട് പദ്ധതികളില്‍ ഇ എം സി സി ധാരണാപത്രം ഒപ്പുവെച്ചു. ധാരണാപത്രം അനുസരിച്ച് ഒരു നടപടിയും ഇ എം സി സി ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ല.
2021 ഫെബ്രുവരി 11 ന് ഇ എം സി സി പ്രതിനിധികള്‍ എന്ന പേരില്‍ രണ്ടുപേര്‍ ഓഫീസില്‍ എത്തി. ഫിഷറീസ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് എന്ന വിഷയത്തില്‍ കേരള സര്‍ക്കാരുമായി സഹകരിക്കാന്‍ അസന്‍ഡില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് ഗവണ്‍മെന്റ് അംഗീകാരത്തിന് നടപടി സ്വീകരിക്കണമെന്ന നിവേദനം നല്‍കി. നിവേദനം അന്നു തന്നെ നിവേദനം പരിശോധനയ്ക്കായി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറി. ഈ നിവേദനത്തിലെ ഉള്ളടക്കമാണ് അഗ്രിമെന്റ് എന്ന പേരില്‍ മാധ്യമങ്ങള്‍ കാണിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button